|

ഞാന്‍ സിഗരറ്റ് വലിക്കുന്ന കാര്യം അറിഞ്ഞപ്പോള്‍ ഏട്ടന്‍ കരഞ്ഞു: ധ്യാന്‍ ശ്രീനിവാസന്‍

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

താന്‍ സിഗരറ്റ് വലിക്കുന്ന കാര്യം സഹോദരന്‍ വിനീത് അറിഞ്ഞതിനെ കുറിച്ച് പറയുകയാണ് നടന്‍ ധ്യാന്‍ ശ്രീനിവാസന്‍. ആദ്യം അറിഞ്ഞപ്പോള്‍ വിനീത് കരഞ്ഞുപോയെന്നും, ഇങ്ങനെയൊന്നും ചെയ്യാന്‍ പാടില്ലെന്ന് പറഞ്ഞെന്നും ധ്യാന്‍ പറഞ്ഞു. അച്ഛനെ കണ്ട് വേണം നമ്മള്‍ പഠിക്കാനെന്നും ഏട്ടന്‍ പറഞ്ഞെന്ന് താരം പറഞ്ഞു.

താന്‍ അച്ഛന്റെ സിഗരറ്റ് വലി കണ്ടിട്ടാണ് വലിക്കാന്‍ പഠിച്ചതെന്നും ഏട്ടന്‍ നേരേ തിരിച്ച് അച്ഛന്റെ വലി കണ്ടാണ് വലിക്കരുതെന്ന് പഠിച്ചതെന്നും ധ്യാന്‍ പറഞ്ഞു. താന്‍ അച്ഛന്റെയും ഏട്ടന്റെയും കയ്യില്‍ നിന്ന് ഒരുപാട് പണം കടംവാങ്ങിയിട്ടുണ്ടെന്നും എന്നാല്‍ ഇരുവരും അതിന് കൃത്യമായി കണക്ക് സൂക്ഷിച്ചിരുന്നെന്നും ധ്യാന്‍ പറഞ്ഞു. സീ കേരളത്തിലെ ഒരു പരിപാടിയില്‍ സംസാരിക്കവെയാണ് ധ്യാന്‍ ഇക്കാര്യങ്ങള്‍ പങ്കുവെച്ചത്.

‘ഞാന്‍ സിഗരറ്റ് വലിക്കുന്ന കാര്യം അറിഞ്ഞപ്പോള്‍ ഏട്ടന്‍ ശരിക്കും കരഞ്ഞു. കണ്ണൊക്കെ വല്ലാണ്ട് നിറഞ്ഞു. ഇതൊന്നും ചെയ്യാന്‍ പാടില്ല അച്ഛനെ കണ്ട് നമ്മള്‍ പഠിക്കണ്ടേ എന്നൊക്കെ ചോദിച്ചു. ഞാന്‍ ആണെങ്കില്‍ സിഗരറ്റ് വലിക്കാന്‍ പഠിച്ചത് തന്നെ അച്ഛനെ കണ്ടിട്ടാണ്. ഏട്ടന്റെ കാര്യത്തില്‍ അത് നേരെ തിരിച്ചാണ്. അച്ഛന്റെ സിഗരറ്റ് വലി കണ്ടിട്ടാണ് പുള്ളി സിഗരറ്റ് വലിക്കാന്‍ പാടില്ലെന്ന് പഠിച്ചത്.

ഞാന്‍ അച്ഛനോടും ചേട്ടനോടും വാങ്ങിയ പണത്തെ കടമായി കണ്ടിട്ടില്ല. കടം വാങ്ങിയാല്‍ നമ്മള്‍ അത് ഉറപ്പായും തിരിച്ച് കൊടുക്കണമല്ലോ. അങ്ങനെയൊരു അവസ്ഥ ഇതുവരെ ഉണ്ടായിട്ടില്ല. അതായത് ഞാന്‍ അവരുടെ കയ്യില്‍ നിന്നും വാങ്ങിയ പൈസ ഇതുവരെ തിരിച്ച് കൊടുത്തിട്ടില്ല. ഞാന്‍ വാങ്ങിച്ചാല്‍ തിരിച്ച് കൊടുക്കില്ലെന്ന് രണ്ട് പേര്‍ക്കും അറിയാവുന്ന കാര്യവുമാണ്.

അതുകൊണ്ട് തന്നെ രണ്ട് പേരും എനിക്ക് വാരിക്കോരി തന്നിട്ടുമുണ്ട്. കൂടുതല്‍ പൈസ ഞാന്‍ വാങ്ങിയിട്ടുള്ളത് അച്ഛന്റെ കയ്യില്‍ നിന്നും തന്നെയാണ്. പക്ഷെ പുള്ളി അതിന് കൃത്യമായി കണക്ക് സൂക്ഷിച്ചിട്ടുണ്ടായിരുന്നു. ഏട്ടന്‍ കണക്കൊന്നും സൂക്ഷിച്ചിട്ടില്ലാ എന്നാണ് ഞാന്‍ കരുതിയത്. എന്നാല്‍ പുള്ളിയും കണക്ക് വെച്ചിട്ടുണ്ടെന്ന് ഞാന്‍ പിന്നെയാണ് അറിയുന്നത്.

ഇവര്‍ രണ്ടുപേരും കൃത്യമായി ഞാന്‍ വാങ്ങിയ പൈസയുടെ കണക്ക്  സൂക്ഷിച്ചിരുന്നു. വര്‍ഷങ്ങള്‍ക്ക് ശേഷമാണ് ആ സത്യം ഞാന്‍ തിരിച്ചറിയുന്നത്,’ ധ്യാന്‍ ശ്രീനിവാസന്‍ പറഞ്ഞു.

അബാ മൂവീസിന്റെ ബാനറില്‍ ഷീലു എബ്രഹാം നിര്‍മിച്ച വീകമാണ് ധ്യാന്റെ ഏറ്റവും പുതിയ സിനിമ. ഡെയ്ന്‍ ഡേവിസാണ് സിനിമയില്‍ മറ്റൊരു പ്രധാന വേഷത്തെ അവതരിപ്പിച്ചത്. തിയേറ്ററില്‍ മികച്ച പ്രതികരണമാണ് സിനിമക്ക് ലഭിച്ചത്.

content highlight: dhyan sreenivasan about vineeth sreenivasan