സിനിമയിലേക്ക് വരുന്ന പുതിയ സംവിധായകരെയും എഴുത്തുകാരെയും അഭിനേതാക്കളെയും കുറിച്ച് സംസാരിക്കുകയാണ് ധ്യാന്‍ ശ്രീനിവാസന്‍. ഇന്നെന്താണ് നടക്കുന്നതെന്നും പ്രേക്ഷകര്‍ക്ക് എന്താണ് വേണ്ടതെന്നും കൃത്യമായി അറിയാന്‍ കഴിയണമെന്ന് ധ്യാന്‍ പറയുന്നു.
തനിക്ക് സിനിമയില്‍ വലിയ കരിയര്‍ പ്ലാനോ പാഷനോ ഇല്ലെന്നും അതുകൊണ്ട് എന്തും ചെയ്യാനുള്ള സ്വാതന്ത്ര്യമുണ്ടെന്നും എന്നാല്‍ വലിയ പാഷനോടെ സിനിമയില്‍ വരുന്നവര്‍ സിനിമയെ കുറിച്ച് നന്നായി മനസിലാക്കണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. മീഡിയ വണ്ണിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു ധ്യാന്‍ ശ്രീനിവാസന്‍.
‘എന്തിനാണ് ഇപ്പോള്‍ ഇങ്ങനെ ഒരു സിനിമ എന്ന ചിന്ത ഇപ്പോള്‍ പല സംവിധായകര്‍ക്കും എഴുത്തുകാര്‍ക്കും ഇല്ല. ഒരു ട്രെന്‍ഡിനെ ഫോളോ ചെയ്ത് സിനിമ ചെയ്യണം എന്നല്ല ഞാന്‍ പറയുന്നത്. പക്ഷെ ഇന്നെന്താണ് നടക്കുന്നതെന്ന് അറിയണം. ഇന്നത്തെ പ്രേക്ഷകരെന്താണ്, അവര്‍ക്ക് എന്താണ് വേണ്ടത് എന്ന് കൃത്യമായി അറിയാന്‍ കഴിയണം. അതിപ്പോള്‍ എഴുത്തുകാരന്‍ ആയാലും സംവിധായകന്‍ ആയാലും അഭിനേതാവായാലും.
ഞാന്‍ ചെയ്യുന്നത് ഓക്കേ, എനിക്ക് സിനിമയെന്താണെന്ന് പല സ്ഥലത്തും ഞാന്‍ കൃത്യമായി പറഞ്ഞിട്ടുണ്ട്. പക്ഷെ ഇത്രയും പാഷനുള്ള ഇവര്‍ എന്തുകൊണ്ട് അങ്ങനെ ചെയ്യുന്നില്ല എന്ന് ഞാന്‍ പലപ്പോഴും ചിന്തിച്ചിട്ടുണ്ട്. പലരോടും ചോദിച്ചിട്ടുണ്ട്. പക്ഷെ ചില കാര്യങ്ങള്‍ ഒരു പരിധിക്കപ്പുറം ആരും ചിന്തിക്കുന്നില്ല. എല്ലാവരും ഒരുപോലെ ചിന്തിക്കണം എന്ന് നമുക്ക് പറയാന്‍ കഴിയില്ലല്ലോ. നമുക്ക് ഫോഴ്‌സ് ചെയ്യാനും കഴിയില്ല.
കാക്കയ്ക്കും തന്‍ കുഞ്ഞ് പൊന്‍ കുഞ്ഞ് എന്ന് പറയുന്നതുപോലെ അത്രയും കാലം മനസില്‍ കൊണ്ടുനടന്ന് വിമര്‍ശനത്തിന് ഒരു തരത്തിലും ഉള്‍കൊള്ളാന്‍ കഴിയാത്തവരായിരിക്കും. അത് നല്ലതായിരിക്കും എന്ന് കരുതി അവര്‍ സിനിമ ചെയ്ത് വരുമ്പോഴായിരിക്കും മനസിലാകുക ഇത് വര്‍ക്ക് ആകില്ലെന്ന്,’ ധ്യാന്‍ ശ്രീനിവാസന്‍ പറയുന്നു.
Content Highlight: Dhyan Sreenivasan Give Advise To New Comers Of Movies