വിനീത് ശ്രീനിവാസന്‍ സംവിധാനം ചെയ്ത തിരയിലൂടെ സിനിമാലോകത്തേക്കെത്തിയ നടനാണ് ധ്യാന്‍ ശ്രീനിവാസന്‍. ചുരുങ്ങിയ കാലം കൊണ്ട് നിരവധി സിനിമകളുടെ ഭാഗമായ ധ്യാന്‍ ഗൂഢാലോചന എന്ന സിനിമയിലൂടെ തിരക്കഥാരചനയില്‍ തന്റെ കയ്യൊപ്പ് പതിപ്പിച്ചു. 2019ല്‍ പുറത്തിറങ്ങിയ ലവ് ആക്ഷന്‍ ഡ്രാമയിലൂടെ സംവിധാനവും തനിക്ക് വഴങ്ങുമെന്ന് ധ്യാന്‍ തെളിയിച്ചു.
ധ്യാനിനെയും പ്രണവ് മോഹന്‍ലാലിനെയും നായകന്മാരാക്കി വിനീത് ശ്രീനിവാസന്‍ സംവിധാനം ചെയ്ത് ഈ വര്‍ഷം പുറത്തിറങ്ങിയ ചിത്രമാണ് വര്‍ഷങ്ങള്‍ക്ക് ശേഷം. തിയേറ്ററില്‍ വലിയ വിജയമായ ചിത്രം ഒ.ടി.ടി റിലീസിന് ശേഷം വലിയ രീതിയില്‍ വിമര്‍ശിക്കപ്പെട്ടു. വിനീതിന്റെ സ്ഥിരം തട്ടകമായ ചെന്നൈ പാസം പോലുള്ള കാര്യങ്ങള്‍ ട്രോളന്മാര്‍ വലിയ വിഷയമാക്കിയിരുന്നു. വിനീത് ശ്രീനിവാസന്‍ എന്ന സംവിധായകന്‍ ഔട്ട്‌ഡേറ്റഡാണെന്ന് വരെ പലരും അഭിപ്രായപ്പെട്ടു.
എന്നാല്‍ ഏതെങ്കിലും ചാനല്‍ ചര്‍ച്ചയിലോ അല്ലെങ്കില്‍ സോഷ്യല്‍ മീഡിയയിലോ മൂന്നോ നാലോ പേര് മാത്രമേ വിനീത് ഔട്ട്‌ഡേറ്റഡാണെന്ന് പറയുള്ളൂവെന്നും അല്ലാതെ ആര്‍ക്കും ഇത്തരം അഭിപ്രായമില്ലെന്നും ധ്യാന്‍ പറഞ്ഞു. വിനീത് ഇനി അടുത്തതായി ഒരു ആക്ഷന്‍ സിനിമ ചെയ്യുന്ന സമയത്ത് ഇപ്പറയുന്ന ചെന്നൈ പാസം ഉണ്ടെങ്കില്‍ വിമര്‍ശിക്കാമെന്ന് ധ്യാന്‍ പറഞ്ഞു. സില്ലി മോങ്ക്‌സ് മോളിവുഡിന് നല്‍കിയ അഭിമുഖത്തിലാണ് ധ്യാന്‍ ഇക്കാര്യം പറഞ്ഞത്.
‘ഏട്ടന്‍ ഔട്ട്‌ഡേറ്റഡാണെന്ന് ആരാണ് പറയുന്നത്? ചാനലിലെ ചര്‍ച്ചയില്‍ വന്നിരിക്കുന്ന മൂന്ന് പേര്‍, അല്ലെങ്കില്‍ സോഷ്യല്‍ മീഡിയയിലെ നാലോ അഞ്ചോ പേര്‍. പിന്നെ അവരെ പിന്താങ്ങുന്ന ഒരുകൂട്ടം ആള്‍ക്കാര്‍. അല്ലാതെ ആര്‍ക്കും ഇത്തരം അഭിപ്രായമില്ല. അവസാനം ചെയ്ത രണ്ട് സിനിമയിലും പുള്ളിയുടെ സ്ഥിരം ഐറ്റം കാണിച്ചു എന്നേ ഉള്ളൂ.
തിയേറ്ററില്‍ ഹിറ്റായ ശേഷമാണ് ഇതൊക്കെ വരുന്നത്. കുറച്ചാളുകള്‍ ട്രോളുന്നു, ബാക്കിയുള്ളവര്‍ ആ ഒഴുക്കിനനുസരിച്ച് പോകുന്നു എന്നേ ഉള്ളൂ. എനിക്കറിയാവുന്ന എന്റെ ഏട്ടന്‍ ഔട്ട്‌ഡേറ്റഡായി എന്ന് തോന്നിയിട്ടില്ല. ഒരു സിനിമ വെച്ചിട്ടൊന്നും ഇങ്ങനെ പറയുന്നതില്‍ അര്‍ത്ഥമില്ല. ഇനി ചെയ്യാന്‍ പോകുന്ന സിനിമയില്‍ ചെന്നൈയും ബാക്കി പരിപാടിയെല്ലാം വിട്ട് ഒരു ആക്ഷന്‍ പടം ചെയ്താല്‍ ഇപ്പറയുന്നതെല്ലാം മാറും,’ ധ്യാന്‍ പറഞ്ഞു.
Content Highlight: Dhyan Sreenivasan about Vineeth Sreenivasan and his films