| Thursday, 26th December 2024, 8:32 am

തട്ടത്തിന്‍ മറയത്തില്‍ നിവിന് പകരം നായകനാകേണ്ടിയിരുന്നത് ആ നടന്‍ ആയിരുന്നു: ധ്യാന്‍ ശ്രീനിവാസന്‍

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

വിനീത് ശ്രീനിവാസന്‍ സംവിധാനം ചെയ്ത് 2012ല്‍ പുറത്തിറങ്ങിയ ചിത്രമായിരുന്നു തട്ടത്തിന്‍ മറയത്ത്. നിവിന്‍ പോളി നായകനായെത്തിയ ചിത്രം ആ വര്‍ഷത്തെ ഏറ്റവും വലിയ വിജയങ്ങളിലൊന്നായിരുന്നു. നിവിന്‍ പോളി എന്ന നടന്റെ കരിയറിലെ നാഴികക്കല്ലുകളിലൊന്നായിരുന്നു തട്ടത്തിന്‍ മറയത്ത്. എന്നാല്‍ ചിത്രത്തില്‍ ആദ്യം നായകനാക്കാന്‍ ഉദ്ദേശിച്ചത് നിവിനെ ആയിരുന്നില്ലെന്ന് പറയുകയാണ് ധ്യാന്‍ ശ്രീനിവാസന്‍.

മലര്‍വാടി ആര്‍ട്‌സ് ക്ലബ്ബിന് ശേഷം അടുത്ത സിനിമ എടുക്കാന്‍ വിനീത് ഉദ്ദേശിച്ചപ്പോള്‍ അതൊരു റൊമാന്റിക് സിനിമയാക്കിയതാണെന്ന് ധ്യാന്‍ പറഞ്ഞു. മലര്‍വാടിയില്‍ പലരും എടുത്തുപറഞ്ഞത് ഭഗത് മാനുവലിന്റെ പെര്‍ഫോന്‍സായിരുന്നെന്നും അതുകൊണ്ട് ഭഗത്തിനെ നായകനാക്കാന്‍ ഉദ്ദേശിച്ചിരുന്നെന്നും ധ്യാന്‍ കൂട്ടിച്ചേര്‍ത്തു. എന്നാല്‍ ആ സമയത്ത് നിവിന്‍ ക്ലീന്‍ ഷേവ് ചെയ്ത ലുക്ക് വിനീത് കണ്ടെന്നും അതോടെ നിവിനെ നായകനാക്കാന്‍ തീരുമാനിച്ചെന്നും ധ്യാന്‍ പറഞ്ഞു.

ഭഗത് നായകനായിരുന്നെങ്കില്‍ അയാളുടെ റേഞ്ച് മറ്റൊന്നായേനെയെന്നും ധ്യാന്‍ കൂട്ടിച്ചേര്‍ത്തു. നായകവേഷം കിട്ടിയില്ലെങ്കിലും തട്ടത്തിന്‍ മറയത്തില്‍ ഒരെ ചെറിയ വേഷം ഭഗത് ചെയ്തുവെന്നും അതിന് കയ്യടി കിട്ടിയെന്നും ധ്യാന്‍ പറഞ്ഞു. പുതിയ ചിത്രമായ ഐ.ഡി. ദ ഫേക്കിന്റെ പ്രൊമോഷന്റെ ഭാഗമായി ജാങ്കോ സ്‌പേസ് ടി.വിയോട് സംസാരിക്കുകയായിരുന്നു ധ്യാന്‍ ശ്രീനിവാസന്‍.

‘മലര്‍വാടിയുടെ ഷൂട്ട് നടക്കുന്ന സമയത്ത് ഞാന്‍ അങ്ങോട്ട് പോയിട്ടില്ലായിരുന്നു. പടം ഇറങ്ങിയ സമയത്ത് നിവിനെക്കാളും കൂടുതല്‍ ചര്‍ച്ച ചെയ്തത് ഭഗത്തിന്റെ പെര്‍ഫോമന്‍സായിരുന്നു. കാരണം, ആ ഗ്യാങ്ങില്‍ അത്യാവശ്യം നല്ല റൊമാന്റിക് ട്രാക്ക് ഉണ്ടായിരുന്നത് അവനായിരുന്നു. മലര്‍വാടിക്ക് ശേഷം ഒരു റൊമാന്‍സ് പടം ചെയ്യാമെന്ന് ഏട്ടന്‍ തീരുമാനിച്ചിട്ടാണ് തട്ടത്തിന്‍ മറയത്ത് ചെയ്യുന്നത്.

അതില്‍ നിവിന്‍ അല്ലായിരുന്നു നായകനാകേണ്ടിയിരുന്നത്. ഭഗത്തിനെ മനസില്‍ കണ്ടിട്ടാണ് ഏട്ടന്‍ തട്ടം എടുക്കാന്‍ തീരുമാനിച്ചത്. സ്‌ക്രിപ്റ്റ് എഴുതിക്കഴിഞ്ഞപ്പോള്‍ നിവിനെ ക്ലീന്‍ ഷേവ് ചെയ്ത ലുക്കില്‍ കണ്ടു. അങ്ങനെയാണ് ഭഗത്തിന് പകരം നിവിന്‍ നായകനായത്. ഭഗത് ആ പടത്തില്‍ ഹീറോയായിരുന്നെങ്കില്‍ അവന്റെ റേഞ്ച് മാറിയേനെ. നായകവേഷം പോയെങ്കിലും തട്ടത്തില്‍ അവനും ചെറിയൊരു റോളില്‍ എത്തിയിരുന്നു. അതിന് കയ്യടിയും കിട്ടി,’ ധ്യാന്‍ ശ്രീനിവാസന്‍ പറഞ്ഞു.

Content Highlight: Dhyan Sreenivasan says that Bhagath Manuel was the first preference for Vineeth Sreenivasan in Thattathin Marayath movie

Latest Stories

We use cookies to give you the best possible experience. Learn more