ഞാൻ തടി കുറച്ചില്ലെങ്കിൽ നിങ്ങൾക്കെന്താ എന്ന് ചോദിച്ചപ്പോൾ അയാൾക്ക് വിഷമമായി, ഞാന്‍ തടി കുറച്ചാല്‍ മാത്രമേ ആ സിനിമ നടക്കൂ: ധ്യാൻ ശ്രീനിവാസൻ
Entertainment
ഞാൻ തടി കുറച്ചില്ലെങ്കിൽ നിങ്ങൾക്കെന്താ എന്ന് ചോദിച്ചപ്പോൾ അയാൾക്ക് വിഷമമായി, ഞാന്‍ തടി കുറച്ചാല്‍ മാത്രമേ ആ സിനിമ നടക്കൂ: ധ്യാൻ ശ്രീനിവാസൻ
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Sunday, 25th June 2023, 8:46 pm

തന്നോട് തടി കുറയ്ക്കണമെന്ന് പറഞ്ഞ ആളോട് ദേഷ്യപ്പെട്ടിട്ടുണ്ടെന്ന് നടൻ ധ്യാൻ ശ്രീനിവാസൻ. തടി കുറക്കാൻ പറഞ്ഞത് തനിക്ക് ഇഷ്ടപ്പെട്ടില്ലെന്നും, ദേഷ്യപ്പെട്ടപ്പോൾ ആ വ്യക്തിക്ക് വിഷമമായെന്നും അദ്ദേഹം പറഞ്ഞു. ബിഹൈൻഡ് വുഡ്‌സ് ഐസ് സംഘടിപ്പിച്ച ഷോയിൽ സംസാരിക്കുകയായിരുന്നു ധ്യാൻ.

‘ഒരിക്കൽ പുറത്തു പോയപ്പോൾ ഒരാൾ എന്റെ കാറിന്റെ നേരെ വന്നു. അയാൾ എന്നോട് ചോദിച്ചു ധ്യാൻ അല്ലേയെന്ന്. ഞാൻ അതെയെന്ന് പറഞ്ഞു. തടി കുറയ്ക്കണം ഇങ്ങനെ ഒന്നും നടന്നാൽ പോരാ എന്ന് വളരെ സീരിയസ് ആയിട്ട് അയാൾ പറഞ്ഞു. അയാൾ അങ്ങനെ പറഞ്ഞത് എനിക്ക് ഇഷ്ടമായില്ല. കാരണം ഓടിവന്നിട്ട് ഇങ്ങനൊക്കെ പറഞ്ഞപ്പോൾ എനിക്ക് ദേഷ്യം വന്നു. ചിലപ്പോൾ സ്‌നേഹംകൊണ്ടായിരിക്കും.

മമ്മൂക്ക ജൂഡിന്റെ തലയിൽ മുടിയില്ലെന്ന് പറഞ്ഞ്‌ വിവാദം ആയിരുന്ന സമയം ആയിരുന്നു. നിങ്ങളുടെ തലയിൽ മുടി ഇല്ലല്ലോ, പിന്നെ ഞാൻ തടി വെക്കുന്നതിൽ നിങ്ങൾക്കെന്താ പ്രശനമെന്ന് ഞാൻ ചോദിച്ചു. അത് കേട്ടപ്പോൾ പുള്ളിക്ക് വളരെ സങ്കടം ആയി. പുള്ളി പെട്ടെന്ന് പഴയ കഥയൊക്കെ പറഞ്ഞു മുടി പോയതെങ്ങനാണെന്നൊക്കെ. ഇപ്പോൾ ഞാൻ മനസ്സിലാക്കുന്നുണ്ട് ഒരു നടൻ എന്ന നിലയിൽ ഞാൻ എന്റെ ശരീരം ഒക്കെ നോക്കേണ്ടതായിട്ടുണ്ട്,’ ധ്യാൻ പറഞ്ഞു.

താൻ തടി കുറച്ചിട്ട് വരുമ്പോൾ ചെയ്യുന്ന ചിത്രം മികച്ചതായിരിക്കണമെന്നും വിനീത് ശ്രീനിവാസൻ തന്നോട് തടി കുറക്കുകയാണെങ്കിൽ മാത്രം തന്റെ ചിത്രത്തിൽ വേഷം തരാമെന്ന് പറഞ്ഞെന്നും ധ്യാൻ പറഞ്ഞു.

‘ഞാൻ അടുത്തതായി ചെയ്യുന്ന ചിത്രം ഏറ്റവും അടിപൊളി ആയിരിക്കണമെന്ന് എനിക്ക് നിർബന്ധമുണ്ട്. ചേട്ടൻ പറഞ്ഞിട്ടുണ്ട് തടി കുറിച്ചിട്ട് വന്നാൽ മാത്രം ഒരു വേഷം തരാമെന്ന്. അല്ലെങ്കിൽ ആ വേഷം മറ്റാരെക്കൊണ്ടെങ്കിലും ചെയ്യിക്കുമെന്നും ചേട്ടൻ പറഞ്ഞു. ചിലപ്പോൾ എന്നിലെ നടനെ ചേട്ടന് ആവശ്യമായിരിക്കാം,’ ധ്യാൻ പറഞ്ഞു.

Content highlights: Dhyan Sreenivasan on fat and new movie with Vineeth sreenivasan