നമ്മള്‍ ഡേ ടു ഡേ ലൈഫില്‍ പറയുന്ന കാര്യങ്ങളല്ലേ ഇതൊക്കെ, അത് സിനിമയില്‍ വന്നതുകൊണ്ട് എന്താ കുഴപ്പം? പൊളിറ്റിക്കല്‍ കറക്ട്‌നെസ്സിനെക്കുറിച്ച് ധ്യാന്‍ ശ്രീനിവാസന്‍
നടന്‍, തിരക്കഥാകൃത്ത്, സംവിധായകന്‍ എന്നീ നിലകളില്‍ മലയാളികള്‍ക്ക് സുപരിചിതനായ വ്യക്തിയാണ് ധ്യാന്‍ ശ്രീനിവാസന്‍. 2013ല്‍ റിലീസായ തിര എന്ന സിനിമയിലൂടെ അഭിനയരംഗത്തേക്കെത്തിയ ധ്യാന്‍ 2017ല്‍ ഗൂഢാലോചന എന്ന സിനിമയിലൂടെ തിരക്കഥാ മേഖലയിലും 2019ല്‍ ലവ് ആക്ഷന്‍ ഡ്രാമ എന്ന സിനിമയിലൂടെ സംവിധാനരംഗത്തും സാന്നിധ്യമറിയിച്ചു. എം.എ നിഷാദ് സംവിധാനം ചെയ്യുന്ന അയ്യര്‍ ഇന്‍ അറേബ്യയാണ് ധ്യാനിന്റെ പുതിയ ചിത്രം.
ചിത്രത്തിന്റെ പ്രൊമോഷനുമായി ബന്ധപ്പെട്ട് കൗമുദി മൂവീസിന് നല്‍കിയ അഭിമുഖത്തില്‍ പൊളിറ്റിക്കല്‍ കറക്ട്‌നെസ്സിനെക്കുറിച്ചുള്ള തന്റെ കാഴ്ചപ്പാട് താരം വ്യക്തമാക്കി. ഒരു തിരക്കഥാകൃത്തെന്ന നിലയില്‍ കോമഡി എഴുതുമ്പോള്‍ ലിമിറ്റേഷന്‍സ് അനുഭവപ്പെടാറുണ്ടോ, ഇങ്ങനെ എഴുതിയാല്‍ ഏതെങ്കിലും ആളുകള്‍ക്ക് പ്രശ്‌നമാകുമോ എന്ന് ചിന്തിക്കാറുണ്ടോ എന്ന ചോദ്യത്തിന് ധ്യാനിന്റെ മറുപടി ഇങ്ങനെയായിരുന്നു.
‘ലിമിറ്റേഷന്‍സ് എക്‌സിസ്റ്റ് ചെയ്യുന്ന കാലമാണ് ഇത്. ഭയങ്കര സെന്‍സിറ്റീവാണ് ആളുകള്‍. ഉദാഹരണത്തിന് പണ്ട് ഉണ്ടായിരുന്ന ബോഡി ഷെയ്മിങിനെതിരെയൊക്കെ ആളുകള്‍ ഇപ്പോ ഭയങ്കര സെന്‍സിറ്റീവാണ്. ഇനിയിപ്പോള്‍ അങ്ങനെയൊരു സംഭവം ഇല്ലെങ്കില്‍ പോലും ആരെങ്കിലും അങ്ങനെ ചിന്തിപ്പിക്കും. അങ്ങനെയാണ് ഇതൊക്കെ ഇന്‍ജെക്ട് ചെയ്തുകൊണ്ടിരിക്കുന്നത്. നമ്മള്‍ അങ്ങനെ ചിന്തിച്ചിട്ടുപോലും ഉണ്ടാവില്ല. പക്ഷേ അതിനെ പെരുപ്പിച്ച് പെരുപ്പിച്ച് വലുതാക്കും. ആ ലെവലില്‍ സിനിമ സെന്‍സര്‍ ചെയ്യപ്പെടുന്നു. അപ്പോള്‍ ക്രിയേറ്ററിന്റെ ഫ്രീഡത്തെ ലിമിറ്റ് ചെയ്യുകയാണ്.എഴുതുമ്പോള്‍ പോലും അതിനെപ്പറ്റിയൊക്കെ ചിന്തിക്കുന്നുണ്ട്. നമ്മള്‍ ഡേ ടു ഡേ ലൈഫില്‍ പറയുന്ന കാര്യങ്ങളല്ലേ ഇതൊക്കെ, അത് സിനിമയില്‍ വന്നതുകൊണ്ട് എന്താ കുഴപ്പം.’ ധ്യാന്‍ പറഞ്ഞു.
വെല്‍ത് ഐ പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ വിഘ്‌നേഷ് വിജയകുമാറാണ് അയ്യര്‍ ഇന്‍ അറേബ്യ നിര്‍മിക്കുന്നത്. മുകേഷ്, ഉര്‍വശി, ഷൈന്‍ ടോം ചാക്കോ, ദുര്‍ഗാ കൃഷ്ണ, ഡയാന ഹമീദ്, കൈലാഷ്, മണിയന്‍പിള്ള രാജു, സുധീര്‍ കരമന, ജാഫര്‍ ഇടുക്കി എന്നിവരാണ് സിനിമയിലെ മറ്റ് താരങ്ങള്‍. ചിത്രം ഫെബ്രുവരി രണ്ടിന് തിയേറ്ററുകളിലെത്തും.
Content Highlight: Dhyan Sreenivasan share his view about Political correctness in movies