'ഞാൻ ജനിച്ചപ്പോൾ മുതൽ സന്തോഷവാനാണ്, കാരണം ഞാൻ ശ്രീനിവാസന്റെ മകനായിട്ടാണ് ജനിച്ചത്'
‘വർഷങ്ങൾക്ക് ശേഷം’ എന്ന ചിത്രത്തിൽ തനിക്കായിരിക്കും ഏറ്റവും കൂടുതൽ സ്ക്രീൻ സ്പേസ് ഉണ്ടാകുന്നതെന്ന് നടൻ ധ്യാൻ ശ്രീനിവാസൻ. താൻ ശ്രീനിവാസന്റെ മകൻ ആയിട്ട് ജനിച്ചതിൽ സന്തോഷമുണ്ടെന്നും കുറെ നാളത്തെ ഇടവേളയ്ക്കു ശേഷം വിനീത് ശ്രീനിവാസന്റെ ചിത്രത്തിൽ അഭിനയിക്കാൻ കഴിഞ്ഞതിൽ സന്തോഷമുണ്ടെന്നും ധ്യാൻ പറഞ്ഞു. ബിഹൈൻഡ് വുഡ്സിന് നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
‘വർഷങ്ങൾക്ക് ശേഷം എന്ന ചിത്രത്തിൽ എനിക്കാണ് ഏറ്റവും കൂടുതൽ സ്ക്രീൻ സ്പേസ് ഉള്ളത്. അതിൽ സന്തോഷമുണ്ട്. ശരിക്കും ഞാൻ ജനിച്ചപ്പോൾ മുതൽ സന്തോഷവാനാണ്. കാരണം ഞാൻ ശ്രീനിവാസന്റെ മകൻ ആയിട്ടാണ് ജനിച്ചത്.
നീണ്ട ഇടവേളയ്ക്ക് ശേഷം ഏട്ടന്റെ കൂടെ വർഷങ്ങൾക്ക് ശേഷം എന്ന ചിത്രത്തിൽ അഭിനയിക്കാൻ പറ്റിയതിൽ സന്തോഷമുണ്ട്. വർഷങ്ങൾക്ക് ശേഷം അപ്പുവിനെ കണ്ടതിലും സന്തോഷമുണ്ട്, ഞാൻ അവനെ ചെറുതായിരുന്നപ്പോൾ കണ്ടതാണ്, പിന്നെ വർഷങ്ങൾക്ക് ശേഷം വിശാഖ്, അവൻ എന്റെ പാർട്ണർ ആണ്, അവന്റെ കൂടെ ഒരു പടം ചെയ്യാൻ പറ്റി. ആ രീതിയിൽ ഈ ചിത്രം എനിക്ക് പേഴ്സണലി വളരെ ക്ലോസ് ആണ്. കുടുംബത്തിൽ ഉള്ള എല്ലാവരുടെയും കൂടെ അഭിനയിക്കുന്ന ഒരു സന്തോഷമാണ്,’ ധ്യാൻ പറഞ്ഞു.
അഭിമുഖത്തിൽ വിനീതിന്റെ ചിത്രത്തിൽ അഭിനയിക്കുമ്പോഴുള്ള പ്രതിഫലത്തിന്റെ കാര്യത്തെപ്പറ്റിയും അദ്ദേഹം സംസാരിച്ചു. പരിചയമുള്ള ആളെ സിനിമയിലേക്ക് വിളിക്കുമ്പോൾ പണം കൂടുതലാണ് കൊടുക്കേണ്ടതെന്നും അല്ലെങ്കിൽ അയാളെ ചൂഷണം ചെയ്യുന്ന പോലെയാണെന്നും അദ്ദേഹം പറഞ്ഞു.
‘പരിചയമുള്ള ആളെ ഒരു സിനിമയിലേക്ക് വിളിക്കുമ്പോൾ, പരിചയത്തിന്റെ പുറത്ത് അയാൾക്ക് പണം കുറവല്ല കൊടുക്കേണ്ടത്, കൂടുതലാണ്. അല്ലെങ്കിൽ അയാളെ നമ്മൾ ചൂഷണം ചെയ്യുന്ന പോലെയാണ്.
ഞാൻ ഇപ്പോൾ അജുവിനെ (അജു വർഗീസ്) ഒരു സിനിമയിലേക്ക് വിളിക്കുമ്പോൾ അവൻ വാങ്ങിക്കുന്നതിൽ നിന്നും ഒരു പടി കൂടുതൽ കൊടുക്കാനാണ് ഞാൻ ആഗ്രഹിക്കുന്നത്.
ഞാനും ചേട്ടനുമൊക്കെ ഈ പടത്തിൽ ഒരു പോലെ സാലറി വാങ്ങിക്കുന്ന ആളുകളാണ്. ഞങ്ങൾക്ക് പണം തരേണ്ടത് വിശാഖ് ആണ്. അവൻ എന്റെ പാർട്നർ കൂടിയാണ്. അപ്പോൾ ഞാൻ സാലറിയുടെ കാര്യം സംസാരിക്കുന്നത് അവനോടായിരിക്കും. ഒരിക്കലും സാലറിയുടെ കാര്യം വരുമ്പോൾ സൗഹൃദത്തിന്റെ പേരിൽ ഒരു ചൂഷണം ഉണ്ടാകരുത്,’ ധ്യാൻ ശ്രീനിവാസൻ പറഞ്ഞു.
Content Highlights: Dhyan Sreenivasan on Sreenivasan and Vineeth Sreenivasan