ബേസിൽ എന്റെ പെർഫോമൻസ് കണ്ട് നാട് വിട്ടിരിക്കുകയാണ്; മകനെ മടങ്ങി വരൂ: ധ്യാൻ ശ്രീനിവാസൻ
Entertainment news
ബേസിൽ എന്റെ പെർഫോമൻസ് കണ്ട് നാട് വിട്ടിരിക്കുകയാണ്; മകനെ മടങ്ങി വരൂ: ധ്യാൻ ശ്രീനിവാസൻ
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Thursday, 11th April 2024, 10:30 pm

കാലങ്ങൾക്ക് ശേഷം തന്റെ ഒരു സിനിമ തിയേറ്ററിൽ ഓടിയെന്ന് ധ്യാൻ ശ്രീനിവാസൻ. നല്ല പെർഫോമൻസ് എന്ന് പലരും പറയുന്നുണ്ടെന്നും അത് സ്വഭാവികമാണെന്നും ധ്യാൻ മാധ്യമങ്ങളോട് പറഞ്ഞു. ബേസിൽ ജോസഫ് രാവിലത്തെ ഷോയും തന്റെ പെർഫോമൻസ് കണ്ടിട്ട് തകർന്ന് തൃശൂർ ഭാഗത്ത് ഒരു റൂം എടുത്ത് മദ്യപിച്ചുകൊണ്ടിരിക്കുകയാണെന്ന് ധ്യാൻ തമാശ രൂപത്തിൽ പറഞ്ഞു. ബേസിലിനെ കണ്ടുകിട്ടുന്നവർ അടുത്തുള്ള പോലീസ് സ്റ്റേഷനിൽ അറിയിക്കണമെന്നും ധ്യാൻ ചിരിച്ചുകൊണ്ട് പറയുന്നുണ്ട്.

‘വർഷങ്ങൾക്കു ശേഷം എന്റെ ഒരു പടം ഓടി. നല്ല പെർഫോമൻസ് എന്ന് പലരും പറയുന്നുണ്ട്. അത് ഞാൻ സ്വാഭാവികം എന്നാണ് മറുപടി പറഞ്ഞത്. ബേസിലിനെക്കുറിച്ച് ആർക്കും ഒരു വിവരവുമില്ലേ. ബേസിൽ രാവിലത്തെ ഷോ കണ്ട് എന്റെ പെർഫോമൻസ് കണ്ടിട്ട് തകർന്ന്, തൃശൂർ ഭാഗത്ത് ഒരു റൂം എടുത്ത് മദ്യപിച്ചുകൊണ്ടിരിക്കുകയാണ്. ആ തകർച്ചയിലാണ്.

അവനെ കണ്ടുകിട്ടുന്നവർ അടുത്തുള്ള പോലീസ് സ്റ്റേഷനിൽ അറിയിക്കണം. അവൻ ഈ ഇൻറർവ്യൂ കാണുന്നുണ്ടെങ്കിൽ എടാ മോനെ ബേസിലെ തൂക്കിയടാ എന്നാണ് പറയാനുള്ളത്. മകനെ മടങ്ങിവരു, എവിടെ ഉണ്ടെങ്കിലും വരണം കേട്ടോ. സത്യം പറഞ്ഞാൽ വർഷങ്ങൾക്ക് ശേഷം എന്റെ ഒരു തിരിച്ചുവരവാണ്. എന്റെ ഒരു ഹിറ്റ് ചിത്രം,’ ധ്യാൻ ശ്രീനിവാസൻ പറയുന്നു.

അശ്വന്ത് കോക്കിന്റെ റിവ്യൂ കണ്ടിരുന്നോ എന്ന ചോദ്യത്തിന് അശ്വന്ത് നമ്മുടെ മുത്തല്ലേ എന്നായിരുന്നു ധ്യാനിന്റെ മറുപടി. ‘അശ്വന്ത് നമ്മുടെ മുത്തല്ലേ. ഞാൻ അശ്വന്തിന്റെ വീഡിയോയുടെ താഴെ താങ്ക്യൂ കോക്ക് എന്ന് കമന്റ് ഇട്ടിട്ടുണ്ട്. പക്ഷേ അശ്വന്തിന് മനസിലായില്ല ഞാനാണെന്ന്. അതിന് നാല് ലൈക്കേ ഉള്ളൂ,’ ധ്യാൻ ശ്രീനിവാസൻ തമാശ രൂപേണ പറഞ്ഞു.

ഹൃദയത്തിന് ശേഷം പ്രണവ് മോഹൻലാലും വിനീതും വീണ്ടും ഒന്നിക്കുന്ന ചിത്രമാണ് വർഷങ്ങൾക്ക് ശേഷം. ചിത്രത്തില്‍ ധ്യാന്‍ ശ്രീനിവാസന്‍, കല്ല്യാണി പ്രിയദര്‍ശന്‍, അജു വര്‍ഗിസ്, ഷാന്‍ റഹ്‌മാന്‍, നിവിന്‍ പോളി എന്നിവര്‍ ഉള്‍പ്പെടെയുള്ള വന്‍ താരനിര തന്നെ ഒന്നിക്കുന്നുണ്ട്. ഇന്ന് റിലീസ് ചെയ്ത ചിത്രത്തിന് മികച്ച പ്രതികരണമാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്.

Content Highlight: Dhyan sreenivasan’s response after varshangalkk shesham movie’s release