| Sunday, 13th August 2023, 12:09 pm

ജയിലറുമായി ഞങ്ങൾ ഒരു മത്സരത്തിനുമില്ല; ഗുണം മുഴുവൻ ഞങ്ങൾക്കാണുണ്ടായത്: ധ്യാൻ ശ്രീനിവാസൻ

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

തമിഴ് ചിത്രം ജയിലറുമായി ഒരു മത്സരത്തിനുമില്ലെന്ന് നടൻ ധ്യാൻ ശ്രീനിവാസൻ. ചിത്രത്തിന് ആദ്യം ജയിലർ എന്ന് പേരിട്ടത് തന്റെ സിനിമക്കായതുകൊണ്ടാണ് കേസ് വന്നപ്പോൾ സംവിധായകൻ മീഡിയയെ അറിയിച്ചതെന്നും ഇത്തരമൊരു വിവാദം വന്നത് തന്റെ സിനിമക്ക് ഗുണമാണ് ഉണ്ടാക്കിയതെന്നും ധ്യാൻ പറഞ്ഞു. വെറൈറ്റി മീഡിയക്ക് നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു താരം.

‘ജയിലർ എന്ന ചിത്രവുമായി ഞങ്ങൾക്കൊരു മത്സരവുമില്ല. പടത്തിന്റെ പേരിൽ ചെറിയ പ്രശ്നം ഉണ്ടായി. ഞങ്ങൾ പേരുമാറ്റണം എന്ന് പറഞ്ഞ് അവർ നോട്ടീസൊക്കെ അയച്ചു. സ്വാഭാവികമായും അത് മീഡിയവഴി എല്ലാവരെയും അറിയിക്കേണ്ട വിഷയമാണെന്ന് അദ്ദേഹത്തിന് തോന്നി.

നിയമപരമായി നീങ്ങാൻ മാത്രമേ നമുക്ക് പറ്റൂ. കാരണം ഞങ്ങളാണ് ആദ്യം ചിത്രത്തിന് ജയിലർ എന്ന പേരിട്ടത്. ഫിലിം ചേമ്പറിൽ ആദ്യം പടം രെജിസ്റ്റർ ചെയ്തതും ഞങ്ങൾ ആണ്. ആ രീതിയിൽ ന്യായം മുഴുവൻ ഞങ്ങളുടെ ഭാഗത്താണ്. പക്ഷെ ഇങ്ങനൊരു വിവാദം ഉണ്ടായപ്പോൾ ഗുണം ഉണ്ടായത് ഞങ്ങൾക്കാണ്. കാരണം ഈ പടത്തിന്റെ പേര് കൂടുതൽ അറിഞ്ഞു.

ഞങ്ങൾ ഈ വിഷയത്തെ പോസിറ്റീവ് ആയിട്ടാണ് കാണുന്നത്. കാരണം ഇത്രയും ആളുകൾ അറിഞ്ഞതുകൊണ്ടാണല്ലോ അതിനെപ്പറ്റി കൂടുതൽ സംസാരിച്ചതും ചർച്ചചെയ്യുന്നതും. അതുകൊണ്ട് ഒരു പ്രൊമോഷനും ഇല്ലാതെതന്നെ ജയിലർ എന്ന മലയാളം ചിത്രം എല്ലാവർക്കും അറിയാം,’ ധ്യാൻ പറഞ്ഞു.

നെൽസൺ സംവിധാനം ചെയ്ത രജിനികാന്ത് ചിത്രം ‘ജയിലറിന്റെ’ പേര് മാറ്റണമെന്ന് സംവിധായകൻ സക്കീർ മഠത്തിൽ ആവശ്യപ്പെട്ടിരുന്നു. ജയിലർ എന്ന പേര് തന്റെ സിനിമക്കുവേണ്ടി 2021ൽ തന്നെ രജിസ്റ്റർ ചെയ്തതാണെന്നും രജനികാന്തിന്റെ ജയിലർ സിനിമയുടെ ടീസർ റിലീസായപ്പോൾ തന്റെ വക്കീൽ സൺ പിക്‌ചേഴ്‌സിന് നോട്ടീസ് അയച്ചിരുന്നെന്നും മാധ്യമങ്ങളോട് സംസാരിക്കവെ അദ്ദേഹം പറഞ്ഞു.

ധ്യാൻ ശ്രീനിവാസൻ നായകനാകുന്ന ചിത്രം ഓഗസ്റ്റിൽ റിലീസ് ചെയ്യാനിരിക്കുകയാണെന്നും രജിനികാന്തിനെ നായകനാക്കിയുള്ള ജയിലറിന്റെ പേര് മാറ്റണമെന്നുമാണ് നോട്ടീസിൽ ആവശ്യപ്പെട്ടിരുന്നത്. ഓഗസ്റ്റ് പത്തിന് രജിനിയുടെ ജയിലെർ റിലീസ് ചെയ്തു. മികച്ച പ്രതികരണങ്ങളോടെ ചിത്രം തിയേറ്ററിൽ തുടരുന്നു.

Content Highlights: Dhyan Sreenivasan on Jailer movie

Latest Stories

We use cookies to give you the best possible experience. Learn more