| Thursday, 25th April 2024, 9:11 am

എന്റെ സിനിമകളില്‍ ആ രണ്ട് സിനിമകളെക്കുറിച്ചുള്ള ജഡ്ജ്‌മെന്റ് തെറ്റിയില്ല: ധ്യാന്‍ ശ്രീനിവാസന്‍

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

താന്‍ അഭിനയിച്ച സിനിമകളെക്കുറിച്ച് തനിക്ക് ആദ്യമേ ജഡ്ജ്‌മെന്റ് ഉണ്ടായിരുന്നെന്നും അതൊന്നും തെറ്റിയിട്ടില്ലെന്നും ധ്യാന്‍ ശ്രീനിവാസന്‍. ചില സിനിമകള്‍ ചെയ്തപ്പോള്‍ അത് ഫ്‌ളോപ്പാകുമെന്ന് ബോധ്യമുണ്ടാകാറുണ്ടെന്നും അതുപോലെ സംഭവിച്ചെന്നും ധ്യാന്‍ പറഞ്ഞു. ഉടല്‍, നദികളില്‍ സുന്ദരി യമുന ഈ രണ്ട് സിനിമകള്‍ തനിക്ക് പ്രതീക്ഷയുള്ള സിനിമകളായിരുന്നെന്നും അത് രണ്ടും ശ്രദ്ധിക്കപ്പെട്ടെന്നും ധ്യാന്‍ കൂട്ടിച്ചേര്‍ത്തു. ക്യൂ സ്റ്റുഡിയോക്ക് നല്‍കിയ അഭിമുഖത്തിലാണ് താരം ഇക്കാര്യം പറഞ്ഞത്.

‘ഞാന്‍ ചെയ്ത സിനിമകളെപ്പറ്റിയെല്ലാം എനിക്ക് ആദ്യമേ ജഡ്ജ്‌മെന്റ് ഉണ്ടായിരുന്നു. അതുപോലെ തന്നെയാണ് സംഭവിച്ചത്, കാരണം എല്ലാ സിനിമയും പൊട്ടി. അതിന്റെയൊക്കെ കഥ കേള്‍ക്കുമ്പോള്‍ അല്ലെങ്കില്‍ മേക്കിങിന്റെ സമയത്ത് തന്നെ നമുക്ക് മനസിലാകും. ഇത് എത്രത്തോളം പോകുമെന്ന്. അത് ഞാന്‍ ആ സിനിമയുടെ ഡയറക്ടറോടും പ്രൊഡ്യൂസറോടും പറഞ്ഞിട്ടുമുണ്ട്.

ആകെ രണ്ട് സിനിമയില്‍ മാത്രമേ ഞാന്‍ പ്രതീക്ഷ വെച്ചുള്ളൂ. അതിലൊന്നായിരുന്നു ഉടല്‍. ആ സിനിമ ചെയ്യുന്ന സമയത്ത് എനിക്ക് തോന്നിയിരുന്നു ഇതിന് നല്ല റെക്കഗിനിഷന്‍ കിട്ടുമെന്ന. പക്ഷേ ബ്ലഡ്‌ഷെഡ് കൂടുതലുള്ളത് തിരിച്ചടിയാവുമെന്ന് ഞാന്‍ രതീഷേട്ടനോട് പറഞ്ഞു. അതുപോലെ തന്നെ സംഭവിച്ചു. എ സര്‍ട്ടിഫിക്കറ്റാണ് ഉടലിന് കിട്ടിയത്. പക്ഷേ ആ സിനിമ ആളുകള്‍ ചര്‍ച്ചാവിഷയമാക്കി.

പിന്നെ എനിക്ക് പ്രതീക്ഷ തന്ന സിനിമ നദികളില്‍ സുന്ദരി യമുനയായിരുന്നു. അതിലും ഒരുപാട് ഫ്‌ളോസ് ഉണ്ട്. അത് കവര്‍ ചെയ്യാന്‍ വേണ്ടിയാണ് ഞാന്‍ ആ സിനിമയെ പുഷ് ചെയ്തത്. വെറും ആവറേജില്‍ ഒതുങ്ങേണ്ട സിനിമയായിരുന്നു അത്. എന്റെ പുഷ് കൊണ്ട് എബോവ് ആവറേജില്‍ എത്തി. അത് അങ്ങനെയാണ്. നമ്മളുടെ പുഷ് കൊണ്ട് ചില സമയത്ത് വലിയ മാറ്റങ്ങള്‍ സിനിമയുടെ റിസല്‍ട്ടില്‍ മാറ്റമുണ്ടാകും. ജയിക്കുമെന്ന് ഉറപ്പുള്ളതു കൊണ്ടാണ് ഞാന്‍ ആ സിനിമയുടെ പ്രൊമോഷന് ഇറങ്ങിയത്.

വര്‍ഷങ്ങള്‍ക്കു ശേഷത്തിന്റെ കാര്യത്തിലും എനിക്ക് ചെറിയ ടെന്‍ഷനുണ്ടായിരുന്നു. എങ്ങാനും സിനിമ ഡൗണ്‍ ആകുമോ എന്ന ചിന്ത വന്നപ്പോഴാണ് ഞാനും അതിന്റെ പ്രൊമോഷന് ഇറങ്ങിയത്. നമ്മള്‍ ഒന്നും പറയാത്തതുകൊണ്ട് സിനിമ പ്രതീക്ഷിച്ച ലെവലില്‍ എത്താതിരിക്കരുതെന്ന് വിചാരിച്ചാണ് കപ്പ് തൂക്കിയെന്നും കളക്ഷന്‍ കൂടിയെന്നുമൊക്കെ തള്ളിയത്,’ ധ്യാന്‍ പറഞ്ഞു.

Content Highlight: Dhyan Sreenivasan about Udal and Nadikalil Sundari Yamuna

We use cookies to give you the best possible experience. Learn more