എന്റെ സിനിമകള്‍ മാത്രമല്ല, ഇവിടത്തെ എറ്റവും വലിയ സൂപ്പര്‍സ്റ്റാറിന്റെ കഴിഞ്ഞ എത്രയോ വര്‍ഷത്തെ സിനിമകള്‍ പൊട്ടിക്കൊണ്ടിരിക്കുകയാണ്: ധ്യാന്‍ ശ്രീനിവാസന്‍
കഴിഞ്ഞ മൂന്ന് വര്‍ഷത്തിനിടെ 20നടുത്ത് സിനിമകള്‍ ചെയ്ത നടനാണ് ധ്യാന്‍ ശ്രീനിവാസന്‍. മിക്ക സിനിമകളും സാമ്പത്തികമായി പ്രതീക്ഷിച്ച വിജയം നേടാത്തതിനാല്‍ വിമര്‍ശകര്‍ പലപ്പോഴും ധ്യാനിന്റെ സിനിമാ സെലക്ഷനെ വിമര്‍ശിച്ചു രംഗത്ത് വന്നിരുന്നു. എന്നാല്‍ തന്റെ സിനിമകള്‍ മാത്രമല്ല, മലയാളത്തിലെ മെയിന്‍ സ്ട്രീം സൂപ്പര്‍സ്റ്റാറിന്റെ സിനിമകള്‍ പോലും കഴിഞ്ഞ കുറെവര്‍ഷങ്ങളായിട്ട് പരാജയപ്പെടുകയാണെന്ന് ധ്യാന്‍ അഭിപ്രായപ്പെട്ടു.
ഇന്നത്തെ കാലത്ത് സ്റ്റേബിളായിട്ടുള്ള ഒരു നടന്‍ പോലുമില്ലെന്നും, ഒ.ടി.ടി റൈറ്റ്‌സും, സാറ്റ്‌ലൈറ്റ് റൈറ്റ്‌സും ഇനി മുതല്‍ നല്ല സിനിമകള്‍ക്ക് മാത്രമാകുമെന്നും ധ്യാന്‍ അഭിപ്രായപ്പെട്ടു. എത്ര വലിയ നടന്റെ സിനിമയാണെങ്കിലും നല്ല സിനിമയാണെങ്കില്‍ മാത്രമേ തിയേറ്ററില്‍ ഓടുള്ളൂവെന്നും ധ്യാന്‍ പറഞ്ഞു. ക്യൂ സ്റ്റുഡിയോക്ക് നല്‍കിയ അഭിമുഖത്തിലാണ് ധ്യാന്‍ ഇക്കാര്യം പറഞ്ഞത്.
‘ഒരു സിനിമ ഹിറ്റായെന്ന് വിചാരിച്ച് ഞാന്‍ എന്റെ ഡിമാന്‍ഡ് ഒന്നും കൂട്ടാന്‍ പോകുന്നില്ല. കാരണം, ഞാന്‍ മാത്രമല്ല, മലയാളത്തില്‍ ഒരു നടനും ഇപ്പോള്‍ സ്‌റ്റേബിളല്ല. ഇവിടത്തെ മെയിന്‍സ്ട്രീം സൂപ്പര്‍സ്റ്റാറിന്റെ സിനിമകള്‍ പോലും കഴിഞ്ഞ കുറെ വര്‍ഷങ്ങളായി പരാജയമാണ്.
ഒ.ടി.ടി പ്ലാറ്റ്‌ഫോമുകളൊക്കെ എല്ലാ സിനിമളും ഏറ്റെടുക്കാതെ ചവിട്ടിയിരിക്കുകയാണ്. അവര്‍ക്കും പല സിനിമകള്‍ നഷ്ടമുണ്ടാക്കിയിട്ടുണ്ട്. സാറ്റ്‌ലൈറ്റ് റൈറ്റ്‌സും ഒ.ടി.ടി റൈറ്റ്‌സും കൊണ്ട് സേഫാകാന്‍ ഒന്നും ഇനി പറ്റുമെന്ന് തോന്നുന്നില്ല. എത്ര വലിയ ബജറ്റുള്ള സിനിമയാണെങ്കിലും തിയേറ്ററില്‍ ആളുകള്‍ ഏറ്റെടുത്തോ എന്ന് നോക്കിയിട്ടേ പല ബിസിനസും ഇനി നടക്കുള്ളൂ.
തിയേറ്റര്‍ വിജയമാണ് ഇനിയങ്ങോട്ട് പല സിനിമകളുടെയും ഭാവി തീരുമാനിക്കുന്നത്. നല്ല സിനിമയാണെങ്കില്‍ ആളുകള്‍ വിജയിപ്പിക്കും,’ ധ്യാന്‍ പറഞ്ഞു.
Content Highlight: Dhyan Sreenivasan saying that superstars movies are also getting flop