വിനീത് ശ്രീനിവാസന്‍ സംവിധാനം ചെയ്ത തിരയിലൂടെ സിനിമാലോകത്തേക്കെത്തിയ നടനാണ് ധ്യാന്‍ ശ്രീനിവാസന്‍. ചുരുങ്ങിയ കാലം കൊണ്ട് നിരവധി സിനിമകളുടെ ഭാഗമായ ധ്യാന്‍ ഗൂഢാലോചന എന്ന സിനിമയിലൂടെ തിരക്കഥാരചനയില്‍ തന്റെ കയ്യൊപ്പ് പതിപ്പിച്ചു. 2019ല്‍ പുറത്തിറങ്ങിയ ലവ് ആക്ഷന്‍ ഡ്രാമയിലൂടെ സംവിധാനവും തനിക്ക് വഴങ്ങുമെന്ന് ധ്യാന്‍ തെളിയിച്ചു.
തന്റെ ഫേവറിറ്റ് ആക്ടറിനെ കുറിച്ച് സംസാരിക്കുകയാണ് ധ്യാന്‍ ശ്രീനിവാസന്‍. പലരും തന്നോട് ഈ ചോദ്യം ചോദിച്ചിട്ടുണ്ടെന്നും എന്നാല്‍ അവരെല്ലാം കരുതുന്നത് താന്‍ തന്റെ അച്ഛന്റെ പേര് പറയുമെന്നാണെന്നും ധ്യാന്‍ ശ്രീനിവാസന്‍ പറയുന്നു.
എന്നാല്‍ തന്റെ ഫേവറിറ്റ് ആക്ടര്‍ ഹോളിവുഡ് ആക്ടര്‍ മര്‍ലണ്‍ ബ്രാന്‍ഡോ ആണെന്ന് ധ്യാന്‍ വ്യക്തമാക്കി. സൈന സൗത്ത് പ്ലസിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു ധ്യാന്‍ ശ്രീനിവാസന്‍.
‘പലരും എന്നോട് എന്റെ അച്ഛന്റെ പേര് പറയും എന്നോര്‍ത്ത് ഫേവറിറ്റ് അഭിനേതാവ് ആരാണെന്ന് ചോദിക്കും. സത്യത്തില്‍ എന്റെ ഫേവറിറ്റ് ആക്ടര്‍ മര്‍ലണ്‍ ബ്രാന്‍ഡോ ആണ്. സ്വന്തം അച്ഛന്റെ പേര് പറയുമെന്നായിരിക്കുമല്ലേ കരുതിയത്. എന്നാല്‍ ശ്രീനിവാസന്‍ അല്ല. അച്ഛന്‍ എവിടെ കിടക്കുന്നു മാര്‍ലണ്‍ ബ്രാന്‍ഡോ എവിടെ കിടക്കുന്നു,’ ധ്യാന്‍ ശ്രീനിവാസന്‍ പറയുന്നു.
മര്‍ലണ്‍ ബ്രാന്‍ഡോ
ഗോഡ്ഫാദര്‍ എന്ന ഹോളിവുഡ് ചിത്രത്തിലെ ഒരു കേന്ദ്ര കഥാപാത്രമായ വിറ്റോ കൊറിയോണിയെ അവതരിപ്പിച്ച വിഖ്യാത നടനാണ് മര്‍ലണ്‍ ബ്രാന്‍ഡോ. വിഖ്യാത നാടകകൃത്തായ ടെന്നസീ വില്യംസിന്റെ ‘എ സ്ട്രീറ്റ് കാര്‍ നെയിമ്ഡ് ഡിസയര്‍ ‘ എന്ന നാടകത്തിലെ സ്റ്റാന്‍ലി കൊവല്‍സ്‌കിയെ വേദിയില്‍ അനശ്വരമാക്കിയതോടെ ബ്രാന്‍ഡോ പ്രശസ്തനായി. ഇത് സിനിമയിലേക്കുള്ള വഴിയും തുറന്നു. 1950ല്‍ പുറത്തിറങ്ങിയ ‘ദി മെന്‍’ ആയിരുന്നു ബ്രാന്‍ഡോയുടെ ആദ്യത്തെ ചിത്രം. അമേരിക്കന്‍ ഫിലിം ഇന്‍സ്റ്റിറ്റ്യൂട്ട് തയ്യാറാക്കിയ എക്കാലത്തെയും മികച്ച നടന്മാരുടെ പട്ടികയില്‍ ബ്രാണ്ടോ നാലാമതാണ്.