ഒ.ടി.ടി റിലീസിന് ശേഷം ട്രോളുകള്‍കൊണ്ട് നിറയുകയാണ് പ്രണവ് മോഹന്‍ലാല്‍, ധ്യാന്‍ ശ്രീനിവാസന്‍ എന്നിവരെ പ്രധാനകഥാപാത്രങ്ങളാക്കി വിനീത് ശ്രീനിവാസന്‍ സംവിധാനം ചെയ്ത വര്‍ഷങ്ങള്‍ക്കുശേഷം. സിനിമയുടെ ഓരോ രംഗങ്ങളും സോഷ്യല്‍മീഡിയയില്‍ കീറിമുറിക്കപ്പെടുന്നുണ്ട്.
തിയേറ്ററില്‍ വലിയ ചലനമുണ്ടാക്കിയ ചിത്രം ഒ.ടി.ടി റിലീസിന് പിന്നാലെയാണ് വലിയ രീതിയില്‍ വിമര്‍ശിക്കപ്പെട്ടത്. വലിയൊരു ശതമാനം പ്രേക്ഷകരും ചിത്രം ലാഗാണെന്നും തിരക്കഥ മോശമായെന്നും അഭിപ്രായപ്പെട്ടിരുന്നു. ക്ലീഷേയുടേയും ക്രിഞ്ചിന്റേയും ഘോഷയാത്രയാണ് ചിത്രത്തില്‍ എന്നാണ് പ്രധാന വിമര്‍ശനം. അതിനൊപ്പം പ്രണവിന്റെ മേക്കപ്പും അഭിനയവുമെല്ലാം വിമര്‍ശിപ്പിക്കപ്പെടുന്നുണ്ട്. ചിത്രത്തില്‍ ഇടക്കിടെ വരുന്ന ന്യാപകം എന്ന പാട്ടും പല വിധത്തില്‍ ട്രോള്‍ ചെയ്യപ്പെടുകയാണ്.
വര്‍ഷങ്ങള്‍ക്കുശേഷം എന്ന സിനിമയെ കുറിച്ച് തനിക്ക് തോന്നിയ പല കാര്യങ്ങളുമാണ് ആളുകള്‍ ഇപ്പോള്‍ പറയുന്നതെന്നും പക്ഷേ സിനിമ പ്രൊമോട്ട് ചെയ്യേണ്ട സമയത്ത് താന്‍ അതിനെ പ്രൊമോട്ട് ചെയ്തിരുന്നെന്നും അടുത്തിടെ നല്‍കിയ ഒരു അഭിമുഖത്തില്‍ ധ്യാന്‍ പറഞ്ഞിരുന്നു. തന്റെ വാക്ക് കേട്ട് തിയേറ്ററില്‍ പോയി പടം കണ്ട നിരവധി പേരുണ്ടെന്നും എന്നാല്‍ ഒ.ടി.ടി റിലീസിന് ശേഷം അവര്‍ പറയുന്ന അഭിപ്രായത്തിനൊപ്പം താന്‍ നില്‍ക്കുകയാണെന്നുമാണ് ധ്യാന്‍ ജിഞ്ചര്‍ മീഡിയയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ പറയുന്നത്.
‘ ഇനി ഒരു സിനിമയിലേക്ക് ഏട്ടന്‍ എന്നെ വിളിക്കുമെന്ന് തോന്നുന്നില്ല. കാരണം അറിയാല്ലോ നമ്മള്‍ ഇതിനെതിരെ പറഞ്ഞ കാര്യം. ആളുകള്‍ കൊടിപിടിച്ചപ്പോള്‍ ഞാന്‍ സത്യം പറഞ്ഞതാണ്. എന്നാല്‍ സിനിമ തിയേറ്ററില്‍ ഉള്ള സമയത്ത് നമ്മള്‍ അതിനൊപ്പം നില്‍ക്കണം. കുറച്ചുകഴിഞ്ഞാല്‍ സത്യം സത്യം പോലെ പറയണം. അതിന് ശേഷം പുള്ളി എന്നെ വിളിച്ചിട്ടില്ല. സിനിമ ഓടിക്കൊണ്ടിരിക്കുന്ന സമയത്ത് നമുക്ക് പറയാന്‍ പറ്റാത്ത കാര്യങ്ങള്‍ പിന്നീട് നാട്ടുകാര്‍ പറയുമ്പോള്‍ നമ്മള്‍ അതിനൊപ്പം നില്‍ക്കുക. എനിക്ക് തോന്നിയത് തന്നെയാണ് പലരും പറഞ്ഞത്. പക്ഷേ ഒരു 50 ശതമാനം പേര്‍ക്ക് ഇത് ഇഷ്ടമായിട്ടുമുണ്ട്,’ ധ്യാന്‍ പറഞ്ഞു.
സിനിമ ഒ.ടി.ടിയില്‍ കണ്ട് ഇഷ്ടമായ ആളാണ് താനെന്നും ന്യാപകം എന്ന പാട്ടാണ് അതില്‍ ഏറെ ഇഷ്ടപ്പെട്ടതെന്നും അവതാരക പറഞ്ഞപ്പോള്‍ ന്യാപകം പോലത്തെ പാട്ടൊക്കെ ഇനി ആരാണ് ചെയ്യുക എന്നായിരുന്നു ട്രോള്‍ രൂപേണ ധ്യാന്‍ മറുപടി നല്‍കിയത്.
‘ ആ പാട്ട് എനിക്കും ഇഷ്ടപ്പെട്ടു. എന്നാല്‍ സിനിമയില്‍ ലൂപ്പില്‍ ഇടക്കിടെ ഇടുമ്പോള്‍ ഇഷ്ടമാകാത്ത പലരുമുണ്ട്. ഒ.ടി.ടി എന്ന് വെച്ചാല്‍ നമ്മള്‍ ചെയ്ത പ്രൊഡക്ടിനെ കീറിമുറിക്കുന്ന ഒരിടമായി മാറിയിട്ടുണ്ട്.
ഇതിന് മുന്‍പും തിയേറ്ററില്‍ വലിയ വിജയം നേടിയ ചിത്രങ്ങള്‍ ഒ.ടി.ടിയില്‍ വര്‍ക്കാവാതെ പോയിട്ടുണ്ട്. എനിക്കും അത്തരത്തില്‍ ഇഷ്ടപ്പെടാതെ പോയ ചിത്രങ്ങളുണ്ട്.
നമുക്ക് ഇഷ്ടപ്പെട്ടത് വേറെ ആള്‍ക്കാര്‍ക്ക് ഇഷ്ടമാകണമെന്നില്ല. അതൊക്കെ ഒരാളുടെ ടേസ്റ്റിനെ ആശ്രയിച്ചിരിക്കും. എനിക്ക് ആസിനിമയെ കുറിച്ച് തോന്നിയത് ഞാന്‍ പറഞ്ഞു. ഒ.ടി.ടി റിലീസിന് ശേഷമാണ് സിനിമയെ കുറിച്ച് സോഷ്യല്‍ മീഡിയയില്‍ ട്രോളും മീമും വരാന്‍ തുടങ്ങിയത്. അതേസമയം ഇവിടുത്തെ മെയിന്‍ സ്ട്രീം റിവ്യൂവേഴ്‌സ് എല്ലാവരും തിയേറ്റര്‍ റിലീസിന് ശേഷം നല്ല അഭിപ്രായം പറഞ്ഞ സിനിമയാണ്.
മാത്രമല്ല ഏട്ടന്‍ ഏറ്റവും കളക്ട് ചെയ്ത സിനിമയാണ് ഇത്. അതേസമയം ഏട്ടന്റെ സിനിമകളിലെ ക്രിഞ്ചും ക്ലീഷേയും ആളുകള്‍ എടുത്തു പറയാന്‍തുടങ്ങി. അതിനെ നമ്മള്‍ പോസിറ്റീവായി കാണണം. ഷൂട്ട് ചെയ്യുമ്പോള്‍ ഇതേ വിമര്‍ശനങ്ങളൊക്കെ എനിക്കും തോന്നിയിരുന്നു. എന്നുവെച്ച് ആ സിനിമ എനിക്ക് ഇഷ്ടമായില്ല എന്നല്ല. മോശം സിനിമയായിട്ടും ഗംഭീര സിനിമയായിട്ടും എനിക്ക് തോന്നിയിട്ടില്ല,’ ധ്യാന്‍ പറഞ്ഞു.
Content Highlight: Dhyan Sreenivasan selftroll on Varshangalkushesham movie and the songs