Film News
ഇനി ഇന്റര്‍വ്യൂ ഇല്ല, സ്വന്തം ജീവിതം സിനിമയാക്കും, രണ്ട് വര്‍ഷത്തിനുള്ളില്‍ പ്രേക്ഷകരിലേക്ക്: ധ്യാന്‍ ശ്രീനിവാസന്‍
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
2022 Jun 17, 04:24 pm
Friday, 17th June 2022, 9:54 pm

രണ്ട് വര്‍ഷത്തിനുള്ളില്‍ സ്വന്തം ജീവിതം സിനിമയാക്കുമെന്ന് ധ്യാന്‍ ശ്രീനിവാസന്‍. ഇനി ഇന്റര്‍വ്യൂകളിലൂടെ തന്റെ പഴയ ജീവിതത്തെ പറ്റി പറയുന്നത് നിര്‍ത്തി ഒരു കമിങ് ഓഫ് ഏജ് സിനിമ ചെയ്യുമെന്ന് ധ്യാന്‍ പറഞ്ഞു. പ്രകാശന്‍ പറക്കട്ടെ ചിത്രത്തിന് ലഭിക്കുന്ന പോസിറ്റീവ് റെസ്‌പോണ്‍സസിന് നന്ദി അറിയിക്കാനായി വന്ന ഫേസ്ബുക്ക് ലൈവിലായിരുന്നു ധ്യാന്‍ ജീവിതം സിനിമയാക്കുന്നതിനെ പറ്റി പറഞ്ഞത്.

‘എന്റെ ഇന്റര്‍വ്യൂവില്‍ ആരെയെങ്കിലും വിഷമിപ്പിച്ചിട്ടുണ്ടെങ്കില്‍ അതൊക്കെ ആ സെന്‍സില്‍ എടുക്കണം. കുറെ ട്രോളുകളൊക്കെ വന്നു, അതൊക്കെ കണ്ടിരുന്നു. എന്റെ സിനിമ കണ്ടിട്ട് വിളിക്കാത്തവര്‍ ഇന്റര്‍വ്യൂ കണ്ട് വിളിച്ചിട്ടുണ്ട്. കഴിഞ്ഞ മൂന്ന് മാസത്തിനിടയില്‍ വന്ന ഇന്റര്‍വ്യൂ കണ്ട് എന്നെ കുറെ ആളുകള്‍ വിളിക്കുന്നുണ്ട്. പഴയ കഥകളൊക്കെയാണ് അതില്‍ പറയുന്നത്.

സിനിമയില്‍ വരുന്നതിന് മുമ്പേയുള്ള ജീവിതം സിനിമയാക്കണമെന്ന് പണ്ട് മുതലേ ആലോചിച്ചിട്ടുണ്ട്. എന്ന് വെച്ചാല്‍ 17 വയസ് മുതല്‍ 27 വയസ് വരെയുള്ള സമയം. അതൊക്കെ ഇനി ഇന്റര്‍വ്യൂകളില്‍ പറയുന്നതിലും നല്ലത് രണ്ട് ചാപ്റ്റര്‍ ഒക്കെയുള്ള സിനിമയാക്കുന്നതാണ്. ഇന്റര്‍വ്യൂ ഒക്കെ മാറ്റിവെച്ചിട്ട് രണ്ട് വര്‍ഷത്തിനിടയില്‍ ഞാന്‍ സിനിമയാക്കാം. കാര്യമായിട്ട് പറയുവാ, തമാശയല്ല.

ഇത് ഭയങ്കര ഇന്‍സ്പിരേഷണല്‍ സ്റ്റോറിയൊന്നുമല്ല. ആ പ്രായത്തില്‍ ഒരുപാട് അപ്പ്‌സ് ആന്‍ഡ് ഡൗണ്‍സും ഫെയ്‌ലിയറുമൊക്കെ ഉണ്ടായ ആളാണ് ഞാന്‍. ആ ഏജിലൊക്കെ ഒരുപാട് കഷ്ടപ്പെട്ടു. സിനിമയില്‍ വന്നു. സിനിമയില്‍ വന്നതിന് ശേഷം ഒരുപാട് മാറി. ആ സമയത്തുള്ള ആളല്ല ഞാന്‍. അന്നത്തെ ഒരു ലൈഫ് സ്റ്റൈല്‍ ഒക്കെ വെച്ച് ഒരു കമിങ് ഓഫ് ഏജ് സിനിമയെടുക്കും. ഹൃദയം ഒരു നന്മയുള്ള സിനിമയാണെങ്കില്‍ ഒരു ഹൃദയോമില്ലാത്ത കഥയായിരിക്കും എന്റേത്. കിഡ്‌നി എന്ന് വെല്ലോം പേരിടാം. ഹൃദയം പോലല്ലാത്ത ഒരു ഡാര്‍ക്ക്, ഗ്രേ ഷേഡുള്ള ഒരാളുടെ സിനിമ, സ്‌പോയില്‍ഡ് സെലിബ്രിറ്റി കിഡിന്റെ ജീവിതം പറയുന്ന സിനിമ,’ ധ്യാന്‍ പറഞ്ഞു.

ധ്യാന്‍ തന്നെയാണ് പ്രകാശന്‍ പറക്കട്ടെ സിനിമയുടെ തിരക്കഥ എഴുതിയത്. ദിലീഷ് പോത്തന്‍, മാത്യു തോമസ്, നിഷ സാരംഗ്, ഗോവിന്ദ് പൈ, സ്മിനു സിജോ എന്നിവര്‍ അഭിനയിച്ച ചിത്രം നിര്‍മിച്ചത് അജു വര്‍ഗീസും വിശാഖ് സുബ്രഹ്മണ്യവും ചേര്‍ന്നാണ്.

Content Highlight: Dhyan Sreenivasan says he will make a film on his own life in two years