| Saturday, 22nd June 2024, 11:14 pm

അച്ഛനും ലാലങ്കിളും തമ്മിലുള്ള പ്രശ്‌നമൊന്നും അപ്പുവിന് അറിയില്ല: ധ്യാന്‍ ശ്രീനിവാസന്‍

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

നടന്‍, സംവിധായകന്‍, തിരക്കഥാകൃത്ത് എന്നീ മേഖലകളില്‍ തന്റെ കയ്യൊപ്പ് പതിപ്പിച്ച നടനാണ് ധ്യാന്‍ ശ്രീനിവാസന്‍. വിനീത് ശ്രീനിവാസന്‍ സംവിധാനം ചെയ്ത തിരയിലൂടെയാണ് ധ്യാന്‍ സിനിമാമേഖലയിലേക്കെത്തുന്നത്. 10 വര്‍ഷത്തെ കരിയറില്‍ നിരവധി സിനിമകളില്‍ താരം ഭാഗമായി. വിനീത് ശ്രീനിവാസന്‍ സംവിധാനം ചെയ്ത വര്‍ഷങ്ങള്‍ക്കു ശേഷത്തിലും മികച്ച പ്രകടനമാണ് ധ്യാന്‍ കാഴ്ചവെച്ചത്.

പ്രണവ് മോഹന്‍ലാലും ചിത്രത്തില്‍ പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ചിരുന്നു. പ്രണവുമായി തനിക്ക് നല്ല സൗഹൃദമാണെന്ന് ധ്യാന്‍ പറഞ്ഞു. മോഹന്‍ലാലും ശ്രീനിവാസനും തമ്മിലുള്ള പ്രശ്‌നമൊന്നും തങ്ങളുടെ സൗഹൃദത്തെ ബാധിച്ചില്ലെന്നും അവര്‍ തമ്മിലുള്ള പ്രശ്‌നങ്ങള്‍ പണ്ടത്തെ പോലെ വലുതല്ലെന്നും ധ്യാന്‍ പറഞ്ഞു. ഭാവിയില്‍ മോഹന്‍ലാലിനെ വെച്ച് സിനിമ ചെയ്യാന്‍ പ്ലാനുണ്ടെന്നും താരം പറഞ്ഞു.

എന്നാല്‍ പ്രണവ് മലയാളസിനിമയൊന്നും അധികം കാണാത്തതുകൊണ്ട് മോഹന്‍ലാലും ശ്രീനിവാസനും തമ്മിലുള്ള പ്രശ്‌നത്തെക്കുറിച്ച് അറിയില്ലെന്നും ആരും അവനോട് അതിനെപ്പറ്റി സംസാരിക്കാറില്ലെന്നും ധ്യാന്‍ കൂട്ടിച്ചേര്‍ത്തു. ധ്യാന്‍ നായകനാകുന്ന പുതിയ ചിത്രമായ പാര്‍ട്‌ണേഴ്‌സിന്റെ പ്രൊമോഷനുമായി ബന്ധപ്പെട്ട് നടത്തിയ പ്രസ്മീറ്റിലാണ് താരം ഇക്കാര്യം പറഞ്ഞത്.

‘വര്‍ഷങ്ങള്‍ക്കു ശേഷത്തിന്റെ സെറ്റില്‍ വെച്ചാണ് ഞാനും അപ്പുവും കമ്പനിയാകുന്നത്. ഞങ്ങള്‍ സെറ്റില്‍ ഭയങ്കര വൈബായിരുന്നു. ഇപ്പോഴും ഞങ്ങള്‍ ഇടക്കിടക്ക് കോണ്ടാക്ട് ചെയ്യും. അച്ഛനും ലാലങ്കിളും തമ്മില്‍ ഇപ്പോള്‍ പ്രശ്‌നമൊന്നുമില്ല. ഭാവിയില്‍ ലാലങ്കിളിനെ വെച്ച് ഞാനൊരു സിനിമ ചെയ്‌തേക്കാം. ഇപ്പോള്‍ എന്ത് വേണമെങ്കിലും പറയാമല്ലോ.

അപ്പുവിന് അച്ഛനും ലാലങ്കിളും തമ്മിലുള്ള പ്രശ്‌നത്തെക്കുറിച്ചൊന്നും അറിയില്ല. അവന്‍ ഈ മലയാള സിനിമയൊന്നും കാണാറില്ല. അതുകൊണ്ട് എന്തൊക്കെയാണ് ഈ ഇന്‍ഡസ്ട്രിയില്‍ നടക്കുന്നത് എന്നൊന്നും അവന് അറിയില്ല. അവന്റെ ലോകം തന്നെ വേറെയാണ്. സെറ്റിലൊന്നും ആരും അവനോട് ഈ പ്രശ്‌നത്തെപ്പറ്റി സംസാരിക്കാറുമില്ലായിരുന്നു,’ ധ്യാന്‍ പറഞ്ഞു.

Content Highlight: Dhyan Sreenivasan saying that Pranav don’t know the issue of Sreenivasan and Mohanlal

We use cookies to give you the best possible experience. Learn more