| Sunday, 1st January 2023, 9:45 am

ചേട്ടാ പേയ്‌മെന്റ് തന്നിട്ടേ പോകൂ, എന്നാണ് വിനീത് ചൂടാകുന്നതെന്ന് നോബി; ഇതൊരു ട്രിക്കാണ്, അകത്ത് പറയുന്നത് തെറിയായിരിക്കുമെന്ന് ധ്യാന്‍

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

മലയാള സിനിമാ പ്രേക്ഷകര്‍ക്ക് ഏറെ പ്രിയപ്പെട്ട താര സഹോദരങ്ങളാണ് ധ്യാന്‍ ശ്രീനിവാസനും വിനീത് ശ്രീനിവാസനും. ഇരുവരും അഭിനയത്തിലും സംവിധാനത്തിലും തിരക്കഥാ രചനയിലും തിളങ്ങി നില്‍ക്കുന്നവരാണ്.

സിനിമാഭിനയത്തേക്കാള്‍ കൂടുതല്‍ ധ്യാന്‍ ശ്രീനിവാസന്റെ അഭിമുഖങ്ങള്‍ സോഷ്യല്‍ മീഡിയയിലടക്കം പ്രേക്ഷകര്‍ വലിയ രീതിയില്‍ ഏറ്റെടുക്കാറുണ്ട്. ചേട്ടന്‍ വിനീതിനെ കുറിച്ച് ധ്യാന്‍ പറയുന്ന ചില കാര്യങ്ങളാണ് ഇപ്പോള്‍ ശ്രദ്ധ നേടുന്നത്.

ഫ്‌ളവേഴ്‌സ് ടി.വിയിലെ സ്റ്റാര്‍ മാജിക് എന്ന പരിപാടിയില്‍ പങ്കെടുത്ത് സംസാരിക്കവെ നടന്‍ നോബി മാര്‍ക്കോസ് വിനീതിനെ കുറിച്ച് പറഞ്ഞ ഒരു കാര്യത്തിന് ധ്യാന്‍ നല്‍കുന്ന രസകരമായ മറുപടിയാണ് വീഡിയോയിലുള്ളത്.

”വിനീത് മാത്രമാണ് പാവം. വിനീതിന് അത്രയും ദേഷ്യമുണ്ടെങ്കിലും പുള്ളി ചൂടാകുന്നത് ഇങ്ങനെയാണ്, ‘ഇല്ല ചേട്ടാ പേയ്‌മെന്റ് തന്നിട്ടേ ഞങ്ങള്‍ കയറൂ’ എന്ന്. ചിരിച്ചുകൊണ്ടാണ് ആളുകളുടെ അടുത്ത് പറയുക,” എന്നായിരുന്നു നോബി പറഞ്ഞത്.

എന്നാല്‍ ഇത് വിനീതിന്റെ ഒരു ട്രിക്ക് മാത്രമാണെന്നും ഉള്ളില്‍ തെറി പറഞ്ഞുകൊണ്ടായിരിക്കും പുള്ളി പുറത്ത് ഇങ്ങനെ പെരുമാറുക എന്നുമാണ് ധ്യാന്‍ ഇതിന് നല്‍കിയ മറുപടി കമന്റ്.

”ഇതൊരു ട്രിക്കാ. അതായത് ചിരിച്ചുകൊണ്ട് ‘എടാ ചെറ്റേ നിനക്ക് പേയ്‌മെന്റ് തരാം’ എന്നാകും പറയുന്നുണ്ടാവുക. അകത്ത് തെണ്ടി, ചെറ്റ എന്നൊക്കെയാകും പറയുക.

പുറത്തേക്ക് ആ വാക്കുകള്‍ വരില്ല എന്നേ ഉള്ളൂ,” ധ്യാന്‍ ശ്രീനിവാസന്‍ ചിരിച്ചുകൊണ്ട് പറഞ്ഞു.

വീകം ആണ് ധ്യാന്‍ ശ്രീനിവാസന്റേതായി ഏറ്റവുമൊടുവില്‍ തിയേറ്ററുകളിലെത്തിയ ചിത്രം. മുകുന്ദനുണ്ണി അസോസിയേറ്റ്‌സ് ആണ് വിനീത് ശ്രീനിവാസന്‍ നായകനായെത്തി ഏറ്റവുമൊടുവില്‍ പുറത്തുവന്ന ചിത്രം.

Content Highlight: Dhyan Sreenivasan and Noby Marcose talking about Vineeth Sreenivasan

We use cookies to give you the best possible experience. Learn more