| Wednesday, 10th July 2024, 9:53 am

വര്‍ഷങ്ങള്‍ക്ക് ശേഷത്തില്‍ പ്രണവിന് കിട്ടിയതിനെക്കാള്‍ ട്രോള്‍ എനിക്ക് കിട്ടുമെന്ന് വിചാരിച്ചിരുന്നു: ധ്യാന്‍ ശ്രീനിവാസന്‍

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

വിനീത് ശ്രീനിവാസന്റെ സംവിധാനത്തില്‍ ഈ വര്‍ഷം പുറത്തിറങ്ങിയ സിനിമയാണ് വര്‍ഷങ്ങള്‍ക്ക് ശേഷം. പ്രണവ് മോഹന്‍ലാല്‍, ധ്യാന്‍ ശ്രീനിവാസന്‍ എന്നിവര്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ച സിനിമ ഈ വര്‍ഷത്തെ വിജയ ചിത്രങ്ങളുടെ പട്ടികയിലുള്‍പ്പെടുന്നതാണ്. ബോക്‌സ് ഓഫീസില്‍ 70 കോടിക്കു മുകളില്‍ ചിത്രം കളക്ട് ചെയ്തു.

എന്നാല്‍ ഒ.ടി.ടി റിലീസിന് പിന്നാലെ ചിത്രം വലിയ വിമര്‍ശനങ്ങള്‍ നേരിടേണ്ടി വന്നിരുന്നു. സിനിമയിലെ കഥാപാത്രങ്ങളുടെ പ്രായമായ സമയത്തെ മേക്കപ്പാണ് ഇതില്‍ വലിയ വിമര്‍ശനം നേരിടേണ്ടി വന്നത്. പ്രണവ് മോഹന്‍ലാലിന്റെ പ്രായമായ ഗെറ്റപ്പ് പല ട്രോള്‍ പോജുകളിലും വലിയ വിമര്‍ശനം നേരിട്ടിരുന്നു. ഇതിനോട് പ്രതികരിക്കുകയാണ് ധ്യാന്‍ ശ്രീനിവാസന്‍. പ്രണവിന് കിട്ടിയതിനെക്കാള്‍ കൂടുതല്‍ ട്രോളുകള്‍ തന്റെ വയസ്സായ ലുക്കിന് പ്രതീക്ഷിച്ചിരുന്നുവെന്ന് ധ്യാന്‍ പറഞ്ഞു.

പ്രണവിനെ വല്ലപ്പോഴും മാത്രം കാണുന്നത് കൊണ്ട് അവന് അധികം ട്രോളുകള്‍ കിട്ടില്ലെന്ന് താന്‍ കരുതിയെന്നും തന്നെ എപ്പോഴും കാണുന്നതിനാല്‍ തനിക്കാവും ഏറ്റവും ട്രോള്‍ കിട്ടാന്‍ പോകുന്നതെന്ന് പേടിച്ചെന്നും താരം പറഞ്ഞു. തങ്ങളുടെ മേക്കപ്പിന്റെ കാര്യത്തില്‍ വിനീത് കണ്‍വിന്‍സ്ഡായിരുന്നെന്നും ധ്യാന്‍ കൂട്ടിച്ചേര്‍ത്തു. പുതിയ ചിത്രമായ പാര്‍ട്‌ണേഴ്‌സിന്റെ പ്രൊമോഷനുമായി ബന്ധപ്പെട്ട് ക്യൂ സ്റ്റുഡിയോക്ക് നല്‍കിയ അഭിമുഖത്തിലാണ് താരം ഇക്കാര്യം പറഞ്ഞത്

‘വര്‍ഷങ്ങള്‍ക്ക് ശേഷം ഒ.ടി.ടിയിലെത്തിയപ്പോള്‍ പ്രണവിനെക്കാള്‍ കൂടുതല് ട്രോള്‍ എനിക്ക് കിട്ടുമെന്നാണ് ഞാന്‍ കരുതിയത്. കാരണം പ്രണവിനെ ആളുകള്‍ അധികം കാണുന്നില്ലല്ലോ, അവന്‍ ഒരു സിനിമ ചെയ്തിട്ട് പിന്നെ അതിനെപ്പറ്റി ആലോചിക്കാതെ നടക്കുകയാണല്ലോ. എന്നെ ആളുകള്‍ എപ്പോഴും കാണുന്നത് കൊണ്ട് പ്രണവിനെക്കാള്‍ ട്രോള്‍ എനിക്ക് കിട്ടുമെന്ന് കരുതി.

തിയേറ്ററില്‍ ഇറങ്ങിയപ്പോള്‍ പലരും പറഞ്ഞത്, പ്രണവിന്റെ വയസ്സായ ലുക്ക് കൊള്ളാം എന്നായിരുന്നു. പക്ഷേ ഒ.ടി.ടി റിലീസായപ്പോള്‍ നേരെ തിരിച്ചായി. ഷൂട്ടിന്റെ സമയത്ത് ഈ മേക്കപ്പെല്ലാം ട്രോളന്മാര്‍ക്ക് ഇരയാകാന്‍ ചാന്‍സുണ്ടെന്ന് ഞാന്‍ ഏട്ടനോട് പറഞ്ഞിരുന്നു. പക്ഷേ സിനിമയുടെ ക്യാപ്റ്റന്‍ പുള്ളിയാണല്ലോ, മേക്കപ്പിന്റെ കാര്യത്തില്‍ ഏട്ടന്‍ കണ്‍വിന്‍സ്ഡായപ്പോള്‍ പിന്നെ ഒന്നും പറയാന്‍ പോയില്ല,’ ധ്യാന്‍ പറഞ്ഞു.

Content Highlight: Dhyan Sreenivasan saying that he expected more trolls than Pranav after OTT release of Varshangalkku Sesham

We use cookies to give you the best possible experience. Learn more