| Sunday, 19th June 2022, 4:37 pm

ദിനേശനില്‍ നിന്നും പ്രകാശനിലേക്ക് എത്തുമ്പോഴും മാറ്റങ്ങളില്ലാത്ത ധ്യാന്‍

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

ദിലീഷ് പോത്തന്‍, മാത്യു തോമസ് എന്നിവരെ കേന്ദ്രകഥാപാത്രങ്ങളാക്കി നവാഗതനായ ഷഹദ് സംവിധാനം ചെയ്ത പ്രകാശന്‍ പറക്കട്ടെ ജൂണ്‍ 17നാണ് റിലീസ് ചെയ്തത്. ദാസന്‍ എന്ന കൗമാരക്കാരന്റെ ജീവിതവും അവന്റെ വീട്ടില്‍ നടക്കുന്ന സംഭവവികാസങ്ങളുമാണ് ചിത്രം ചര്‍ച്ച ചെയ്യുന്നത്. പ്രകാശന്‍, അയാളുടെ ഭാര്യ ലത, മക്കളായ ദാസനും അഖിലും പിന്നെ ലതയുടെ സഹോദരന്‍ കുട്ടന്‍ ഇവരാണ് പ്രകാശന്‍ പറക്കട്ടെ എന്ന സിനിമയിലെ പ്രധാന കഥാപാത്രങ്ങള്‍.

ധ്യാന്‍ ശ്രീനിവാസനാണ് ചിത്രത്തിന്റെ തിരക്കഥ നിര്‍വഹിച്ചിരിക്കുന്നത്. ലവ് ആക്ഷന്‍ ഡ്രാമക്ക് ശേഷമുള്ള ധ്യാനിന്റെ രണ്ടാമത്തെ തിരക്കഥയാണ് പ്രകാശന്‍ പറക്കട്ടെ. യാതൊരു പുതുമയും അവകാശപ്പെടാനില്ലാത്ത ചിത്രമാണ് പ്രകാശന്‍ പറക്കട്ടെ. ലവ് ആക്ഷന്‍ ഡ്രാമയില്‍ നിന്നും പ്രകാശന്‍ പറക്കട്ടെയിലേക്ക് എത്തുമ്പോള്‍ യാതൊരു പുരോഗമവും ധ്യാനിന്റെ തിരക്കഥക്കുണ്ടായിട്ടില്ല.

ധ്യാന്‍ ശ്രീനിവാസന്റെ തിരക്കഥ വളരെ അപൂര്‍വം സ്ഥലങ്ങളിലാണ് ആസ്വദിക്കാവുന്ന പേസില്‍ നീങ്ങുന്നത്. തുടക്കത്തിലെ ചില ഭാഗങ്ങളും പ്ലോട്ട് ഇന്‍ട്രൊഡക്ഷനും കഴിയുമ്പോള്‍ തന്നെ സിനിമയുടെ പേസ് താഴുന്നുണ്ട്. പിന്നീട് ഇടവേളയാകാന്‍ കാത്തുനില്‍ക്കേണ്ട അവസ്ഥയാണ്.

അധ്യാപകന്‍ വിദ്യാര്‍ത്ഥികളെ ലൈംഗികമായി ദുരുപയോഗം ചെയ്യുന്ന രംഗങ്ങള്‍ തമാശയെന്ന രീതിയില്‍ സിനിമയില്‍ ചേര്‍ത്തത് ഗുരുതരമായ പിഴവായേ കാണാന്‍ സാധിക്കൂ. പിന്നീട് രണ്ട് തല്ലുകൊണ്ട് തീര്‍ക്കാവുന്ന, അതും നല്ല കോമഡി രൂപത്തിലുള്ള തല്ലുകൊണ്ട് തീര്‍ക്കാവുന്ന ഒരു സില്ലി കാര്യമായും ഇതിനെ കാണിക്കുന്നുണ്ട്.

സമ്മതമില്ലാതെ ഫോട്ടോ എടുക്കുന്നത് ചോദ്യം ചെയ്യുന്ന നായികയോട് ‘എനിക്ക് സുന്ദരമായതെന്തും ഞാന്‍ പകര്‍ത്തും, മാനായാലും, മയിലായാലും, കുയിലായാലും,’ എന്ന ഡയലോഗൊക്കെ നായകന്‍ പറയുന്നതും തെറ്റായ സന്ദേശം മാത്രമാണ് നല്‍കുന്നത്. ഈ രംഗം തമാശയായോ, നോര്‍മലൈസ് ചെയ്‌തോ, റൊമാന്റിസൈസ് ചെയ്‌തോ ആണ് കാണിക്കുന്നത്.

സൈജു കുറുപ്പിന്റെ സ്ത്രീകളെ നോക്കിയുള്ള അശ്ലീല ചുവയുള്ള പാട്ടും അരോചകമായിരുന്നു. സ്ത്രീകളെ നോക്കി വള്‍ഗര്‍ കമന്റ്ടിക്കുന്നതിനെയും നാട്ടിലെ പെണ്‍കുട്ടികളുടെയെല്ലാം വിവരങ്ങളെടുത്ത് വെക്കുന്ന സ്റ്റോക്കിങ്ങും ധ്യാന്‍ ശ്രീനിവാസന്റെ തിരക്കഥയില്‍ വെറും തമാശ മാത്രമാണ്.

Content Highlight: Dhyan sreenivasan’s script has not made any progress since from Love Action Drama to Prakashan Parakatte

We use cookies to give you the best possible experience. Learn more