നിവിന്‍ പോളിയെ നായകനാക്കി ഡിജോ ജോസ് ആന്റണി സംവിധാനം ചെയ്ത ചിത്രമാണ് മലയാളി ഫ്രം ഇന്ത്യ. ഷാരിസ് മുഹമ്മദായിരുന്നു ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയത്. റിലീസിന് പിന്നാലെ സിനിമയുടെ തിരക്കഥ മോഷ്ടിച്ചതാണെന്ന് ആരോപിച്ച് തിരക്കഥാകൃത്ത് നിഷാദ് കോയ രംഗത്തുവന്നിരുന്നു. ആ സമയത്ത് താന്‍ പ്രതികരിക്കാതിരുന്നതിനെപ്പറ്റി സംസാരിക്കുകയാണ് ധ്യാന്‍ ശ്രീനിവാസന്‍.
വിവാദത്തെപ്പറ്റി ആദ്യമേ അറിയാവുന്നതുകൊണ്ടാണോ പ്രൊമോഷന് പോകാത്തതെന്ന് പലരും തന്നോട് ചോദിച്ചിരുന്നെന്ന് ധ്യാന്‍ പറഞ്ഞു. ആ വിവാദത്തെപ്പറ്റി തനിക്ക് ഒന്നും അറിയില്ലായിരുന്നെന്നും സിനിമ ഇറങ്ങിയ സമയത്ത് ആരോഗ്യം മോശമായതിനാല്‍ ചെന്നൈയിലായിരുന്നെന്നും താരം പറഞ്ഞു. പലരും പറഞ്ഞിട്ടാണ് താന്‍ ആ വിവാദത്തെക്കുറിച്ച് അറിഞ്ഞതെന്നും ധ്യാന്‍ പറഞ്ഞു.
താന്‍ പ്രൊമോഷന് ചെന്നാല്‍ സത്യങ്ങള്‍ വിളിച്ച് പറയുമോ എന്ന് പേടിച്ചിട്ടാണ് ആരും പ്രൊമോഷന് വിളിക്കാത്തതെന്ന് പലരും വിചാരിച്ചെന്നും ധ്യാന്‍ കൂട്ടിച്ചേര്‍ത്തു. വിവാദത്തെപ്പറ്റി ആദ്യമേ അറിഞ്ഞിരുന്നെങ്കില്‍ താന്‍ സത്യത്തിന്റെ ഭാഗത്തേ നില്‍ക്കുള്ളൂവെന്നും ധ്യാന്‍ പറഞ്ഞു. താരത്തിന്റെ പുതിയ ചിത്രമായ സ്വര്‍ഗത്തിലെ കട്ടുറുമ്പിന്റെ പ്രൊമോഷനുമായി ബന്ധപ്പെട്ട് ജിഞ്ചര്‍ മീഡിയക്ക് നല്‍കിയ അഭിമുഖത്തിലാണ് ധ്യാന്‍ ഇക്കാര്യം പറഞ്ഞത്.
‘മലയാളി ഫ്രം ഇന്ത്യയുടെ സ്‌ക്രിപ്റ്റ് വിവാദത്തെപ്പറ്റി എനിക്ക് അറിയില്ലായിരുന്നു. പക്ഷേ പലരും വിചാരിച്ചത് എനിക്ക് ആദ്യമേ എല്ലാം അറിയാവുന്നതുകൊണ്ടാണ് ഞാന്‍ പ്രൊമോഷന് ചെല്ലാത്തതെന്നാണ്. സത്യം പറഞ്ഞാല്‍ ഞാന്‍ അപ്പോള്‍ ചെന്നൈയിലായിരുന്നു. എന്റെ ആരോഗ്യസ്ഥിതി ആ സമയത്ത് സ്വല്പം മോശമായതുകൊണ്ടാണ് ഞാന്‍ പ്രൊമോഷന്‍ പരിപാടികള്‍ക്കൊന്നും പോകാത്തത്.
പലരും എന്നോട് പറഞ്ഞത്, ഞാന്‍ ചെന്നാല്‍ ചിലപ്പോള്‍ സത്യങ്ങളൊക്കെ വിളിച്ചുപറയും. അത് പേടിച്ചാണ് ആരും പ്രൊമോഷന് വിളിക്കാത്തതെന്ന്. സിനിമ ഇറങ്ങിയ ശേഷമാണ് ഞാന്‍ ഈ കാര്യം അറിഞ്ഞത്. ഞാന്‍ ഇവിടെ ഉണ്ടായിരുന്നെങ്കില്‍ തീര്‍ച്ചയായും സത്യത്തിന്റെ ഭാഗത്ത് നിന്നേനെ. എപ്പോഴും സത്യത്തിന് വേണ്ടി മാത്രം നില്‍ക്കുന്നയാളാണ് ഞാന്‍. ഇതിലും മാറ്റമുണ്ടാകില്ലായിരുന്നു,’ ധ്യാന്‍ പറഞ്ഞു.
Content Highlight: Dhyan Sreenivasan explains why he did not attend the promotion of Malayalee from India movie