സിനിമകളെക്കാളും പലപ്പോഴും തന്റെ അഭിമുഖങ്ങളിലൂടെ ശ്രദ്ധേയനാകാറുള്ള നടനാണ് ധ്യാന്‍ ശ്രീനിവാസന്‍. അധികം ആലോചിക്കാതെ വെട്ടിത്തുറന്നാണ് അഭിമുഖങ്ങളില്‍ ധ്യാന്‍ സംസാരിക്കാറുള്ളത്. ധ്യാനിന്റെ പുതിയ സിനിമയായ ഉടല്‍ റിലീസിനൊരുങ്ങിയതോടെ വീണ്ടും അദ്ദേഹത്തിന്റെ അഭിമുഖങ്ങള്‍ വൈറലാവുകയാണ്.
എന്നാല്‍ തന്റെ അഭിമുഖങ്ങള്‍ പിന്നീട് കാണാറില്ലെന്നും അധികം ആലോചിക്കാതെ സംസാരിക്കുന്നത് തന്റെ നാടിന്റെ പ്രത്യേകതയായിരിക്കുമെന്നും പറയുകയാണ് ധ്യാന്‍. ഡൂള്‍ന്യൂസിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു ധ്യാന്‍.
‘ഞാന്‍ പറയുന്നതിനെ പറ്റി കൂടുതല്‍ ആലോചിക്കാറില്ല. ചോദിക്കുന്നതിന് സ്‌പോണ്ടേനിയസായി മറുപടി പറഞ്ഞു പോകുന്നതല്ലാതെ ആലോചിച്ച് ചിന്തിച്ച് ഉത്തരം കൊടുക്കാറില്ല. ഞങ്ങള്‍ ജനിച്ച് വളര്‍ന്ന നാടിന്റെയായിരിക്കാം, അല്ലെങ്കില്‍ പൊതുവേ വടക്കോട്ടുള്ള ആള്‍ക്കാരുടെ പൊതുവേയുള്ള സ്വഭാവമായിരിക്കാം.
ആള്‍ക്കാര് സ്‌ട്രെയ്റ്റ്‌ഫോര്‍വേഡാണ്. ചോദിക്കുന്ന ചോദ്യത്തിന് അതിന്റേതായ മറുപടി പറയുകയെന്നേയുള്ളൂ. കൊടുക്കുന്ന അഭിമുഖങ്ങള്‍ പിന്നീട് പോയി കാണാറില്ല,’ ധ്യാന്‍ പറഞ്ഞു.
അടുത്തിടെ ശ്രീനിവാസന്റെ മരണത്തെ പറ്റി വന്ന വ്യാജ പ്രചരണങ്ങളോടും ധ്യാന്‍ പ്രതികരിച്ചു.
‘അങ്ങനെ പറയുന്നതുകൊണ്ട് അവര്‍ക്കെന്തെങ്കിലും കിട്ടുന്നുണ്ടെങ്കില്‍ കിട്ടിക്കോട്ടെ. അങ്ങനെ ചെയ്യുന്നവര്‍ തുടര്‍ന്നും അങ്ങനെ തന്നെ ചെയ്യൂ. അതിനോട് പ്രതികരിക്കാതിരിക്കുക എന്നതേ ചെയ്യാനുള്ളൂ,’ ധ്യാന്‍ പറഞ്ഞു.
താനും വിനീതും അഭിനയിക്കുന്ന സിനിമ ചിലപ്പോള്‍ ഒരു വര്‍ഷം കഴിയുമ്പോള്‍ ഉണ്ടാവാന്‍ സാധ്യതയുണ്ടെന്നും കൂടെ വര്‍ക്ക് ചെയ്ത ഒരു അസോസിയേറ്റ് ഡയറക്ടറായിരിക്കും സംവിധാനമെന്നും ധ്യാന്‍ പറഞ്ഞു. ഉടല്‍ എല്ലാവരും തിയേറ്ററില്‍ തന്നെ പോയി കാണണമെന്നും ധ്യാന്‍ കൂട്ടിച്ചേര്‍ത്തു.
രതീഷ് രഘുനന്ദന്റ സംവിധാനം ചെയ്യുന്ന ഉടലില്‍ ഇന്ദ്രന്‍സ്, ദുര്‍ഗാ കൃഷ്ണ, ജൂഡ് ആന്തണി ജോസഫ് എന്നിവരാണ് ചിത്രത്തില്‍ മറ്റ് പ്രധാന വേഷങ്ങളിലെത്തുന്നത്.
മനോജ് പിള്ള ഛായാഗ്രഹണം നിര്‍വഹിച്ചിരിക്കുന്ന ഈ ചിത്രം എഡിറ്റ് ചെയ്തിരിക്കുന്നത് നിഷാദ് യൂസഫ് ആണ്. വില്യം ഫ്രാന്‍സിസ് ആണ് ഈ ചിത്രത്തിന് വേണ്ടി സംഗീത സംവിധാനം നിര്‍വഹിച്ചിരിക്കുന്നത്.
ശ്രീ ഗോകുലം മൂവീസിന്റെ ബാനറില്‍ ഗോകുലം ഗോപാലനാണ് ചിത്രം നിര്‍മിച്ചിരിക്കുന്നത്. മേയ് 20നാണ് ഈ ചിത്രം തിയേറ്ററുകളില്‍ റിലീസിനെത്തുന്നത്.
Content Highlight: Dhyan sreenivasan said he never see his interviews