നിവിന്‍ പോളിക്ക് പകരം മറ്റൊരു നടനെയായിരുന്നു മലര്‍വാടിയില്‍ ഉദ്ദേശിച്ചത്, ഇപ്പോ ആള് വലിയ സംവിധായകനായി: ധ്യാന്‍ ശ്രീനിവാസന്‍
Entertainment
നിവിന്‍ പോളിക്ക് പകരം മറ്റൊരു നടനെയായിരുന്നു മലര്‍വാടിയില്‍ ഉദ്ദേശിച്ചത്, ഇപ്പോ ആള് വലിയ സംവിധായകനായി: ധ്യാന്‍ ശ്രീനിവാസന്‍
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Monday, 8th July 2024, 10:03 am

ക്യാമറയുടെ മുന്നിലും പിന്നിലും ഒരുപിടി പുതുമുഖങ്ങളെ അണിനിരത്തി വിനീത് ശ്രീനിവാസന്‍ സംവിധാനം ചെയ്ത് 2010ല്‍ റിലീസായ ചിത്രമാണ് മലര്‍വാടി ആര്‍ട്‌സ് ക്ലബ്ബ്. നിവിന്‍ പോളി, അജു വര്‍ഗീസ്, സിജു വിത്സണ്‍, ഭഗത് മാനുവല്‍ തുടങ്ങിവരുടെ ആദ്യ സിനിമയായിരുന്നു മലര്‍വാടി ആര്‍ട്‌സ് ക്ലബ്ബ്. ഒരുകൂട്ടം യുവാക്കളുടെ കഥ പറഞ്ഞ സിനിമ വലിയ വിജയമായിരുന്നു.

മലര്‍വാടിയിലൂടെ മലയാളസിനിമയിലേക്ക് അരങ്ങേറിയ നിവിന്‍ പോളി ഇന്ന് മലയാളസിനിമയിലെ മികച്ച നടന്മാരില്‍ ഒരാളാണ്. എന്നാല്‍ നിവിന് പകരം വിനീത് മറ്റൊരാളെ കൂടി പരിഗണിച്ചിരുന്നുവെന്ന് പറയുകയാണ് ധ്യാന്‍ ശ്രീനിവാസന്‍. ഛായാഗ്രഹകനും സംവിധായകനുമായ റോബി വര്‍ഗീസ് രാജിനെയായിരുന്നു വിനീത് പരിഗണിച്ചതെന്ന് ധ്യാന്‍ പറഞ്ഞു.

എന്നാല്‍ ആ സമയത്ത് റോബിക്ക് എത്താന്‍ സാധിച്ചിരുന്നില്ലെന്നും പിന്നീട് ആ അവസരം നിവിനിലേക്ക് എത്തുകയായിരുന്നുവെന്നും ധ്യാന്‍ പറഞ്ഞു. അതിന് ശേഷം റോബി തട്ടത്തിന്‍ മറയത്തില്‍ അസിസ്റ്റന്റ് സിനിമാറ്റോഗ്രാഫറായെന്നും പിന്നീട് മമ്മൂട്ടിയെ നായകനാക്കി കണ്ണൂര്‍ സ്‌ക്വാഡ് സംവിധാനം ചെയ്യുന്ന ലെവലിലേക്ക് ഉയര്‍ന്നുവെന്നും ധ്യാന്‍ കൂട്ടിച്ചേര്‍ത്തു. പുതിയ സിനിമയായ പാര്‍ട്‌ണേഴ്‌സിന്റെ പ്രൊമോഷനുമായി ബന്ധപ്പെട്ട് മാതൃഭൂമി ന്യൂസിന് നല്‍കിയ അഭിമുഖത്തിലാണ് താരം ഇക്കാര്യം പറഞ്ഞത്.

‘മലര്‍വാടിയില്‍ നിവിന്റെ റോളിലേക്ക് ആദ്യം പരിഗണിച്ചത് റോബിയെയായിരുന്നു. അന്ന് നിവിനെക്കാള്‍ ലുക്ക് റോബിക്കായിരുന്നു. പ്രകാശന്‍ എന്ന ക്യാരക്ടറായി റോബി മതിയെന്ന് തീരുമാനിച്ചതുമായിരുന്നു. പക്ഷേ റോബിക്ക് എന്തോ തിരക്ക് കാരണം വരാന്‍ സാധിച്ചില്ല. അങ്ങനെയാണ് ആ വേഷം നിവിനിലേക്ക് എത്തുന്നത്. പിന്നീട് നിവിന്‍ വെച്ചടി വെച്ചടി കേറി.

റോബിയുടെ കാര്യവും വ്യത്യസ്തമല്ല, പുള്ളി അഭിനയം വിട്ട് ക്യാമറാമാനാവന്‍ ശ്രമിച്ചു. തട്ടത്തിന്റെ ഷൂട്ട് നടക്കുമ്പോള്‍ പുള്ളിയായിരുന്നു ജോമോന്‍ ചേട്ടന്റെ അസിസ്റ്റന്റ്. പിന്നെ ഗ്രേറ്റ് ഫാദറിന്റെയും ലവ് ആക്ഷന്‍ ഡ്രാമയുടെയും ക്യാമറ ചെയ്തത് റോബി ചേട്ടനായിരുന്നു. എല്ലാത്തിനെക്കാളും ഇംപോര്‍ട്ടന്റ് കാര്യം പുള്ളി മമ്മൂക്കയെ ഹീറോയാക്കി കണ്ണൂര്‍ സ്‌ക്വാഡ് ഡയറക്ട് ചെയ്തതാണ്,’ ധ്യാന്‍ പറഞ്ഞു.

Content Highlight: Dhyan Sreenivasan saying that Roby Vargheese Raj was the first option in Malarvadi Arts Club movie instead of Nivin Pauly