| Sunday, 18th December 2022, 4:43 pm

രാവിലെ എത്തി, ഒരെണ്ണം അടിച്ച് നേരെ പോയി കല്യാണം കഴിച്ചു, പിന്നെ റൂമിലെത്തി ഭാര്യക്കൊപ്പം ചീട്ടുകളി: ധ്യാന്‍ ശ്രീനിവാസന്‍

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

തന്റെ വിവാഹ ദിവസത്തിന്റെ വിശേഷങ്ങള്‍ പങ്കുവെച്ച് നടന്‍ ധ്യാന്‍ ശ്രീനിവാസന്‍. കൊച്ചിയില്‍ നിന്നും കണ്ണൂരിലെ തന്റെ വീട്ടില്‍ കല്യാണത്തിന് എത്തിയതിനെ കുറിച്ചും കല്യാണ ദിവസത്തെ വിശേഷങ്ങളുമൊക്കെയാണ് ധ്യാന്‍ അഭിമുഖത്തില്‍ പങ്കുവെക്കുന്നത്.

കല്യാണ ദിവസം രാവിലെയാണ് താന്‍ കൊച്ചിയില്‍ എത്തുന്നതെന്നും ഒരെണ്ണം അടിച്ച ശേഷമാണ് കല്യാണത്തിന് പോയതെന്നും കല്യാണ ശേഷം ഭാര്യക്കൊപ്പം നേരെ മുറിയില്‍ പോയി ചീട്ട് കളിക്കുകയായിരുന്നെന്നുമാണ് താരം പറയുന്നത്.

”കൊച്ചിയില്‍ നിന്ന് കണ്ണൂര്‍ എത്തണം. ഞാന്‍ കൊച്ചിയില്‍ നിന്ന് കണ്ണൂര്‍ എത്തുന്നത് വരെ മഴയായിരുന്നു. എന്റെ കല്യാണത്തിന് വന്ന ആരോട് വേണമെങ്കിലും ചോദിച്ച് നോക്കാം.

കല്യാണത്തിന്റെ സ്‌റ്റേജ് പൊളിഞ്ഞോ എന്ന് ചോദിച്ച് നോക്ക്. ചേട്ടനോട് അടുത്ത ഇന്റര്‍വ്യൂവിന് വരുമ്പോള്‍ ചോദിക്കാമല്ലോ. ഞാന്‍ എപ്പോഴാ കല്യാണത്തിന് എത്തിയത്, തലേ ദിവസമാണോ എന്നും ചോദിച്ച് നോക്ക്.

ഞാന്‍ കല്യാണദിവസം പുലര്‍ച്ചെയാണ് എത്തിയത്. പുലര്‍ച്ചെ എത്തുന്നു, കല്യാണത്തിന്റെ കാര്യങ്ങളൊക്കെ നോക്കുന്നു, രാവിലെ ടപ്പേ എന്ന് ഒരെണ്ണം അടിക്കുന്നു, നേരെ കല്യാണത്തിന് പോകുന്നു.

കല്യാണം കഴിയുന്നു, റൂമിലേക്ക് വരുന്നു, പിന്നെ ചീട്ട്കളി. ഭാര്യയും ബാക്കി ടീം മെമ്പേഴ്‌സുമൊക്കെ ഉണ്ടായിരുന്നു.

ഇതിനിടക്ക് ഒരു കല്യാണം കഴിച്ചു എന്നല്ലാതെ എനിക്ക് ഒരു മാറ്റവുമില്ല. പൈസ വെച്ചിട്ടുള്ള ചീട്ട്കളിയൊന്നുമല്ലല്ലോ. സുഹൃത്തുക്കള്‍ തമ്മിലല്ലേ ചീട്ട് കളിക്കുന്നേ. ഭാര്യയും ഞാനും ഉഗ്രന്‍ ചീട്ട് കളിയാണ്,” ധ്യാന്‍ ശ്രീനിവാസന്‍ പറഞ്ഞു.

അതേസമയം സാഗര്‍ സംവിധാനം ചെയ്ത വീകം ആണ് ധ്യാനിന്റേതായി ഏറ്റവുമൊടുവില്‍ തിയേറ്ററുകളിലെത്തിയ ചിത്രം. ഡയാന ഹമീദ്, അജു വര്‍ഗീസ്, സിദ്ദിഖ്, ഷീലു എബ്രഹാം, ഡെയ്ന്‍ ഡേവിസ്, മുത്തുമണി, ജഗദീഷ്, ദിനേഷ് പ്രഭാകര്‍ എന്നിവരാണ് ചിത്രത്തില്‍ മറ്റ് പ്രധാന കഥാപാത്രങ്ങളായെത്തുന്നത്.

അബാം മൂവീസിന്റെ ബാനറില്‍ എബ്രഹാം മാത്യുവും ഷീലു എബ്രഹാമും ചേര്‍ന്നാണ് ചിത്രം നിര്‍മിച്ചിരിക്കുന്നത്.

Content Highlight: Dhyan sreenivasan remembers his marriage day

Latest Stories

We use cookies to give you the best possible experience. Learn more