|

ഞാന്‍ ബ്രേക്കെടുക്കുന്നു, ഇനി സംവിധാനം; നാട്ടുകാര്‍ നിര്‍ത്തിക്കും മുമ്പ് അഭിനയം നിര്‍ത്തുന്നതല്ലേ നല്ലത്: ധ്യാന്‍ ശ്രീനിവാസന്‍

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

മലയാളികള്‍ക്ക് ഏറെ പരിചിതനായ നടന്മാരില്‍ ഒരാളാണ് ധ്യാന്‍ ശ്രീനിവാസന്‍. മലയാളത്തിന്റെ പ്രിയനടന്‍ ശ്രീനിവാസന്റെ മകനാണ് അദ്ദേഹം. 2013ല്‍ സഹോദരനായ വിനീത് സംവിധാനം ചെയ്ത തിരയിലൂടെയാണ് ധ്യാന്‍ സിനിമാ കരിയര്‍ ആരംഭിക്കുന്നത്.

ചുരുങ്ങിയ കാലം കൊണ്ട് നിരവധി സിനിമകളുടെ ഭാഗമായ ധ്യാന്‍, ഗൂഢാലോചന എന്ന സിനിമയിലൂടെ തിരക്കഥാരചനയില്‍ തന്റെ കയ്യൊപ്പ് പതിപ്പിച്ചു. 2019ല്‍ പുറത്തിറങ്ങിയ ലൗ ആക്ഷന്‍ ഡ്രാമയിലൂടെ സംവിധാനവും തനിക്ക് വഴങ്ങുമെന്ന് ധ്യാന്‍ തെളിയിച്ചു.

ലൗ ആക്ഷന്‍ ഡ്രാമക്ക് ശേഷം ധ്യാന്‍ ശ്രീനിവാസന്റെ സംവിധാനത്തില്‍ സിനിമകള്‍ എത്തിയിരുന്നില്ല. എന്നാല്‍ നിരവധി സിനിമകളില്‍ അദ്ദേഹം അഭിനയിച്ചിരുന്നു. ഇപ്പോള്‍ അഭിനയത്തില്‍ നിന്ന് താന്‍ ബ്രേക്കെടുക്കാന്‍ പോകുകയാണെന്ന് പറയുകയാണ് ധ്യാന്‍.

ഈ വര്‍ഷം മെയ് മാസം വരെ മാത്രമാണ് തനിക്ക് ഇനി കമ്മിറ്റ്‌മെന്റുള്ളതെന്നും സംവിധാനത്തിലേക്ക് തിരിച്ചു പോകാനാണ് ആഗ്രഹിക്കുന്നതെന്നും നടന്‍ പറയുന്നു. അമൃത ടി.വിയിലെ ആനീസ് കിച്ചണില്‍ സംസാരിക്കുകയായിരുന്നു ധ്യാന്‍ ശ്രീനിവാസന്‍.

‘ഞാന്‍ ആക്ടിങ്ങില്‍ നിന്ന് ഇനിയൊരു ബ്രേക്ക് എടുക്കാന്‍ പോകുകയാണ്. ഇനി സംവിധാനത്തിലേക്ക് തിരിച്ചു പോകാനാണ് ആഗ്രഹിക്കുന്നത്. മെയ് വരെ മാത്രമാണ് എനിക്ക് ഇനി കമ്മിറ്റ്‌മെന്റുള്ളത്. അത് കഴിഞ്ഞാല്‍ ഡയറക്ഷനിലേക്ക് പോകും. സ്‌ക്രിപ്‌റ്റൊക്കെ ഏകദേശം ആയിട്ടുണ്ട്.

അഭിനയം നിര്‍ത്തേണ്ടെന്ന് പറഞ്ഞാലും, നാട്ടുകാര് നിര്‍ത്തിക്കുമല്ലോ (ചിരി). അതിനുമുമ്പ് നമ്മള്‍ നിര്‍ത്തുന്നത് തന്നെയല്ലേ നല്ലത്. ഏട്ടന്‍ എന്നോട് പറഞ്ഞ ഒരു കാര്യമുണ്ട്, ആളുകളുടെ ഇടയില്‍ ലൈക്കബിളിറ്റി കിട്ടാനാണ് പ്രയാസം. നല്ല സിനിമ ചെയ്താല്‍ ആളുകള്‍ അതിനെ സപ്പോര്‍ട്ട് ചെയ്യും, ഇഷ്ടപ്പെടും.

അവസാനം ചെയ്ത അഞ്ച് സിനിമകള്‍ പൊട്ടിയാലും ഒരു നല്ല സിനിമ വന്നാല്‍ ഇവിടുത്തെ ആളുകള്‍ അതിനെ സപ്പോര്‍ട്ട് ചെയ്യും. അത്രേയുള്ളൂ. എന്തായാലും കുറച്ചുകാലത്തേക്ക് ഞാന്‍ അഭിനയം നിര്‍ത്താന്‍ പോകുകയാണ്. ക്ലോസ് സര്‍ക്കിളിലുള്ള കുറച്ച് കമ്മിറ്റ്‌മെന്റുകള്‍ ഒഴിച്ചു കഴിഞ്ഞാല്‍, ഞാന്‍ വേറെ പ്രൊജക്ട് ചെയ്യുന്നില്ല,’ ധ്യാന്‍ ശ്രീനിവാസന്‍ പറയുന്നു.


Content Highlight: Dhyan Sreenivasan Says He Is Going To Take A Break From Acting

Video Stories