മദ്യപാനിയായിരുന്ന കാലത്തെ തന്റെ അനുഭവങ്ങളും ഓര്‍മകളും പങ്കുവെച്ച് നടനും സംവിധായകനുമായ ധ്യാന്‍ ശ്രീനിവാസന്‍. വര്‍ഷങ്ങള്‍ക്ക് മുന്‍പ് താന്‍ തുടര്‍ച്ചയായി മദ്യപിക്കുകമായിരുന്നെന്നും മോശപ്പെട്ട ചില സംസാരരീതികള്‍ തനിക്കുണ്ടായിരുന്നെന്നും ധ്യാന്‍ പറയുന്നു.
മദ്യപിച്ചിരുന്ന കാലത്തെ തന്റെ സ്വഭാവം ഒരു ഉദാഹരണസഹിതമാണ് ജിഞ്ചര്‍ മീഡിയക്ക് നല്‍കിയ അഭിമുഖത്തില്‍ ധ്യാന്‍ വിവരിക്കുന്നത്. അച്ഛന്‍ വഴക്ക് പറയുന്നതിനെ കുറിച്ചുള്ള ചോദ്യത്തിന് മറുപടി പറയുമ്പോഴാണ് മദ്യപാനശീലത്തെ കുറിച്ച് ധ്യാന്‍ സംസാരിച്ചത്.
അവതാരകനും താനും ചേര്‍ന്ന് മദ്യപിക്കുകയാണെന്ന നിലയില്‍ ഒരു സാങ്കല്‍പിക സന്ദര്‍ഭം അഭിനയിച്ചു കാണിച്ചുകൊണ്ടാണ് എട്ട് വര്‍ഷം മുന്‍പത്തെ സംസാരരീതിയും സ്വഭാവവും ധ്യാന്‍ കാണിച്ചുതരുന്നത്. അവതാരകന്റെ പരിപാടിയെയും ലുക്കിനെയും വാനോളം പുകഴ്ത്തിക്കൊണ്ടായിരിക്കും താന്‍ ആദ്യം സംസാരിക്കുകയെന്ന് ധ്യാന്‍ പറയുന്നു.
എന്നാല്‍ അടുത്ത നിമിഷം ഒരുപക്ഷെ നേരത്തെ പുകഴ്ത്തിയെ ആളോട് തന്നെ ദേഷ്യപ്പെട്ട് സംസാരിക്കുമെന്നും പരിപാടിയും ലുക്കുമൊക്കെ മോശമാണെന്ന് പറയുമെന്നും ധ്യാന്‍ പറഞ്ഞു. ഇപ്പറഞ്ഞ കാര്യങ്ങളെല്ലാം ചില ഡയലോഗുകളിലൂടെ ധ്യാന്‍ അഭിനയിച്ചു കാണിക്കുന്നുമുണ്ട്.
മദ്യപിച്ചിരുന്ന സമയത്ത് ഒരുതരം ഡ്യുവല്‍/സ്പ്ലിറ്റ് പേഴ്‌സാണിലിറ്റിയുള്ള പോലെയായിരുന്നു തന്റെ പെരുമാറ്റമെന്നും നന്നായി തള്ളാറുണ്ടായിരുന്നെന്നും ധ്യാന്‍ പറയുന്നുണ്ട്.
‘ഇതുതന്നെയായിരുന്നു അച്ഛന്റെ സ്വഭാവവും. പക്ഷെ അച്ഛന്റെ സ്വഭാവം മാറുന്നതിന് സമയമെടുക്കും. ഞാനാണെങ്കില്‍ വളരെ പെട്ടെന്ന് മാറും. ഈ സ്വഭാവം വെച്ച് ഞാന്‍ ആളുകളെ കരയിപ്പിച്ചിട്ടുണ്ട്.
നാലഞ്ച് പേരൊക്കെയുള്ള സ്ഥലത്തായാലും ഞാന്‍ ഈ രീതിയില്‍ പെരുമാറാറുണ്ട്. ആദ്യം കുറെ പൊക്കി സംസാരിച്ചിട്ട് പിന്നെ ഒറ്റയടിക്ക് അപമാനിച്ച് സംസാരിക്കും. അങ്ങനെയൊക്കെ സംസാരിച്ചാല്‍ ഓപ്പോസിറ്റ് നില്‍ക്കുന്നയാള്‍ ഇല്ലാതായി പോവില്ലേ. ഈ ഒരു പ്രശ്‌നം എനിക്കുണ്ടായിരുന്നു,’ ധ്യാന്‍ ശ്രീനിവാസന്‍ പറയുന്നു.
എട്ട് വര്‍ഷം മുന്‍പാണ് മദ്യപാനം നിര്‍ത്തുന്നത്. മദ്യപിച്ചിരുന്ന സമയത്ത് അച്ഛനേക്കാള്‍ കൂതറയായിരുന്നു ഞാന്‍. ആ ഞാനുമായി താരതമ്യം ചെയ്യുമ്പോള്‍ അച്ഛന്‍ വളരെ ഡീസന്റായിരുന്നു. അതുകൊണ്ട് അച്ഛന്‍ വഴക്ക് പറയുന്നതില്‍ വേദന തോന്നാറില്ലെന്നും ധ്യാന്‍ കൂട്ടിച്ചേര്‍ത്തു.
Content Highlight: Dhyan Sreenivasan opens up about being an alcoholic years before