ഇത്തിരി ലോജിക്കില്ലാത്ത ഫിനാന്‍ഷ്യല്‍ ക്രൈം 'പാര്‍ട്‌നേഴ്‌സ്'
Cinema
ഇത്തിരി ലോജിക്കില്ലാത്ത ഫിനാന്‍ഷ്യല്‍ ക്രൈം 'പാര്‍ട്‌നേഴ്‌സ്'
വി. ജസ്‌ന
Sunday, 7th July 2024, 4:05 pm

ഈ വര്‍ഷം മലയാളത്തില്‍ ഒരുപാട് ക്രൈം ത്രില്ലര്‍ സിനിമകള്‍ ഇറങ്ങിയിട്ടുണ്ടെങ്കിലും ആദ്യമായാണ് ഒരു ഫിനാന്‍ഷ്യല്‍ ക്രൈം ത്രില്ലര്‍ ചിത്രമെത്തുന്നത്. ധ്യാന്‍ ശ്രീനിവാസന്‍, കലാഭവന്‍ ഷാജോണ്‍ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി നവാഗതനായ നവീന്‍ ജോണ്‍ സംവിധാനം ചെയ്ത ചിത്രമാണ് പാര്‍ട്‌നേഴ്‌സ്. ഹരിപ്രസാദ്, പ്രശാന്ത് കെ.വി., നവീന്‍ ജോണ്‍ എന്നിവര്‍ ചേര്‍ന്നാണ് ഇതിന്റെ തിരക്കഥ ഒരുക്കിയത്. ഫിനാന്‍ഷ്യല്‍ ക്രൈം ത്രില്ലര്‍ വിഭാഗത്തില്‍ എത്തിയ ചിത്രം പറയുന്നത് 2005ല്‍ കാസര്‍ഗോഡ് കേന്ദ്രമാക്കി നടക്കുന്ന ഒരു ബാങ്ക് കൊള്ളയെ കുറിച്ചാണ്.

കലാഭവന്‍ ഷാജോണ്‍ അവതരിപ്പിക്കുന്ന ഇന്‍കം ടാക്‌സ് ഉദ്യോഗസ്ഥനായ പാര്‍ത്ഥസാരഥിയുടെ അന്വേഷണത്തിലൂടെയാണ് ഈ സിനിമയുടെ കഥ പറയുന്നത്. ഒരു പരിചയവുമില്ലാത്ത ആളുകള്‍ പണത്തിന് വേണ്ടി ഒന്നിക്കുമെന്ന് പറഞ്ഞു കൊണ്ടാണ് പാര്‍ട്‌നേഴ്‌സ് ആരംഭിക്കുന്നത്. ജീവിതത്തില്‍ പല ബുദ്ധിമുട്ടുകളിലൂടെയും കടന്ന് പോയ അഞ്ച് ആളുകള്‍ കാസര്‍ഗോഡിലെ ഒരു ഗ്രാമമായ ബേഡകത്ത് പുതുതായി ആരംഭിച്ച ഉഡുപ്പി ഗ്രാമീണ്‍ ബാങ്കിലേക്ക് ജോലിക്കെത്തുകയാണ്.

ആ കൂട്ടത്തില്‍ ഒരാളാണ് ധ്യാന്‍ ശ്രീനിവാസന്റെ വിഷ്ണു എന്ന കഥാപാത്രം. ഗ്രാമത്തിലെ ആദ്യ ബാങ്കായിരുന്നു അവരുടേത്. ഇടക്ക് ജോലി നഷ്ടപെടാതിരിക്കാന്‍ ആ നാട്ടില്‍ ആളുകള്‍ പണത്തിനായി സമീപിക്കുന്ന രാഘവേന്ദ്ര ഭട്ടില്‍ നിന്ന് പണം കടം വാങ്ങേണ്ട സാഹചര്യവും അവര്‍ക്ക് ഉണ്ടാകുന്നു.

ഇതിനിടയില്‍ വിഷ്ണുവിന് ആ ബാങ്കിന്റെ പ്രവര്‍ത്തനത്തില്‍ സംശയം തോന്നുകയും അയാള്‍ താന്‍ പ്രവര്‍ത്തിക്കുന്ന ബാങ്ക് വ്യാജമാണെന്നും കണ്ടെത്തുകയാണ്. അത് കൂടെയുള്ള നാലുപേരെയും അറിയിക്കുന്നുമുണ്ട്. തങ്ങളെ അവിടെ നിയമിച്ച ആളുകളാണ് ഇതിന് പിന്നിലെന്നും ബേഡകത്തെ ഉയര്‍ന്ന പൊലീസ് ഉദ്യോഗസ്ഥന്‍ പോലും ഇതിന് കൂട്ട് നില്‍ക്കുകയാണെന്നും പിന്നീട് അവര്‍ക്ക് വ്യക്തമാകുന്നു. സിനിമയുടെ ആദ്യ ഭാഗത്തോടെ തന്നെ ആരാണ് ഇതിലെ തട്ടിപ്പുകാരെന്നും അവരുടെ ലക്ഷ്യം എന്താണെന്നും സിനിമ പറയുന്നു. പിന്നെ നായകനും കൂട്ടരും എങ്ങനെ ഇതില്‍ നിന്ന് പുറത്തു കടക്കും എന്നതാണ് സിനിമയുടെ കഥ.

ഫിനാന്‍ഷ്യല്‍ ക്രൈം ത്രില്ലര്‍ എന്ന് പറഞ്ഞ് വന്ന ചിത്രം സാമ്പത്തിക തട്ടിപ്പിനെ കുറിച്ചാണ് പറയുന്നതെങ്കിലും ഒരു ത്രില്ലറാണെന്ന് പൂര്‍ണമായും പറയാന്‍ സാധിക്കില്ല. സിനിമ കാണുന്ന ഒരാളുടെ മനസില്‍ ഇനിയെന്താകും നടക്കുകയെന്ന ചോദ്യമോ ടെന്‍ഷനോ പാര്‍ട്‌നേഴ്‌സ് ഉയര്‍ത്തുന്നില്ല. ചില സീനുകള്‍ കാണുമ്പോള്‍ ‘അതെങ്ങനെ’ എന്ന ചോദ്യം പടം കാണുന്നവരില്‍ അവശേഷിപ്പിച്ചേക്കാം. ഉദാഹരണത്തിന് ഒരു കഥാപാത്രം മറ്റാര്‍ക്കും അറിയാത്ത കാര്യമാണ് ഇതെന്ന് പറഞ്ഞ് ഒരു ഫ്‌ളാഷ്ബാക്കും തട്ടിപ്പുകാരന്റെ യഥാര്‍ത്ഥ ലക്ഷ്യം എന്താണെന്നും പറയുന്നു. പക്ഷെ കണ്ടിരിക്കുന്ന നമുക്ക് ഇയാള്‍ ഇതെങ്ങനെ അറിഞ്ഞെന്ന സംശയം തോന്നാം.


സിനിമ കാണുന്ന ആളുകള്‍ക്ക് തന്റെയത്ര തന്നെയോ അല്ലെങ്കില്‍ തന്നെക്കാളോ ബുദ്ധിയും ചിന്തിക്കാനുള്ള കഴിവുമുണ്ടെന്ന കാര്യം തിരക്കഥാകൃത്ത് മനപൂര്‍വം മറന്നു പോയതാകുമോ എന്ന് പോലും ഇടക്ക് തോന്നാം. ക്ലൈമാക്‌സില്‍ കൊണ്ടുവന്ന ട്വിസ്റ്റ് കണ്ടിരിക്കുന്നവര്‍ക്ക് ദഹിക്കാന്‍ കുറച്ച് പ്രയാസമാണ്. ലോജിക്കില്ലാഴ്മ ഈ സിനിമയുടെ പല സീനുകളിലും കാണാം. ഇടക്ക് കാണിക്കുന്ന വിഷ്ണുവിന്റെ പ്രണയവും നായികയും പാട്ടും ആ കഥയില്‍ അനാവശ്യമായും തോന്നി.

തിരക്കഥയിലെ പാളിച്ചകള്‍ മാറ്റി നിര്‍ത്തിയാല്‍ അഭിനേതാക്കളുടെ പ്രകടനം മികച്ചതായിരുന്നു. ധ്യാന്‍ ശ്രീനിവാസന്‍, കലാഭവന്‍ ഷാജോണ്‍ എന്നിവര്‍ക്ക് പുറമെ പ്രശാന്ത് അലക്സാണ്ടര്‍, സാറ്റ്ന ടൈറ്റസ്, ദേവകി രാജേന്ദ്രന്‍, റോണി ഡേവിഡ്, തെലുങ്ക് താരം മധുസൂദന റാവു, സഞ്ജു ശിവറാം, അനീഷ് ഗോപാല്‍, ദിനേശ് കൊല്ലപ്പള്ളി, ഹരീഷ് പേരടി, ശ്രീകാന്ത് മുരളി, രാജേഷ് ശര്‍മ, നീരജ ശിവദാസ്, വൈഷ്ണവി, ഡിസ്നി ജെയിംസ് എന്നിവരാണ് മറ്റു കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.

ഇതില്‍ ധ്യാന്‍ ശ്രീനിവാസന്‍ സ്ഥിരം കോമഡി റോളില്‍ നിന്ന് വ്യത്യസ്തമായാണ് പാര്‍ട്‌നേഴ്‌സില്‍ എത്തുന്നത്. ഒരല്‍പ്പം സീരിയസാണ് ധ്യാനിന്റെ വിഷ്ണുവെന്ന കഥാപാത്രം. പാര്‍ത്ഥസാരഥിയായി എത്തിയ ഷാജോണ്‍ ഉള്‍പ്പെടെയുള്ള ആളുകള്‍ തങ്ങള്‍ക്ക് ലഭിച്ച കഥാപാത്രങ്ങളെ ഭംഗിയായി തന്നെ ചെയ്തിട്ടുണ്ട്. കാസര്‍ഗോഡിന്റെ ഭംഗി ക്യാമറയില്‍ ഒപ്പിയെടുക്കാന്‍ ഫൈസല്‍ അലിക്കും സാധിച്ചിട്ടുണ്ട്.

Content Highlight: Dhyan Sreenivasan’s Partners Movie Review

വി. ജസ്‌ന
ഡ്യൂള്‍ന്യൂസ് സബ് എഡിറ്റര്‍ ട്രെയ്‌നി. കാലിക്കറ്റ് പ്രസ് ക്ലബ്ബില്‍ നിന്നും പി.ജി ഡിപ്ലോമ