| Saturday, 11th March 2023, 7:36 pm

തൊഴിലുറപ്പിന് പുല്ല് ചെത്താന്‍ പോകുന്നത് പോലെയാണ് ഞാന്‍ അഭിനയിക്കാന്‍ പോകുന്നത്; ഉഴപ്പില്‍ അദ്ദേഹമാണ് എന്റെ ആശാന്‍: ധ്യാന്‍

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

ധ്യാന്‍ ശ്രീനിവാസനൊരു ഉഴപ്പനാണെന്ന് അടുത്തിടെ ഒരു അഭിമുഖത്തില്‍ നടന്‍ ബൈജു പറഞ്ഞിരുന്നു. അതിനെ കുറിച്ച് സംസാരിക്കുകയാണ് നടന്‍ ധ്യാന്‍ ശ്രീനിവാസന്‍. തന്നെക്കാള്‍ ഉഴപ്പന്‍ ബൈജുവാണെന്നും അദ്ദേഹം ഉഴപ്പില്‍ തന്റെ ആശാനാണെന്നും ധ്യാന്‍ പറഞ്ഞു. ഒരു മടിയന് മാത്രമെ മറ്റൊരു മടിയനെ തിരിച്ചറിയാന്‍ സാധിക്കുകയുള്ളെന്നും ധ്യാന്‍ പറഞ്ഞു.

മെക്കാനിക്കല്‍ വര്‍ക്കായിട്ടാണ് താന്‍ സിനിമയെ കാണുന്നതെന്നും സിനിമയുടെ ഷൂട്ടിങ് നടക്കുമ്പോള്‍ കൃത്യ സമയത്ത് തന്നെ സെറ്റില്‍ എത്താറുണ്ടെന്നും ആ കൃത്യത പാലിക്കുന്നത് കൊണ്ടാണ് താനിപ്പോഴും സിനിമയില്‍ തുടരുന്നതെന്നും ധ്യാന്‍ പറഞ്ഞു. ന്യൂസ് 18ന് നല്‍കിയ അഭിമുഖത്തിലാണ് അദ്ദേഹം ഇക്കാര്യങ്ങള്‍ വ്യക്തമാക്കിയത്.

‘ഉഴപ്പില്‍ ഞങ്ങളുടെയൊക്കെ രാജാവ് ആരാണെന്ന് അറിയാമോ. അത് ബൈജു ചേട്ടനാണ്. ഏറ്റവും വലിയ മടിയനായിട്ടുള്ള പുള്ളിയാണ് ഞങ്ങളെ കുറിച്ചൊക്കെ പറയുന്നത്. അതായത് ഒരു മടിയന് മറ്റൊരു മടിയനെ വേഗം തിരിച്ചറിയാന്‍ കഴിയും. നീയാണ് എന്റെ അടുത്ത തലമുറ കൊണ്ടുപോകാനുള്ള ആളെന്നാണ് ബൈജു ചേട്ടന്‍ എന്നോട് പറഞ്ഞത്.

എന്നോട് അങ്ങനെയൊക്കെ പറഞ്ഞിട്ടുള്ളയാള്‍ അഭിമുഖത്തിലൊക്കെ വന്നിട്ട് എന്നെ താങ്ങിയല്ലേ. എന്തും പറയാന്‍ ലൈസന്‍സുള്ള കുറച്ച് ആള്‍ക്കാരുടെ കൂട്ടത്തിലുള്ളയാളാണ് ബൈജു ചേട്ടന്‍. എന്റെ ആശാനാണല്ലോ പുള്ളി.

ദുബായിലെ ഇന്നലത്തെ ഷൂട്ടിങ്ങൊക്കെ കഴിഞ്ഞിട്ട് വീട്ടില്‍ വന്ന് കിടന്നുറങ്ങി. രാവിലെ ഞാന്‍ നേരെ പ്രൊമോഷനുവേണ്ടി വരികയായിരുന്നു. ഈ പ്രൊമോഷന്‍ പരിപാടി തന്നെ ഇന്നലെ പ്ലാന്‍ ചെയ്തതാണ്. ഇങ്ങനെയൊരു പരിപാടിയുള്ള കാര്യം പോലും എനിക്കറിയില്ലായിരുന്നു. അങ്ങനെയായിരുന്നിട്ട് പോലും ഞാന്‍ എത്തി.

നാലുമണിക്കുള്ള പ്രൊമോഷനെ കുറിച്ച് ഏതാണ്ട് മൂന്ന് മണിയായപ്പോഴാണ് അവര്‍ എന്നോട് പറയുന്നത്. അതിന്റെ പേരില്‍ എനിക്ക് ഒരുപാട് പ്രശ്‌നങ്ങളുണ്ട്. ഷൂട്ടിങ് നടക്കുന്ന സമയത്ത് ഞാന്‍ തുടര്‍ച്ചയായി അതിന്റെ കൂടെയുണ്ടായിരുന്നയാളാണ്.

ഞാന്‍ ഉഴപ്പനാണെന്ന് പറഞ്ഞതില്‍ വേറെ കാര്യമുണ്ട്. ഞാന്‍ ചെയ്യുന്നത് ഒരു മെക്കാനിക്കല്‍ വര്‍ക്കാണ്. നമ്മുടെ ജോലി വേറെയാണ്. ഇത് നമ്മള്‍ തൊഴിലുറപ്പിന് പുല്ല് ചെത്താന്‍ പോകുന്നത് പോലെയാണ് ഞാന്‍ പോകുന്നത്. കാരണം അതെന്റെ ജോലിയാണ് ഞാന്‍ ചെയ്യണം.

ബൈജുവേട്ടന്‍ പറഞ്ഞ ഉറപ്പ് എന്താണെന്ന് എനിക്കറിയില്ല. ചിലപ്പോള്‍ നമ്മള്‍ സിനിമയെ സീരിയസായി കാണുന്നില്ലെന്നായിരിക്കും അദ്ദേഹം ഉദ്ദേശിച്ചത്. ഉഴപ്പ് പലരീതിയിലുണ്ടാകാം. ചിലപ്പോള്‍ ജീവിതത്തിലായിരിക്കാം ഉഴപ്പ്. പക്ഷെ സിനിമയില്‍ അഭിനയിക്കാന്‍ ഞാന്‍ കൃത്യ സമയത്തൊക്കെ ചെല്ലാറുണ്ട്. അതുകൊണ്ടാണ് ഞാന്‍ ഇപ്പോഴും സിനിമയില്‍ നില്‍ക്കുന്നത്,’ ധ്യാന്‍ പറഞ്ഞു.

content highlight: dhyan sreenivasan reacts baiju’s comment about baiju

We use cookies to give you the best possible experience. Learn more