കുറഞ്ഞ ചിലവില്‍ സൂപ്പര്‍ ഹിറ്റടിക്കാം എന്ന് സിനിമ ലോകത്തിന് കാണിച്ചുതന്ന ചിത്രമാണ് രോമാഞ്ചം. താന്‍ വളരെ ആസ്വദിച്ച് കണ്ട ചിത്രമാണ് രോമാഞ്ചമെന്ന് പറയുകയാണ് നടന്‍ ധ്യാന്‍ ശ്രീനിവാസന്‍. സിനിമക്ക് നല്ല കഥ വേണ്ടെന്ന് രോമാഞ്ചം തെളിയിച്ചെന്നും അദ്ദേഹം പറഞ്ഞു. കാന്‍ ചാനല്‍ മീഡിയക്ക് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
‘രോമാഞ്ചം ഞാന്‍ കാണുന്നത് ഹോട്സ്റ്റാറില്‍ ആണ്. ആ ചിത്രം എനിക്ക് വളരെ ഇഷ്ടമാണ്. കാരണം അങ്ങനെ ഒരു ജീവിതം പണ്ട് എനിക്ക് ഉണ്ടായിരുന്നു. ഞാന്‍ ഹോസ്റ്റലിനു പുറത്തു ഒരു വീട് എടുത്താണ് താമസിച്ചിരുന്നത്. ആ വീട്ടില്‍ ഞാന്‍ ഓജോ ബോര്‍ഡ് കളിച്ചിട്ടുണ്ട്. ഇതൊക്കെ എനിക്ക് പെട്ടെന്ന് റിലേറ്റ് ചെയ്യാന്‍ കഴിയും. അതുകൊണ്ട് ഞാന്‍ ആ ചിത്രം വളരെ ആസ്വദിച്ചതാണ് കണ്ടത്. അതുപോലെ തന്നെ ഈ കഥ സ്വന്തം ജീവിതവുമായി റിലേറ്റ് ചെയ്യുന്ന ധാരാളം ചെറുപ്പക്കാര്‍ ഉണ്ട്. ഇങ്ങനെയുള്ള ധാരാളം ചെറുപ്പക്കാര്‍ ബംഗളുരു നഗരത്തിലും കൊച്ചിയിലും ഉണ്ട്,’ അദ്ദേഹം പറഞ്ഞു.
രണ്ട് ലൊക്കേഷന്‍ മാത്രം ആസ്പദമാക്കിയുള്ള കഥയാണ് രോമാഞ്ചത്തില്‍ കാണിക്കുന്നതെന്നും ഇന്നത്തെ കാലത്ത് സിനിമ ചെയ്യാന്‍ നല്ല കഥ വേണ്ടെന്ന് രോമാഞ്ചം തെളിയിച്ചെന്നും അദ്ദേഹം പറഞ്ഞു.
‘രോമാഞ്ചത്തില്‍ ഓജോ ബോര്‍ഡ് ഒരു ലെയര്‍ മാത്രമാണ്. കഥാപാത്രങ്ങള്‍ തമ്മിലുള്ള ബന്ധവും, ഒരു വീടും മാത്രമാണ് ആ ചിത്രത്തിന്റെ കഥ. കൂടാതെ രണ്ട് ലൊക്കേഷന്‍ മാത്രമാണ് ചിത്രത്തില്‍ കാണിക്കുന്നത്. വലിയ കഥകള്‍ ഈ ചിത്രത്തിലൂടെ പറയുന്നില്ല. ഇന്നത്തെ കാലത്ത് സിനിമ ചെയ്യാന്‍ വല്യ കഥയൊന്നും വേണ്ടെന്നുള്ളത് ഈ ചിത്രത്തിലൂടെ കാണാന്‍ സാധിക്കും,’ ധ്യാന്‍ പറഞ്ഞു.
Content Highlights: Dhyan Sreenivasan on Romancham