| Monday, 24th July 2023, 7:14 pm

ഒന്ന് ഒന്നര ട്വിസ്റ്റ്; ജയിലർ Vs ജയിലർ; റിലീസ് ഒരേ ദിവസം

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

ധ്യാന്‍ ശ്രീനിവാസനെ നായകനാക്കി സക്കീര്‍ മഠത്തില്‍ സംവിധാനം ചെയ്യുന്ന ജയിലറിന്റെ റിലീസ് പ്രഖ്യാപിച്ചു. ആഗസ്റ്റ് 10നാണ് ചിത്രം തിയേറ്ററുകളിൽ റിലീസ് ചെയ്യുക.

രജിനികാന്തിനെ നായകനാക്കി നെൽസൺ ദിലീപ്കുമാർ സംവിധാനം ചെയ്യുന്ന ജയിലർ എന്ന തമിഴ് ചിത്രവും ഇതേ ദിവസം തന്നെയാണ് റിലീസ് ചെയ്യുന്നത്.

ഒരുപക്ഷെ ലോക സിനിമ ചരിത്രത്തിൽ ആദ്യമായിട്ടാകും ഒരേ പേരിലുള്ള രണ്ട് ചിത്രങ്ങൾ ഒരേ ദിവസം തന്നെ റിലീസ് ചെയ്യുന്നത്.

ജയിലര്‍ എന്ന ടൈറ്റിലിനെച്ചൊല്ലിയുള്ള തര്‍ക്കത്തിന്‍റെ പേരിലും ഈ ചിത്രം അടുത്തിടെ വാര്‍ത്തകളില്‍ നിറഞ്ഞിരുന്നു.

തമിഴ് ജയിലറിന്റെ പേര് മാറ്റണം എന്ന് ആവശ്യപ്പെട്ട് ചിത്രത്തിന്‍റെ നിര്‍മാതാക്കളായ സണ്‍ പിക്ചേഴ്സിന് മലയാള ചിത്രത്തിന്‍റെ അണിയറ പ്രവർത്തകർക്ക് നോട്ടീസ് അയച്ചിരുന്നു. എന്നാല്‍ തങ്ങള്‍ക്ക് പേര് മാറ്റാന്‍ പറ്റില്ലെന്നാണ് സണ്‍ പിക്ചേഴ്സ് അറിയിച്ചത്. തങ്ങള്‍ കോര്‍പ്പറേറ്റ് കമ്പനി ആയതിനാൽ മലയാള ചിത്രത്തിന്റെ പേര് മാറ്റണം എന്നായിരുന്നു സണ്‍ പിക്‌ചേഴ്‌സ് നല്‍കിയ മറുപടി എന്ന് മലയാള ജയിലറിന്റെ സംവിധായകൻ സക്കീര്‍ മഠത്തില്‍ വാർത്താസമ്മേളനത്തിൽ പറഞ്ഞിരുന്നു.

ഇത് സംബന്ധിച്ച് മലയാള ചിത്രത്തിന്‍റെ അണിയറക്കാര്‍ മദ്രാസ് ഹൈക്കോടതിയില്‍ സമര്‍പ്പിച്ചിരിക്കുന്ന വക്കാലത്ത് ഓഗസ്റ്റ് 2ന് പരിഗണിക്കാൻ ഇരിക്കെയാണ് മലയാളം ജയിലറിന്റെ റിലീസ് പ്രഖ്യാപിച്ചിരിക്കുന്നത്.

പിരീഡ് ത്രില്ലര്‍ വിഭാഗത്തില്‍ പെടുന്ന ചിത്രമാണ് ധ്യാൻ നായകനാകുന്ന ജയിലർ. 1956-57 കാലഘട്ടത്തിൽ നടന്ന ഒരു സംഭവകഥയാണ് പറയുന്നതെന്ന് അണിയറ പ്രവർത്തകർ മുമ്പ് അറിയിച്ചിരുന്നു.

പേര് സൂചിപ്പിക്കുന്നത് പോലെ ഒരു ജയിലറുടെ വേഷത്തിലാണ് നായകനായ ധ്യാന്‍ എത്തുന്നത്. അഞ്ച് കൊടും കുറ്റവാളികളുടെ കൂടെ ഒരു ബംഗ്ലാവിൽ താമസിച്ച് അവരെ വെച്ച് പുതിയൊരു പരീക്ഷണത്തിന് ശ്രമിക്കുന്ന ജയിലറിന്റെ കഥാപാത്രമാണ് ധ്യാനിന്റേത്.

ഗോള്‍ഡന്‍ വില്ലേജിന്റെ ബാനറില്‍ എന്‍ കെ മുഹമ്മദ് ആണ് ചിത്രത്തിന്റെ നിര്‍മാണം. ദിവ്യ പിള്ള നായികയായി എത്തുന്ന ഈ ചിത്രത്തില്‍ മനോജ് കെ ജയന്‍, ശ്രീജിത്ത് രവി, നവാസ് വള്ളിക്കുന്ന്, ബിനു അടിമാലി, ഉണ്ണി രാജ, ജയപ്രകാശ്, ബി. കെ. ബൈജു, തുടങ്ങിയവരും പ്രധാന വേഷത്തിൽ എത്തുന്നുണ്ട്.

Content Highlight: Dhyan Sreenivasan’s jailer Movie and Rajini’s Jailer movie Release on same day

We use cookies to give you the best possible experience. Learn more