| Saturday, 2nd July 2022, 7:40 pm

പാതിരാത്രിക്ക് ഒരു വീട്ടില്‍ കയറി ശ്രീനിവാസന്റെ മകനാണെന്ന് പറഞ്ഞാല്‍ പച്ചവെള്ളമെങ്കിലും കിട്ടും; അനാവശ്യ പ്രിവിലേജ് ഇഷ്ടമല്ല: ധ്യാന്‍ ശ്രീനിവാസന്‍

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

തിരക്കഥാകൃത്തായും നടനായും മലയാള സിനിമയില്‍ പ്രാഗത്ഭ്യം തെളിയിച്ച നടനാണ് ശ്രീനിവാസന്‍. താരത്തിന്റെ രണ്ട് മക്കളും സിനിമ തന്നെയാണ് തങ്ങളുടെ മേഖലയായി തെരഞ്ഞെടുത്തത്.

വിനീത് ശ്രീനിവാസന്‍ ഗായകനായും സംവിധായകനായും തിരക്കഥാകൃത്തായും നടനായും മലയാളസിനിമയില്‍ തന്റേതായ ഒരിടമുണ്ടാക്കിയിട്ടുണ്ട്. ധ്യാന്‍ ശ്രീനിവാസനും നടനായി വന്ന് പിന്നീട് സംവിധാനത്തിലും നിര്‍മാണത്തിലും ഇപ്പോള്‍ തിരക്കഥയിലും കൈവെച്ചിരിക്കുകയാണ്.

ശ്രീനിവാസന്റെ മകനായതുകൊണ്ട് ലഭിക്കാവുന്ന പ്രിവിലേജുകളെക്കുറിച്ചും അത് താന്‍ എങ്ങനെ കാണുന്നുവെന്നും പറയുകയാണ് ഇപ്പോള്‍ ധ്യാന്‍. കൗമുദി മൂവീസിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു താരം.

”നാട്ടിലൊക്കെയാണെങ്കില്‍ ഏത് വീട്ടില്‍ പാതിരാത്രിക്ക് കയറിയാലും ശ്രീനിവാസന്റെ മോനാണെന്ന് പറഞ്ഞാല്‍ ഒരു ഗ്ലാസ് പച്ചവെള്ളം കിട്ടും. അതായത് നമ്മള്‍ നാട്ടിലാണെങ്കില്‍ തെണ്ടിപ്പോവില്ല.

അനാവശ്യമായ പ്രിവിലേജുകളില്‍ എനിക്ക് വലിയ താല്‍പര്യമില്ല. ശ്രീനിവാസന്റെ മോനായത് കൊണ്ടുള്ള ഓവര്‍ അറ്റന്‍ഷന്‍ എനിക്ക് വേണ്ട. അത് ഞാന്‍ ആഗ്രഹിക്കുന്നുമില്ല.

ബാക്കിയുള്ളവരെ ഒരുപോലെ ട്രീറ്റ് ചെയ്യുന്ന പോലെത്തന്നെ എന്നെ ട്രീറ്റ് ചെയ്താല്‍ മതി. എന്നെ ഒരു മനുഷ്യനെ പോലെത്തന്നെ കണ്ടാല്‍ മതി. അത് പലരും കാണുന്നില്ല, അതാണ് പ്രശ്‌നം.

ഓവര്‍ പ്രിവിലേജുകള്‍ എനിക്ക് ഇഷ്ടമല്ല,” ധ്യാന്‍ ശ്രീനിവാസന്‍ പറഞ്ഞു.

നവാഗതനായ ഷഹദ് സംവിധാനം ചെയ്ത പ്രകാശന്‍ പറക്കട്ടെയാണ് ധ്യാന്‍ ശ്രീനിവാസന്റെ ഏറ്റവുമൊടുവില്‍ റിലീസ് ചെയ്ത ചിത്രം. സിനിമയുടെ തിരക്കഥ രചിച്ചതും ധ്യാന്‍ തന്നെയായിരുന്നു.

ഉടല്‍ ആണ് ധ്യാന്‍ നായകനായി ഏറ്റവുമൊടുവില്‍ റിലീസ് ചെയ്ത ചിത്രം. ധ്യാന്‍ നായകനാവുന്ന ജയ്‌ലര്‍ എന്ന പുതിയ ചിത്രത്തിന്റെ ഫസ്റ്റ്ലുക്ക് പോസ്റ്ററും കഴിഞ്ഞ ദിവസം പുറത്തുവന്നിരുന്നു.

Content Highlight: Dhyan Sreenivasan about the previleges of being the son of Sreenivasan

We use cookies to give you the best possible experience. Learn more