| Wednesday, 24th April 2024, 7:39 pm

രാജുവേട്ടന്‍ 24ാം വയസില്‍ ചെയ്തുവെച്ച ആ വേഷം ഇനി ഒരു യൂത്ത് നടനും ചെയ്യാന്‍ പറ്റില്ല: ധ്യാന്‍ ശ്രീനിവാസന്‍

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

താന്‍ പൃഥ്വിരാജിന്റെ ആരാധകനാകാനുണ്ടായ കാരണത്തെക്കുറിച്ച് സംസാരിക്കുകയാണ് ധ്യാന്‍ ശ്രീനിവാസന്‍. പൃഥ്വിയുടെ അഭിനയത്തെക്കാള്‍ തനിക്കിഷ്ടം അയാളുടെ മാസ് റോളുകളാണെന്നും ധ്യാന്‍ പറഞ്ഞു. 24ാം വയസില്‍ പൃഥ്വി ടെയ്തുവെച്ച വാസ്തവം പോലൊരു സിനിമ ഇനിയൊരു യൂത്ത് നടന് ചെയ്യാന്‍ പ്രയാസമാണെന്നും, ആ സിനിമക്ക് സ്റ്റേറ്റ് അവാര്‍ഡ് കിട്ടിയ ശേഷം പൃഥ്വി പറഞ്ഞ പ്രസംഗം കേട്ടാണ് താന്‍ ഫാനായതെന്നും ധ്യാന്‍ പറഞ്ഞു. ക്യൂ സ്റ്റുഡിയോക്ക് നല്‍കിയ അഭിമുഖത്തിലാണ് ധ്യാന്‍ ഇക്കാര്യം പറഞ്ഞത്.

‘തമിഴില്‍ രജിനി, കമല്‍, വിജയകാന്ത് ഇവരൊക്കെ ഉണ്ടാക്കിയ ഒരു ഓളമുണ്ട്. മാസ് സിനിമ ചെയ്ത് ആളുകളെ കൈയിലെടുത്ത നടന്മാരാണ് അവര്‍. അതിന് ശേഷം അങ്ങനെയൊരു ഓളമുണ്ടാക്കിയത് അജിത്താണ്. ദീനാ എന്ന സിനിമയിലൂടെ. പിന്നീട് വിജയ് ഗില്ലി പോലുള്ള സിനിമകള്‍ മാസ് ഹീറോയായി.

മലയാളത്തില്‍ ഇതുപോലെ ഓളമുണ്ടാക്കിയ നടന്‍ രാജുവേട്ടനാണ്. നന്ദനം പോലുള്ള സിനിമകള്‍ ആദ്യകാലത്ത് ചെയ്തുവെച്ച ആളാണ്. പക്ഷേ, രാജുവേട്ടന്‍ പുള്ളിയുടെ 24ാമത്തെ വയസില്‍ ചെയ്ത സിനിമയാണ് വാസ്തവം. അതുപോലൊരു റോള്‍ പിന്നീടാരും ചെയ്തിട്ടില്ല. ലാലങ്കിളിനും മമ്മൂക്കക്കും ശേഷം അതുപോലൊരു റോള്‍ ചെയ്തത് രാജുവേട്ടനാണ്. ഇനി ഒരു യൂത്തനും അങ്ങനെയൊരു റോള്‍ ചെയ്യാന്‍ പറ്റില്ല. സ്റ്റേറ്റ് അവാര്‍ഡ് കിട്ടിയ സിനിമയാണ് അത്.

ആ സിനിമക്ക് അവാര്‍ഡ് കിട്ടിയ ശേഷം രാജുവേട്ടന്‍ നടത്തിയ ഒരു പ്രസംഗമുണ്ട്, ടാഗോര്‍ തിയേറ്ററില്‍ വെച്ചായിരുന്നു ആ ചടങ്ങ്. ആ കൊല്ലം അച്ഛനും ഏതോ സിനിമക്ക് സ്‌റ്റേറ്റ് അവാര്‍ഡുണ്ടായിരുന്നു. അന്ന് രാജുവേട്ടന്‍ നടത്തിയ പ്രസംഗം കണ്ടാണ് ഞാന്‍ ഫാനായത്. കാരണം ,ഒരു 24 കാരന് ഇത്രയും പക്വതയും ഇത്ര വലിയ വിഷനും ഉണ്ടോ എന്ന് ചിന്തിച്ചു പോയി.

ഞാനൊക്കെ എന്റെ 24ാമത്തെ വയസില്‍ ജീവിത്തിലിനി എന്തുചെയ്യുമെന്ന് അറിയാതെ കണ്‍ഫ്യൂഷനടിച്ച് നില്‍ക്കുമ്പോഴാണ് പുള്ളി അത്ര ഗംഭീരമായിട്ടുള്ള പ്രസംഗം നടത്തിയത്. അന്നുതൊട്ട് ഫാനായതാണ്. അതിന് ശേഷം പുള്ളി കുറേ സിനിമകള്‍ ചെയ്തു. അതില്‍ നല്ല സിനിമയുമുണ്ട്, അല്ലാത്തതുമുണ്ട്. പക്ഷേ ഒരു തവണ ഇഷ്ടപ്പെട്ടാല്‍ ആ നടന്‍ എത്ര മോശം സിനിമ ചെയ്താലും നമുക്ക് ആ ഇഷ്ടം പോവില്ല,’ ധ്യാന്‍ പറഞ്ഞു.

Content Highlight: Dhyan Sreenivasan saying that he became the fan of Prithviraj after Vasthavam movie

We use cookies to give you the best possible experience. Learn more