| Sunday, 23rd October 2022, 4:53 pm

ഷൂട്ട് കാണാന്‍ വന്നവരില്‍ നിന്നും അഭിനയിക്കാന്‍ വന്നവരില്‍ നിന്നും കടം വാങ്ങിയാണ് ഷൂട്ട് തീര്‍ത്തത്: ധ്യാന്‍ ശ്രീനിവാസന്‍

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

ധ്യാന്‍ ശ്രീനിവാസന്റെ സംവിധാനത്തില്‍ വന്‍ താരനിരയോടെ ഒരുങ്ങിയ ചിത്രമായിരുന്നു ലവ് ആക്ഷന്‍ ഡ്രാമ. നിവിന്‍ പോളി നായകനായെത്തിയ ചിത്രത്തില്‍ നയന്‍താരയായിരുന്നു നായിക കഥാപാത്രത്തെ അവതരിപ്പിച്ചത്. അജു വര്‍ഗീസ് ആയിരുന്നു ചിത്രത്തിന്റെ നിര്‍മാതാവ്. 2019ല്‍ ഓണത്തിന് റിലീസ് ചെയ്ത ചിത്രം ബോക്‌സോഫീസില്‍ ഹിറ്റായിരുന്നു.

എന്നാല്‍ ചിത്രത്തിന്റെ ഷൂട്ടിങ് സമയത്ത് സാമ്പത്തികമായി പ്രയാസങ്ങളുണ്ടായിരുന്നുവെന്നും അഭിനയിക്കാന്‍ വന്നവരോടു പോലും കടം വാങ്ങിയാണ് ചിത്രം പൂര്‍ത്തിയാക്കിയതെന്നും പറയുകയാണ് മിര്‍ച്ചി മലയാളത്തിന് നല്‍കിയ അഭിമുഖത്തില്‍ ധ്യാന്‍.

റിയലിസ്റ്റിക് സിനിമകളുടെ കാലത്ത് ഒരു തട്ടുപൊളിപ്പന്‍ സിനിമയായിട്ട് വരുന്ന ഈ പടത്തിന് എന്ത് റലവന്‍സ് ഉണ്ടെന്ന് ഞാന്‍ തന്നെ ഒരുപാട് ആലോചിച്ചിട്ടുണ്ട്. വല്യ ബജറ്റില്‍ ഒരുക്കുന്ന സിനിമ, വലിയ ക്രൂ അങ്ങനെ എല്ലാം ലവ് ആക്ഷന്‍ ഡ്രാമയുടെ സമയത്ത് പ്രഷര്‍ ആയിരുന്നുവെന്നും ധ്യാന്‍ കൂട്ടിച്ചേര്‍ക്കുന്നുണ്ട്.

‘വലിയ ബജറ്റില്‍ ഒരുക്കുന്ന സിനിമ, വലിയ ക്രൂ അങ്ങനെ എല്ലാം ലവ് ആക്ഷന്‍ ഡ്രാമയുടെ സമയത്ത് പ്രഷര്‍ ആയിരുന്നു. അതും റിയലിസ്റ്റിക് സിനിമകളുടെ കാലത്ത് ഒരു തട്ടുപൊളിപ്പന്‍ സിനിമയായിട്ട് വരുന്ന ഈ പടത്തിന് എന്ത് റലവന്‍സ് ഉണ്ടെന്ന് ഞാന്‍ തന്നെ ഒരുപാട് ആലോചിച്ചിട്ടുണ്ട്. പക്ഷേ ഫെസ്റ്റിവല്‍ ടൈമില്‍ പടം ഓടും എന്ന് എനിക്ക് അറിയാമായിരുന്നു.

ആര്‍ടിസ്റ്റുകള്‍ വന്നപ്പോ അതിനനുസരിച്ച് മാറ്റങ്ങള്‍ സിനിമയില്‍ കൊണ്ടുവന്നിരുന്നു. ഹ്യൂമറും പരിപാടിയും ഒക്കെ കൊണ്ടുവന്നു. പിന്നെ വിചാരിച്ചതൊന്നും ഷൂട്ട് ചെയ്യാന്‍ പറ്റിയില്ല. അങ്ങനെ ഒരുപാട് കാര്യങ്ങളുണ്ടായി. പക്ഷേ ഓണത്തിന് ഇറങ്ങിയതില്‍ ഏറ്റവും കൂടുതല്‍ പൈസ ഞങ്ങളുണ്ടാക്കി. ഒരു പേരുണ്ടാക്കി. ഇട്ട കാശ് തിരിച്ചുകിട്ടുക എന്നേ അള്‍ട്ടിമേറ്റ്‌ലി ചിന്തിച്ചിരുന്നുള്ളൂ.

ആ സിനിമയ്ക്ക് വേണ്ടി എല്ലാവരും പൈസ ഇറക്കിയിരുന്നു. അഭിനയിക്കാന്‍ വന്ന എല്ലാവരും ഞങ്ങള്‍ക്ക് കാശ് തന്നിട്ടുണ്ട്. അച്ഛന്റെ അടുത്തുനിന്നും വാങ്ങി. ഷൂട്ട് കാണാന്‍ വന്നവരില്‍ നിന്ന് പോലും കാശ് വാങ്ങിയിരുന്നു. അത് ശരിക്കും കൂട്ടായ്മ കൊണ്ട് ഉണ്ടായ ഒരു സിനിമയാണ്. പിന്നെ സിനിമ ഒരു കൊളാബറേറ്റീവ് പ്രോസസ് ആണല്ലോ…

‘അമ്മ’യിലുള്ള പലരില്‍ നിന്നും ഞങ്ങള്‍ അന്ന് കാശ് വാങ്ങിയിരുന്നു. അതിന്റെ പ്രധാന കാരണം ഞങ്ങള്‍ വിചാരിച്ചതില്‍ നിന്നും അതിന്റെ ബജറ്റ് ഒരുപാട് കൂടിപ്പോയി. ആദ്യം നിര്‍ത്തി രണ്ടാമത് ഷൂട്ട് തുടങ്ങിയപ്പോ കുറച്ച് കൂടി. പിന്നെ വീണ്ടും നിര്‍ത്തി തുടങ്ങിയപ്പോ വീണ്ടും കൂടി. രണ്ട് വര്‍ഷം എടുത്തായിരുന്നു ഷൂട്ട്,’ ധ്യാന്‍ പറയുന്നു.

Content Highlight: Dhyan sreenivasan says about the difficulties team faced during the shoot of love action drama

We use cookies to give you the best possible experience. Learn more