അഭിമുഖങ്ങളിലൂടെ നിരവധി ആരാധകരെ സ്വന്തമാക്കിയിട്ടുള്ള താരമാണ് ധ്യാന്‍ ശ്രീനിവാസന്‍. ഓരോ അഭിമുഖങ്ങളിലും തന്റെ ജീവിത്തതില്‍ നടന്നിട്ടുള്ള കഥകളെ രസകരമായി അവതരിപ്പിക്കുന്ന ശൈലിയാണ് അദ്ദേഹത്തിന്റെ പ്രത്യേകത. ഇപ്പോഴിതാ സിനിമയില്‍ എത്തി ആദ്യ നാളുകളില്‍ സംഭവിച്ച രസകരമായ ഒരു സംഭവത്തെ കുറിച്ച് പറയുകയാണ് ധ്യാന്‍.
സുഹൃത്തുക്കള്‍ക്കൊപ്പം മദ്യപിക്കാനായി കൊച്ചിയിലെ ഒരു ഹോട്ടലില്‍ റൂമെടുത്തെന്നും തുടര്‍ന്ന് നിരവധി ആളുകള്‍ക്ക് സല്‍ക്കാരം നല്‍കിയെന്നും താരം പറഞ്ഞു. എന്നാല്‍ റൂം ചെക്കൗട്ട് ചെയ്യുന്ന സമയത്ത് കൊടുക്കാന്‍ കയ്യില്‍ പൈസയില്ലായിരുന്നുവെന്നും അതുകൊണ്ട് റൂം എക്സ്റ്റന്റ് ചെയ്യേണ്ടി വന്നെന്നും ധ്യാന്‍ പറഞ്ഞു. ജിഞ്ചര്‍ മീഡിയക്ക് നല്‍കിയ അഭിമുഖത്തിലാണ് താരം ഇക്കാര്യങ്ങള്‍ പറഞ്ഞത്.
‘പണ്ട് ഞാനും സിനിമയിലുള്ള രണ്ട് ദരിദ്രവാസി കൂട്ടുകാരും കൂടി ഒരിടത്ത് പോയി. അവര്‍ രണ്ടുപേരും സിനിമയിലുള്ളവരാണ് പക്ഷെ ഞാന്‍ പേര് പറയുന്നില്ല. ഞാന്‍ മദ്യപിച്ച് കൊണ്ടിരുന്ന സമയമായിരുന്നു അത്. ഞങ്ങള്‍ രണ്ടെണ്ണമൊക്കെ അടിച്ചിട്ട് ഒരുദിവസത്തേക്ക് റൂമെടുത്തു. ഞങ്ങള്‍ വെള്ളമടിക്കുന്നതിനിടയില്‍ ആരൊക്കെയോ അവിടെ വന്നിരുന്നു.
എറണാകുളത്തെ വലിയൊരു ഹോട്ടലില്‍ റൂമെടുത്താണ് അന്ന് മദ്യപിച്ചത്. സ്വന്തമായി വീടുണ്ട്, ഫ്‌ളാറ്റുണ്ട് നാട്ടില്‍ വേറെ ബാറുണ്ട് എന്തിനാണ് അവിടെ റൂമെടുത്തതെന്ന് ഒരു പിടിയുമില്ല. കയ്യില്‍ കാശുണ്ടല്ലോ, ഇത് എപ്പോഴും ഇങ്ങനെ വന്നുകൊണ്ടിരിക്കുമെന്നാണ് നമ്മള്‍ പ്രതീക്ഷിക്കുന്നത്. അവസാനം ബില്ല് വന്നപ്പോള്‍ ഏകദേശം പത്ത് മുപ്പത്തെട്ടായിരം രൂപയോളമായി.
ശരിക്കുമത് കുറവാണ്. ആദ്യത്തെ ദിവസമാണ് ഇത്രയും ബില്ല് വന്നത്. ഞാനാണെങ്കില്‍ സിനിമയൊക്കെ തുടങ്ങിയ സമയമായിരുന്നു അത്. ആകപ്പാടെ എന്റെ കയ്യിലുണ്ടായിരുന്നത് 10000 രൂപയാണ്, ബാക്കി 28000 രൂപ കൊടുക്കാന്‍ കയ്യിലില്ലാതെ ചെക്കൗട്ട് ചെയ്യാന്‍ പറ്റാതെ ഞങ്ങള്‍ അവിടെ നില്‍ക്കുകയാണ്.
അപ്പോള്‍ കൂടെയുള്ളവന്മാരോട് ഞാന്‍ ചോദിച്ചു കൊടുക്കാന്‍ കയ്യില്‍ പൈസയുണ്ടോ എന്ന്. അവന്മാരുടെ കയ്യിലും പൈസയില്ലെന്ന് പറഞ്ഞു. ഉടനെ തന്നെ ഞാന്‍ അവിടുത്തെ റിസപ്ഷനില്‍ വിളിച്ച് പറഞ്ഞു, റൂം എക്‌സ്റ്റെന്റ് ചെയ്‌തേക്കാന്‍. അങ്ങനെയാകുമ്പോള്‍ പൈസ കൊടുക്കണ്ടല്ലോ. ചെക്കൗട്ട് ചെയ്യാന്‍ പൈസയില്ലാത്തത് കൊണ്ടാണ് പോകാത്തതെന്ന് അവര്‍ക്ക് അറിയില്ലല്ലോ,’ ധ്യാന്‍ ശ്രീനിവാസന്‍.
content highlight: dhyan sreenivasan share experience with his friends