ഹൃദയത്തിന് ശേഷം വിനീത് ശ്രീനിവാസന്‍ സംവിധാനം ചെയ്യുന്ന സിനിമയാണ് വര്‍ഷങ്ങള്‍ക്ക് ശേഷം. പ്രണവ് മോഹന്‍ലാലും ധ്യാന്‍ ശ്രീനിവാസനുമാണ് ചിത്രത്തിലെ നായകന്മാര്‍. തിര എന്ന സിനിമക്ക് ശേഷം വിനീത് സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ ധ്യാന്‍ അഭിനയിക്കുന്ന സിനിമയെന്ന പ്രത്യേകതയും ഈ ചിത്രത്തിനുണ്ട്. കല്യാണി പ്രിയദര്‍ശന്‍, ബേസില്‍ ജോസഫ്, നീരജ് മാധവ് തുടങ്ങി വന്‍ താരനിരയാണ് സിനിമയില്‍ ഉള്ളത്. അതിഥി വേഷത്തില്‍ നിവിന്‍ പോളി എത്തുന്നു എന്ന പ്രത്യേകതയും ചിത്രത്തിനുണ്ട്.
സിനിമയുടെ പ്രൊമോഷനുമായി ബന്ധപ്പെട്ട് ജിഞ്ചര്‍ മീഡിയക്ക് നല്‍കിയ അഭിമുഖത്തില്‍ ഷൂട്ടിന്റെ സമയത്ത് ബേസിലുമായി നടന്ന രസകരമായ ഓര്‍മകള്‍ ധ്യാന്‍ പങ്കുവെച്ചു. ബേസിലിന്റെ ആദ്യ ബോളിവുഡ് സിനിമയുടെ കാര്യം പറഞ്ഞ് സെറ്റില്‍ ഷൈന്‍ ചെയ്യാറുണ്ടായിരുന്നെന്നും അതിന് മറുപടിയായി താന്‍ അവനെ കളിയാക്കാറുണ്ടായിരുന്നെന്നും ധ്യാന്‍ പറഞ്ഞു.
‘സെറ്റില്‍ ബേസില്‍ കൂടി എത്തിയപ്പോള്‍ കുറേക്കൂടി ജോളിയായി. ബ്രേക്കിന്റെ സമയത്തൊക്കെ ഞങ്ങള്‍ പരസ്പരം കളിയാക്കും. ആ സമയത്ത് ഞങ്ങളുടെ മുന്നില്‍ ഷൈന്‍ ചെയ്യാന്‍ വേണ്ടി ബേസില്‍ അവന്റെ പുതിയ ഹിന്ദി സിനിമയുടെ കാര്യമൊക്കെ പറയുമായിരുന്നു. നമ്മളെക്കാളും വലിയ ആളാണ് അവനെന്ന് കാണിക്കാന്‍ വേണ്ടിയായിരുന്നു അതൊക്കെ. ആദ്യമൊന്നും ഞാന്‍ വലിയ കാര്യമാക്കിയില്ല. കാരണം, ഇതൊന്നും എന്നെ ബാധിക്കുന്നതല്ല എന്ന ചിന്തയായിരുന്നു.
ഇവന്റെ ഈ ഷൈന്‍ ചെയ്യല്‍ കൂടിയപ്പോള്‍ ഒരൊറ്റ കാര്യം ഞാന്‍ അങ്ങോട്ട് ചോദിച്ചു. നീ ഏത് ഭാഷയിലാണ് ഈ സിനിമയുടെ കഥ ഇതിലെ നടന് പറഞ്ഞുകൊടുത്തതെന്ന്? കാരണം അവന് ഹിന്ദിയും ഇംഗ്ലീഷും അറിയത്തില്ല. കുറച്ച് നേരം ഉത്തരം മുട്ടി നിന്നതിന് ശേഷം ആ നടന്‍ അവന് അയച്ച മെസേജ് കാണിച്ച് തന്നു. അത് കണ്ടപ്പോള്‍ എല്ലാവരും അവന്റെ സൈഡായി.
ഞാന്‍ മൊത്തത്തില്‍ ഒറ്റപ്പെട്ടപ്പോള്‍ അവനെ പ്രാകി. നീ എടുക്കാന്‍ പോകുന്ന ഹിന്ദി പടം പൊട്ടിപ്പാളീസാകുമെന്ന് പറഞ്ഞു. ‘ആഴ്ച തോറും പൊട്ടുന്ന പടം മാത്രമിറക്കുന്ന നീയിത് പറയരുത്’ എന്ന് പറഞ്ഞ് അവന്‍ എന്റെ വായടപ്പിച്ചു,’ ധ്യാന്‍ പറഞ്ഞു.
Content Highlight: Dhyan Sreenivasan share the funny incidents in Varshangalkku Sesham movie location