|

ഏട്ടന് പ്രണവിനോട് അസൂയയുണ്ടെന്ന് തോന്നുന്നു, അതുകൊണ്ടാണ് അങ്ങനെ പറഞ്ഞത്: ധ്യാന്‍ ശ്രീനിവാസന്‍

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

2024ലെ മികച്ച വിജയങ്ങളിലൊന്നായിരുന്നു വിനീത് ശ്രീവാസന്‍ സംവിധാനം ചെയ്ത വര്‍ഷങ്ങള്‍ക്ക് ശേഷം. പ്രണവ് മോഹന്‍ലാല്‍ ,ധ്യാന്‍ ശ്രീനിവാസന്‍ എന്നിവര്‍ പ്രധാന കഥാപാത്രങ്ങളായെത്തിയ ചിത്രം തിയേറ്ററില്‍ വലിയ വിജയമായി മാറി. എന്നാല്‍ ഓ.ടി.ടി റിലീസിന് ശേഷം ചിത്രത്തിന് നേരം വലിയ വിമര്‍ശനങ്ങളുയര്‍ന്നു.

ചിത്രത്തിന്റെ പ്രൊമോഷന്റെ ഭാഗമായി നല്‍കിയ ഇന്റര്‍വ്യൂവില്‍ വിനീത് ശ്രീനിവാസന്‍ പ്രണവിനെക്കുറിച്ച് പറഞ്ഞ വാക്കുകളാണ് ഏറ്റവുമധികം ട്രോള്‍ ചെയ്യപ്പെട്ടത്. ‘അപ്പു നമ്മളെപ്പോലെയല്ല’ എന്ന ഡയലോഗ് ട്രോളന്മാര്‍ ഏറ്റെടുത്തിരുന്നു. അത്തരം ട്രോളുകളോട് പ്രതികരിക്കുകയാണ് ധ്യാന്‍ ശ്രീനിവാസന്‍. പ്രണവ് എല്ലാവരെയും പോലെ സാധരണക്കാരനാണെന്ന് പറയുകയാണ് ധ്യാന്‍.

നമ്മളൊക്കെ സമൂഹം കല്പിച്ച ചട്ടക്കൂടിനുള്ളില്‍ ജീവിക്കുമ്പോള്‍ അതിനെയെല്ലാം ബ്രേക്ക് ചെയ്തുകൊണ്ട് ജീവിക്കുന്നയാളാണ് പ്രണവെന്ന് ധ്യാന്‍ പറഞ്ഞു. ഫ്രീ സമയം ഉള്ളപ്പോള്‍ വന്ന് സിനിമ ചെയ്യുകയും ആ പൈസക്ക് ട്രാവല്‍ ചെയ്യുന്നയാളാണ് പ്രണവെന്നും ധ്യാന്‍ പറഞ്ഞു. പ്രണവിന് ഇതൊക്കെ ചെയ്യാന്‍ പറ്റുമ്പോള്‍ വിനീതിന് അസൂയ തോന്നിയിട്ടാണ് അങ്ങനെ പറഞ്ഞതെന്നും ധ്യാന്‍ കൂട്ടിച്ചേര്‍ത്തു. ജിഞ്ചര്‍ മീഡിയ എന്റര്‍ടൈന്മെന്റ്‌സിന് നല്‍കിയ അഭിമുഖത്തിലാണ് ധ്യാന്‍ ഇക്കാര്യം പറഞ്ഞത്.

‘ഏട്ടന്‍ എല്ലാ ഇന്റര്‍വ്യൂവിലും പോയിട്ട് ‘നമ്മളങ്ങനെയല്ലേ, പക്ഷേ അപ്പു അങ്ങനെയല്ല’ എന്നൊക്കെ പറയുമ്പോളാണ് ട്രോള്‍ വരുന്നത്. സത്യം പറഞ്ഞാല്‍ അപ്പു നമ്മളെപ്പോലെയൊക്കെ തന്നെയാണ്. പക്ഷേ വ്യത്യാസം എന്താണെന്ന് വെച്ചാല്‍ നമ്മളൊക്കെ സമൂഹം കല്പിച്ചുവെച്ച ചട്ടക്കൂടില്‍ നിന്ന് പുറത്തുപോകാന്‍ പറ്റാതെ ജീവിക്കുകയാണ്.

അപ്പു അതെല്ലാം ബ്രേക്ക് ചെയ്ത് ജീവിക്കുന്നു എന്ന വ്യത്യാസം മാത്രമേയുള്ളൂ. സമയം കിട്ടുമ്പോള്‍ വന്ന് സിനിമ ചെയ്തിട്ട് ആ പൈസക്ക് വീണ്ടും യാത്ര ചെയ്യും. അതെല്ലാം കാണുമ്പോള്‍ നമുക്ക് അവരോട് അസൂയ തോന്നും. എനിക്ക് തോന്നുന്നത് ഏട്ടന് അപ്പുവിനോട് അസൂയ തോന്നിയിട്ടാണോ ഇന്റര്‍വ്യൂവിന് അങ്ങനെയൊക്കെ പറഞ്ഞിട്ടുണ്ടാവുക,’ ധ്യാന്‍ പറഞ്ഞു.

Content Highlight: Dhyan Sreenivasan about trolls against Pranav Mohanlal