| Wednesday, 15th June 2022, 8:28 am

ലൗ ആക്ഷന്‍ ഡ്രാമ കാലം തെറ്റി ഇറങ്ങിയ സിനിമ, കള്ളുകുടി മാത്രമാണല്ലോ ഉള്ളതെന്ന് സെന്‍സര്‍ ഓഫീസര്‍ ചോദിച്ചു: ധ്യാന്‍ ശ്രീനിവാസന്‍

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

ധ്യാന്‍ ശ്രീനിവാസന്‍ തിരക്കഥയെഴുതുകയും ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുകയും ചെയ്യുന്ന പ്രകാശന്‍ പറക്കട്ടെ റിലീസിന് ഒരുങ്ങിയിരിക്കുകയാണ്. ജൂണ്‍ 17നാണ് ചിത്രം റിലീസ് ചെയ്യുന്നത്.

ചിത്രത്തിന്റെ പ്രൊമോഷന്റെ ഭാഗമായി നടത്തിയ പത്രസമ്മേളനത്തില്‍ വെച്ച് ധ്യാന്‍ എന്തുകൊണ്ടാണിപ്പോള്‍ വാണിജ്യ സിനിമകളില്‍ നിന്ന് മാറി റിയലിസ്റ്റിക് സിനിമകളുടെ ഭാഗമാകുന്നത് എന്ന മാധ്യമ പ്രവര്‍ത്തകരുടെ ചോദ്യത്തിന് രസകരമായി മറുപടി പറഞ്ഞത്.

‘അതിന്റെ ആദ്യത്തെ കാരണം ലൗ ആക്ഷന്‍ ഡ്രാമക്കൊരു ചീത്തപേര് ഉണ്ടായിരുന്നതാണ്. ലൗ ആക്ഷന്‍ ഡ്രാമ സെന്‍സര്‍ ചെയ്തപ്പോള്‍ സെന്‍സര്‍ ചെയ്യുന്ന ഓഫീസര്‍ എന്നോട് ചോദിച്ചിരുന്നു, ഇതില്‍ മുഴുവന്‍ കള്ള് കുടിയും ബാറും ആണല്ലോന്ന്. 2016-17 മുതലൊക്കെ ദിലീഷ് പോത്തന്റെ പടങ്ങള്‍ വരുമ്പോഴാണല്ലോ റിയലിസ്റ്റിക് സിനിമകള്‍ വരാന്‍ തുടങ്ങിയത്.

ശരിക്കും അതിന് മുന്‍പാണ് ഞാന്‍ ലൗ ആക്ഷന്‍ ഡ്രാമ പ്ലാന്‍ ചെയ്തത്. വടക്കന്‍ സെല്‍ഫിയുടെ രീതിയില്‍ എടുക്കാന്‍ ഉദ്ദേശിച്ച സിനിമയായിരുന്നു ലൗ ആക്ഷന്‍.
അതുകൊണ്ട് തന്നെ കാലം തെറ്റി ഇറങ്ങിയ സിനിമയാണ് ലൗ ആക്ഷന്‍ ഡ്രാമ എന്ന് പറയാം.
റിയലിസ്റ്റിക് സിനിമകള്‍ കാണുന്ന ആളുകളുടെ മുന്നില്‍ ഇത്രേം ലൗഡ് ആയ സിനിമ കൊണ്ട് വെക്കുമ്പോള്‍ എന്താണ് ഇതിന്റെ പ്രസക്തി എന്ന് ഞാന്‍ ആലോചിച്ചിട്ടുണ്ട്.

ഫെസ്റ്റിവല്ലിന് ഇത്തരത്തിലുള്ള പടങ്ങള്‍ വേണം. നയന്‍താര-നിവിന്‍ കോമ്പിനേഷനെയാണ് ഞാന്‍ വിറ്റത്. അതുകൊണ്ട് തന്നെ ആളുകള്‍ കൂടുതല്‍ ആലോചിക്കാതെ തിയേറ്ററില്‍ വന്നു. നമ്മുക്ക് സിനിമക്ക് ആള് കേറണം, കളക്ഷന്‍ കിട്ടണം എന്നെ ഉണ്ടായിരുന്നുള്ളു’; ധ്യാന്‍ പറയുന്നു.

ലൗ ആക്ഷന്‍ ശേഷം എഴുതുന്ന സിനിമ ആളുകള്‍ ഇപ്പോള്‍ ഇഷ്ടപ്പെടുന്ന സിനിമയാകണം എന്ന് നിര്‍ബന്ധം ഉണ്ടായിരുന്നു. അത്തരത്തിലുള്ള സിനിമയാണ് പ്രകാശന്‍ പറക്കട്ടെ എന്നും ധ്യാന്‍ കൂട്ടിച്ചേര്‍ക്കുന്നുണ്ട്.

ധ്യാന്‍ ശ്രീനിവാസന്റെ തിരക്കഥയില്‍ നവാഗതനായ ഷഹദ് നിലമ്പൂരാണ് പ്രകാശന്‍ പറക്കട്ടെ സംവിധാനം ചെയ്തിരിക്കുന്നത്.
അജു വര്‍ഗീസ്, സൈജു കുറുപ്പ് എന്നിവരാണ് ചിത്രത്തില്‍ മറ്റ് പ്രധാന കഥാപാത്രങ്ങളായെത്തുന്നത്. അജു വര്‍ഗീസും വിശാഖ് സുബ്രഹ്മണ്യവും ചേര്‍ന്നാണ് ചിത്രം നിര്‍മിച്ചിരിക്കുന്നത്.

Content Highlight : Dhyan sreenivasan says that why he changed his pattern to releastic movies from loud movies and about love action drama

We use cookies to give you the best possible experience. Learn more