| Tuesday, 23rd April 2024, 9:10 am

ഒരൊറ്റ സിനിമക്ക് ക്ലാപ്പടിച്ച എക്‌സ്പീരിയന്‍സിലാണ് അത്രയും സൂപ്പര്‍സ്റ്റാറുകളുടെ പടത്തിന്റെ കൂടെ ബേസില്‍ ക്ലാഷ് വെച്ചത്: ധ്യാന്‍ ശ്രീനിവാസന്‍

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

നല്ല സിനിമകള്‍ ചെയ്യാന്‍ കൂടുതല്‍ എക്‌സ്പീരിയന്‍സ് ഒന്നും വേണ്ട എന്ന് പറയുകയാണ് ധ്യാന്‍ ശ്രീനിവാസന്‍. സുഹൃത്തും സംവിധായകനുമായ ബേസിലിനെ ഉദാഹരണമാക്കിയാണ് ധ്യാനിന്റെ പ്രസ്താവന. കുഞ്ഞിരാമായണം എന്ന സിനിമ ചെയ്യുന്ന സമയത്ത് വെറും ഒരൊറ്റ സിനിമക്ക് ക്ലാപ്പടിച്ചതിന്റെ എക്‌സ്പീരിയന്‍സ് മാത്രമേ അവന് ഉണ്ടായിരുന്നുള്ളൂവെന്നും എന്നിട്ടും ആ സീസണിലെ ക്ലാഷില്‍ കുഞ്ഞിരാമായണമായിരുന്നു വിജയി എന്നും ധ്യാന്‍ പറഞ്ഞു.

സിനിമാറ്റിക് നോളേജ് എന്നത് ഒരൊറ്റ സെറ്റില്‍ വര്‍ക്ക് ചെയ്താലും കിട്ടുമെന്നും സിനിമയോട് അത്രക്ക് പാഷനുണ്ടങ്കില്‍ അതൊക്കെ എളുപ്പമായിരിക്കുമെന്നും ധ്യാന്‍ കൂട്ടിച്ചേര്‍ത്തു. ക്യൂ സ്റ്റുഡിയോക്ക് നല്‍കിയ അഭിമുഖത്തിലാണ് ധ്യാന്‍ ഇക്കാര്യം പറഞ്ഞത്.

‘ബേസിലിന്റെ കാര്യം പറഞ്ഞാല്‍, ഒരൊറ്റ സിനിമയില്‍ മാത്രമേ അവന്‍ വര്‍ക്ക് ചെയ്തിരുന്നുള്ളൂ. തിരയില്‍ ക്ലാപ്പടിച്ച എക്‌സ്പീരിയന്‍സ് വെച്ചാണ് അവന്‍ കുഞ്ഞിരാമായണം ചെയ്തത്. 2015ലെ ഓണത്തിന് ലോഹം, ഉട്ടോപ്യയിലെ രാജാവ്, ഡബിള്‍ ബാരല്‍, ജമ്‌നാ പ്യാരി ഈ സിനിമകളുടെ കൂടെയാണ് കുഞ്ഞിരാമായണം റിലീസായത്. ആ ഓണത്തിലെ ഏറ്റവും വലിയ എന്റര്‍ടൈനറും ഓണം വിന്നറും കുഞ്ഞിരാമായണമായിരുന്നു.

അപ്പുറത്ത് രഞ്ജിത്, ലിജോ ജോസ് പെല്ലിശ്ശേരി പോലെ എക്‌സ്പീരിയന്‍സ്ഡ് ആയിട്ടുള്ള ആള്‍ക്കാരുടെ സിനിമകളുടെ കൂടെയാണ് ഇവന്‍ സിനിമയിറക്കി വിന്നറായത്. അവനെ പൊക്കിപ്പറയേണ്ടി വരുമല്ലോ എന്ന വിഷമം മാത്രമേ ഇപ്പോള്‍ ഉള്ളൂ (ചിരിക്കുന്നു). ഒരൊറ്റ സിനിമയില്‍മാത്രം വര്‍ക്ക് ചെയ്ത നോളേജ് വെച്ചാണ് അവന്‍ ഇത് ചെയ്തത്.

അപ്പോള്‍ സിനിമാറ്റിക് നോളേജ് എന്നുള്ളതില്‍ കാര്യമില്ല. കോമണ്‍ സെന്‍സാണ് സിനിമ. ആ സെന്‍സുള്ള ആള്‍ക്ക് നല്ല സിനിമ ചെയ്യാന്‍ കഴിയും,’ ധ്യാന്‍ പറഞ്ഞു.

Content Highlight: Dhyan Sreenivasan saying about the confidence of Basil in his first movie

We use cookies to give you the best possible experience. Learn more