| Friday, 21st June 2024, 5:48 pm

മലയാളത്തില്‍ നെപ്പോട്ടിസത്തിന്റെ പതാക വാഹകനാണ് വിനീത് ശ്രീനിവാസന്‍: ധ്യാന്‍

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

വിനീത് ശ്രീനിവാസന്റെ സംവിധാനത്തില്‍ പ്രണവ് മോഹന്‍ലാല്‍, ധ്യാന്‍ ശ്രീനിവാസന്‍ എന്നിവര്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ച സിനിമയാണ് വര്‍ഷങ്ങള്‍ക്കു ശേഷം. വിഷു റിലീസായെത്തിയ ചിത്രം തിയേറ്ററില്‍ നിന്ന് 70 കോടിക്കു മുകളില്‍ കളക്ട് ചെയ്തിരുന്നു.

എന്നാല്‍ ഒ.ടി.ടി റിലീസിന് ശേഷം സിനിമക്ക് നേരെ വലിയ രീതിയില്‍ ട്രോളുകള്‍ ഉയര്‍ന്നിരുന്നു. നെപ്പോട്ടിസത്തെ പ്രൊമോട്ട് ചെയ്യുന്ന സിനിമയെന്നാണ് പലരും പറഞ്ഞതെന്നും, വിനീത് ശ്രീനിവാസനെ മലയാളത്തിന്റെ കരണ്‍ ജോഹര്‍ എന്ന് പലരും വിളിക്കാറുണ്ടെന്നും ധ്യാന്‍ ശ്രീനിവാസന്‍ പറഞ്ഞു.

സിനിമയിലെ പ്രധാന താരങ്ങളെല്ലാം നെപ്പോ കിഡ്‌സ് ആണെന്നും മലയാളത്തില്‍ നെപ്പോട്ടിസത്തിന്റെ പതാകവാഹകന്‍ വിനീതാണെന്നും ധ്യാന്‍ പറഞ്ഞു. പുതിയ ചിത്രമായ സ്വര്‍ഗത്തിലെ കട്ടുറുമ്പിന്റെ പ്രൊമോഷനുമായി ബന്ധപ്പെട്ട് സൈന സൗത്ത് പ്ലസിന് നല്‍കിയ അഭിമുഖത്തിലാണ് ധ്യാന്‍ ഇക്കാര്യം പറഞ്ഞു.

‘വര്‍ഷങ്ങള്‍ക്കു ശേഷത്തിന് നേരെ വന്ന ട്രോളുകളിലൊന്നായിരുന്നു ഇതൊരു നെപ്പോ പടം ആണെന്നുള്ളത്. ഏട്ടനെ പലരും വിളിക്കുന്നത് മലയാളത്തിന്റെ കരണ്‍ ജോഹര്‍ എന്നാണ്. കാരണം, ബോളിവുഡില്‍ കരണ്‍ ജോഹര്‍ നെപ്പോട്ടിസത്തിനെ പ്രൊമോട്ട് ചെയ്യുന്നത് പോലെയാണ് ഇവിടെ ഏട്ടന്‍ സ്വന്തം സിനമയില്‍ നെപ്പോ കിഡ്‌സിനെ വിളിക്കുന്നത്.

മലയാളത്തില്‍ നെപ്പോട്ടിസത്തിന്റെ ഫ്‌ളാഗ് ബെയറര്‍ ഏട്ടനാണെന്ന് പറയുന്നവരുണ്ട്. ഈ സിനിമയുടെ കാര്യം നോക്കിയാല്‍ കാര്യം ശരിയാണ്. മോഹന്‍ലാലിന്റെ മകന്‍, ശ്രീനിവാസന്റെ മകന്‍, പ്രിയദര്‍ശന്റെ മകള്‍ ഇവരൊക്കെയാണ് പ്രധാന താരങ്ങള്‍.

ബോംബൈ ജയശ്രീയുടെ മകനെ മ്യൂസിക് ഡയറക്ടറാക്കി. ഇത്രയും നെപ്പോ കിഡ്‌സിനെ ഒറ്റ സിനിമയില്‍ കൊണ്ടുവന്നത് ഏട്ടന്‍ മാത്രമാണ്. പക്ഷേ നമ്മള്‍ ചെയ്യേണ്ട പണി നമ്മള് തന്നെ ചെയ്യണ്ടേ, ഈ സിനിമയിലായാലും വേറെ സിനിമയിലായാലും അഭിനയിക്കുക എന്നുള്ളതാണല്ലോ നമ്മുടെ പണി. അത് കൃത്യമായി ചെയ്താല്‍ ആരും വിമര്‍ശിക്കില്ലല്ലോ,’ ധ്യാന്‍ ശ്രീനിവാസന്‍ പറഞ്ഞു.

Content Highlight: Dhyan Sreenivasan saying that Vineeth Sreenivasan is the Flag bearer of nepotism in Malayalam cinema

We use cookies to give you the best possible experience. Learn more