ആ സിനിമയില്‍ ബേസിലാണ് നായകനെങ്കില്‍ ആദ്യദിവസം തന്നെ വാഷ് ഔട്ട് ആയേനെ: ധ്യാന്‍ ശ്രീനിവാസന്‍
Entertainment
ആ സിനിമയില്‍ ബേസിലാണ് നായകനെങ്കില്‍ ആദ്യദിവസം തന്നെ വാഷ് ഔട്ട് ആയേനെ: ധ്യാന്‍ ശ്രീനിവാസന്‍
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Saturday, 4th January 2025, 8:49 am

സോഷ്യല്‍ മീഡിയയെ പലപ്പോഴും രസിപ്പിക്കുന്ന ഒന്നാണ് ധ്യാന്‍ ശ്രീനിവാസനും ബേസില്‍ ജോസഫും തമ്മിലുള്ള സൗഹൃദം. ഇരുവരും തമ്മിലുള്ള കൊടുക്കല്‍ വാങ്ങലുകള്‍ പലപ്പോഴും പ്രേക്ഷകരെ ചിരിപ്പിക്കുന്ന ഒന്നാണ്. വര്‍ഷങ്ങള്‍ക്ക് ശേഷം എന്ന സിനിമയുടെ പ്രൊമോഷനിടയില്‍ ഇരുവരും തമ്മിലുള്ള സംഭാഷണം സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു. ബേസിലിന്റെ സിനിമകള്‍ ഹിറ്റാകുന്നതിനെക്കുറിച്ച് സംസാരിക്കുകയാണ് ധ്യാന്‍ ശ്രീനിവാസന്‍.

എത്ര ഹിറ്റുണ്ടെങ്കിലും ബേസിലിന്റെ അഭിനയം തന്റെ അത്ര വരില്ലെന്ന് ധ്യാന്‍ പറഞ്ഞു. മിന്നല്‍ മുരളിക്ക് ശേഷം വീക്കെന്‍ഡ് ബ്ലോക്ക്ബസ്‌റ്റേഴ്‌സ് ചെയ്യുന്ന സിനിമയില്‍ താനാണ് നായകനെന്നും ബേസിലിനെ അവര്‍ പരിഗണിച്ചില്ലെന്നും ധ്യാന്‍ കൂട്ടിച്ചേര്‍ത്തു. ബേസിലിന്റെ അഭിനയം അവര്‍ക്ക് ഇഷ്ടമാകാത്തതുകൊണ്ടാകാം അവനെ പരിഗണിക്കാത്തതെന്നും ധ്യാന്‍ പറഞ്ഞു.

വിനീത് ശ്രീനിവാസന്റെ ഏറ്റവും നല്ല അസിസ്റ്റന്റാണെന്ന് പറഞ്ഞ് നടന്നിട്ടും വര്‍ഷങ്ങള്‍ക്ക് ശേഷത്തിലേക്ക് നായകനായി വിളിച്ചത് തന്നെയാണെന്നും ധ്യാന്‍ കൂട്ടിച്ചേര്‍ത്തു. തന്റെ കഥാപാത്രത്തിന്റെ അസിസ്റ്റന്റായാണ് ബേസിലിനെ കാസ്റ്റ് ചെയ്തതെന്നും ധ്യാന്‍ പറഞ്ഞു. ആ സിനിമയില്‍ ബേസിലാണ് നായകനായതെങ്കില്‍ ആദ്യദിവസം തന്നെ ചിത്രം വാഷ് ഔട്ടായേനെയെന്നും ധ്യാന്‍ കൂട്ടിച്ചേര്‍ത്തു. ഫില്‍മി മൂഡ്‌സിന് നല്‍കിയ അഭിമുഖത്തിലാണ് ധ്യാന്‍ ഇക്കാര്യം പറഞ്ഞത്.

‘അവന് ഇപ്പോ കുറച്ച് ഹിറ്റ് ഉണ്ടെന്നൊക്കെ പറയുന്നു, പക്ഷേ അവനെക്കാള്‍ കൂടുതല്‍ സിനിമ ചെയ്ത എക്‌സ്പീരിയന്‍സ് എനിക്കുണ്ട്. അതുകൊണ്ട് തന്നെ അവനെക്കാള്‍ മികച്ച നടന്‍ ഞാന്‍ തന്നെയാണ്. അല്ലെങ്കില്‍ മിന്നല്‍ മുരളിക്ക് ശേഷം വീക്കെന്‍ഡ് ബ്ലോക്ക്ബസ്‌റ്റേഴ്‌സ് ചെയ്യുന്ന പടത്തില്‍ അവനെയല്ലേ നായകനാക്കേണ്ടിയിരുന്നത്. അവര്‍ എന്നിട്ട് എന്നെയല്ലേ വിളിച്ചത്. അതില്‍ തന്നെ കാര്യം മനസിലായല്ലോ.

അത് മാത്രമല്ല, ഏട്ടന്റെ അസിസ്റ്റന്റുമാരില്‍ ഏറ്റവും ബെസ്റ്റ് എന്ന് പറയുന്നവനല്ലേ ബേസില്‍. ഏട്ടന്‍ വര്‍ഷങ്ങള്‍ക്ക് ശേഷം ചെയ്യുന്ന സമയത്ത് എന്നെയാണ് നായകനാക്കിയത്. സെക്കന്‍ഡ് ഹാഫില്‍ എന്നെ സഹായിക്കാന്‍ വരുന്ന അസിസ്റ്റന്റായിട്ടാണ് അവനെ കാസ്റ്റ് ചെയ്തത്. ഒന്ന് ആലോചിച്ച് നോക്കിക്കേ, അവനെങ്ങാനുമാണ് വര്‍ഷങ്ങള്‍ക്ക് ശേഷത്തിലെ നായകനെങ്കില്‍ ആദ്യത്തെ ദിവസം തന്നെ പടം വാഷ് ഔട്ട് ആയേനെ,’ ധ്യാന്‍ ശ്രീനിവാസന്‍ പറയുന്നു.

Content Highlight: Dhyan Sreenivasan says he is a good actor than Basil Joseph