Entertainment news
എനിക്ക് മിന്നല്‍ മുരളിയേക്കാളും ഇഷ്ടപ്പെട്ടത് ജാന്‍ എ മനാണ്; അതിന്റെ കാരണം ഇതാണ്: ധ്യാന്‍ ശ്രീനിവാസന്‍
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
2022 May 10, 01:19 pm
Tuesday, 10th May 2022, 6:49 pm

ബേസില്‍ ജോസഫ് സംവിധാനം ചെയ്ത മിന്നല്‍ മുരളിയേക്കാളും ബേസില്‍ അഭിനയിച്ച ജാന്‍ എ മന്‍ എന്ന സിനിമയാണ് തനിക്ക് ഇഷ്ടപ്പെട്ടതെന്ന് പറയുകയാണ് നടനും സംവിധായകനുമായ ധ്യാന്‍ ശ്രീനിവാസന്‍. ഡൂള്‍ന്യൂസിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു താരം.

”എനിക്ക് ജാന്‍ എ മന്‍ ഇഷ്ടപ്പെട്ടു. ബേസിലിനെ എനിക്ക് ഇഷ്ടമുള്ളത് കൊണ്ടാണ്. മിന്നല്‍ മുരളിയേക്കാളും ആക്ച്വലി ജാന്‍ എ മന്‍ ഇഷ്ടപ്പെട്ടു.

ബേസിലിനെ ഇഷ്ടമുള്ളതുകൊണ്ടാണ് അത്. കാരണം ബേസില്‍ അങ്ങനെ തന്നെയാണ് റിയല്‍ ലൈഫിലും.

കുറേ കാലങ്ങള്‍ക്ക് ശേഷം ആ സിനിമയില്‍ ബേസിലിനെ ആ സാഹചര്യത്തില്‍ കാണാന്‍ പറ്റിയപ്പോള്‍ സന്തോഷം തോന്നി. അവന്‍റെ കുറേ പരിപാടികളും കാര്യങ്ങളും കണ്ടപ്പോള്‍ ഞാന്‍ കുറേ ചിരിച്ചു.

അവനെ അറിയുന്ന ആള്‍ക്കാര്‍ക്ക് പെട്ടെന്ന് റിലേറ്റ് ചെയ്യാന്‍ പറ്റുന്ന സിനിമയായിരിക്കും ജാന്‍ എ മന്‍. സിനിമ എന്നുള്ള രീതിയേക്കാളും എനിക്ക് സിനിമയില്‍ അവനെ ഇഷ്ടമായി,” ധ്യാന്‍ ശ്രീനിവാസന്‍ പറഞ്ഞു.

രതീഷ് രഘുനന്ദന്റ സംവിധാനത്തില്‍ പുറത്തിറങ്ങാനിരിക്കുന്ന ഉടല്‍ എന്ന ചിത്രമാണ് ധ്യാന്‍ ശ്രീനിവാസന്റേതായി ഇനി പുറത്തിറങ്ങാനിരിക്കുന്നത്. ഇന്ദ്രന്‍സ്, ദുര്‍ഗാ കൃഷ്ണ എന്നിവരാണ് ചിത്രത്തില്‍ മറ്റ് പ്രധാന വേഷങ്ങളിലെത്തുന്നത്.

അതേസമയം, പുറത്തുവന്ന ഉടലിന്റെ ടീസറിന് മികച്ച പ്രേക്ഷക പ്രതികരണമാണ് ലഭിച്ചിരുന്നത്. ഇന്ദ്രന്‍സിന്റെ വേറിട്ട മേക്കോവറും ഗംഭീര പ്രകടനവും ആയിരുന്നു ടീസറിന്റെ ഏറ്റവും വലിയ ഹൈലൈറ്റ്.

സംവിധായകന്‍ ജൂഡ് ആന്തണി ജോസഫും ചിത്രത്തില്‍ ഒരു പ്രധാന കഥാപാത്രമായെത്തുന്നത്.

മനോജ് പിള്ള ഛായാഗ്രഹണം നിര്‍വഹിച്ചിരിക്കുന്ന ഈ ചിത്രം എഡിറ്റ് ചെയ്തിരിക്കുന്നത് നിഷാദ് യൂസഫ് ആണ്. വില്യം ഫ്രാന്‍സിസ് ആണ് ഈ ചിത്രത്തിന് വേണ്ടി സംഗീത സംവിധാനം നിര്‍വഹിച്ചിരിക്കുന്നത്.

ശ്രീ ഗോകുലം മൂവീസിന്റെ ബാനറില്‍ ഗോകുലം ഗോപാലനാണ് ചിത്രം നിര്‍മിച്ചിരിക്കുന്നത്.

മേയ് 20നാണ് ഈ ചിത്രം തിയേറ്ററുകളില്‍ റിലീസിനെത്തുന്നത്.

Content Highlight: Dhyan Sreenivasan says he like Jan E Man movie than Minnal Murali