ഹൃദയം എന്ന ചിത്രത്തിന് ശേഷം വിനീത് ശ്രീനിവാസന്‍ സംവിധാനം ചെയ്യുന്ന ചിത്രമാണ് വര്‍ഷങ്ങള്‍ക്കുശേഷം. പ്രണവ് മോഹന്‍ലാല്‍-കല്യാണി പ്രിയദര്‍ശന്‍ കോമ്പോ വീണ്ടും ഒന്നിക്കുന്ന ചിത്രത്തില്‍ ഒരു പ്രധാനകഥാപാത്രമായി ധ്യാനും അജു വര്‍ഗീസും എത്തുന്നുണ്ട്. കാമിയോ റോളില്‍ നിവിന്‍ പോളിയും ചിത്രത്തിലുണ്ട്.
ഏറെ പ്രതീക്ഷയിലാണ് വര്‍ഷങ്ങള്‍ക്കുശേഷം എന്ന സിനിമയെ ആരാധകര്‍ കാത്തിരിക്കുന്നത്. വര്‍ഷങ്ങള്‍ക്ക് ശേഷം സെറ്റിലെ ചില അനുഭങ്ങളും പ്രണവിനൊപ്പമുണ്ടായിരുന്ന സമയത്തെ കുറിച്ചുമൊക്കെ സംസാരിക്കുകയാണ് മൂവി വേള്‍ഡ് മീഡിയയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ ധ്യാന്‍.
നമുക്ക് ഏറെ റെസ്‌പെക്ട് തോന്നുന്ന ഒരു വ്യക്തിത്വത്തിന് ഉടമയാണ് പ്രണവെന്നും വര്‍ഷങ്ങളായി മദ്യപാനം നിര്‍ത്തിയ താന്‍ ഒരു പെഗ്ഗടിക്കുന്നത് പ്രണവ് ഓഫര്‍ ചെയ്തപ്പോഴാണെന്നുമാണ് ധ്യാന്‍ പറയുന്നത്. എല്ലാവരോടും ഒരേ രീതിയില്‍ പെരുമാറുന്ന ചെയ്യുന്ന വര്‍ക്കിനോട് അത്രയും ആത്മാര്‍ത്ഥത പുലര്‍ത്തുന്ന വ്യക്തിയാണ് പ്രണവെന്നും ധ്യാന്‍ ശ്രീനിവാസന്‍ പറഞ്ഞു.
‘ ഒത്തിരിയോര്‍മകളുള്ള സെറ്റാണ് അത്. പ്രണവിനെ കുറിച്ച് ഞാന്‍ നേരത്തേ പറഞ്ഞിട്ടുണ്ട്. മലയാളം എഴുതാനും വായിക്കാനും പുള്ളിക്ക് ബുദ്ധിമുട്ടുണ്ട്. എല്ലാ ഡയലോഗും ഇംഗ്ലീഷിലാക്കി സ്‌ക്രിപ്റ്റ് മൊത്തം, കൗണ്ടര്‍ ഡയലോഗടക്കം പഠിച്ചിട്ടാണ് അവന്‍ വന്നത്. പിന്നെ ഏറ്റവും വലിയ കാര്യം എന്നാല്‍ മോഹന്‍ലാല്‍ എന്ന നടന്റെ മകന്‍ എന്ന ഫീലേ പുള്ളി തരില്ല.
എല്ലാവരോടും ഒരുപോലെ പെരുമാറാന്‍ പറ്റുന്ന ആളുകളോട് നമുക്ക് ഭയങ്കര ഒരു ഇഷ്ടമായിരിക്കുമല്ലോ. സെറ്റിലുള്ള എല്ലാവരുടെ അടുത്തും ഒരുപോലെ പെരുമാറുന്ന ആളാണ്. ഇത്രയും വലിയ നടന്റെ മകനാണെന്ന ചിന്തയില്ലാതെയുള്ള ആ പെരുമാറ്റവും ബിഹേവിയറുമാണ് അയാളോട് നമുക്ക് ഒരു ഇഷ്ടം തോന്നിപ്പിക്കുന്നത്.
അയാളുടെ പേഴ്‌സണാലിറ്റിയോട് നമുക്കൊരു സ്‌നേഹം തോന്നും. ഞാന്‍ നേരത്തെ പല സ്ഥലത്തും പറഞ്ഞിട്ടുണ്ട് കുറേ വര്‍ഷങ്ങളായി മദ്യപാനം നിര്‍ത്തിയ ആളാണ് ഞാന്‍. ആ പരിപാടി ഇല്ല. കുറേ കാലത്തിന് ശേഷം ഒരാളുടെ കൂടെയിരുന്ന് ഒരു പെഗ്ഗടിക്കണം എന്നാഗ്രഹിച്ചത് അവന്‍ എനിക്ക് ഒരു പെഗ്ഗ് നീട്ടിത്തന്നപ്പോഴാണ്.
വര്‍ഷങ്ങള്‍ക്ക് ശേഷമാണ് ആ സെറ്റില്‍ വെച്ച് ഒരു പെഗ്ഗടിച്ചത്. അതൊരു ഓര്‍മയാണ്. നമ്മള്‍ കമ്പനി കൂടണമെന്ന് ആഗ്രഹിക്കുന്ന ആളുകളുണ്ടാകുമല്ലോ. വര്‍ഷങ്ങള്‍ക്ക് ശേഷം അവന്റെ കൂടെയിരുന്നിട്ടാണ്, അവന്‍ ഒരു ഡ്രിങ്ക് ഓഫര്‍ ചെയ്തപ്പോഴാണ് ഞാന്‍ കഴിച്ചത്.
സെറ്റില്‍ ഞങ്ങള്‍ കള്ളുകുടിച്ച് അവിടെ അലമ്പായിരുന്നു എന്നല്ല പറഞ്ഞുവന്നത് (ചിരി), ഒരു ഓര്‍മ പറഞ്ഞതാണ്. അന്നത്തെ രാത്രി ഭയങ്കര രസകരമായ രാത്രിയായിരുന്നു. അധികം സമയം ഞങ്ങള്‍ ഒരുമിച്ച് ഉണ്ടായിരുന്നില്ല. എല്ലാ ദിവസവും ആറ് മണിയാകുമ്പോള്‍ ഷൂട്ടിന് വിളിച്ച് കൊണ്ടുപോകും. ആറ് മണിക്ക് ഫസ്റ്റ് ഷോട്ട് എടുത്തിരുന്ന സെറ്റാണ്. എല്ലാ ദിവസവും രാത്രി ഒന്‍പത് മണിവരെ ഷൂട്ടുണ്ട്. 40 ദിവസത്തോളം അപ്പുവുമായിട്ടുള്ളത് നല്ല ഓര്‍മകളാണ്,’ ധ്യാന്‍ ശ്രീനിവാസന്‍ പറഞ്ഞു.
വര്‍ഷങ്ങള്‍ക്ക് ശേഷം എല്ലാവര്‍ക്കും ആസ്വദിക്കാന്‍ പറ്റുന്ന സിനിമയായിരിക്കുമെന്നും വിനീത് ശ്രീനിവാസന്‍ എന്ന ബ്രാന്‍ഡിന്റെ പുറത്ത് എല്ലാവരും സിനിമ കാണുമെന്ന ഒരു പ്രതീക്ഷയുണ്ടെന്നും ധ്യാന്‍ പറഞ്ഞു.
Content Highlight: Dhyan sreenivasan share a memory with pranav mohanlal