Movie Day
എത്ര സിനിമയായി ഈ വര്‍ഷം, എന്റെ റെക്കോര്‍ഡ് ബ്രേക്ക് ചെയ്യുമോയെന്ന് മമ്മൂക്ക; അനുഭവം പങ്കുവെച്ച് ധ്യാന്‍
നന്‍പകല്‍ നേരത്ത് മയക്കം സിനിമയുടെ ഷൂട്ട് നടക്കുന്നതിനിടെ നടന്‍ മമ്മൂട്ടിയെ കാണാന്‍ പോയ കഥ പറയുകയാണ് സംവിധായകന്‍ ധ്യാന്‍ ശ്രീനിവാസവന്‍. നദികളില്‍ സുന്ദരി യമുന എന്ന ചിത്രത്തിന്റെ ഭാഗമായി മാധ്യമങ്ങളെ കണ്ടപ്പോഴായിരുന്നു മമ്മൂട്ടിയെ കണ്ട കഥ ധ്യാന്‍ പങ്കുവെച്ചത്.
താന്‍ അഭിനയിച്ച ജയിലര്‍ സിനിമയുടെ ഷൂട്ടും നന്‍പകലിന്റെ ഷൂട്ടും ഏതാണ്ട് ഒരേ ലൊക്കേഷനായിരുന്നെന്നും ഒരേ ഹോട്ടലിലായിരുന്നു തങ്ങള്‍ താമസിച്ചിരുന്നതെന്നും താരം പറയുന്നു. കുറേ ദിവസം അവിടെ ഉണ്ടായിട്ടും മമ്മൂക്കയെ കാണാന്‍ പോകാന്‍ തനിക്ക് പറ്റിയിരുന്നില്ലെന്നും ഒടുവില്‍ തന്നെ കണ്ടപ്പോള്‍ ചോദിക്കാന്‍ ഒരു ചോദ്യം അദ്ദേഹം കരുതിയിരുന്നെന്നും ധ്യാന്‍ പറഞ്ഞു.
‘ ജയിലറിന്റെ ഷൂട്ട് നടക്കുന്ന അതേസമയമാണ് നന്‍പകല്‍ നേരത്ത് മയക്കത്തിന്റെ ഷൂട്ടും നടക്കുന്നുണ്ട്. മമ്മൂട്ടിയങ്കിള്‍ അപ്പുറത്ത് ഉണ്ട്. ഞാന്‍ പക്ഷേ അദ്ദേഹത്തെ കാണാന്‍ പോയിട്ടില്ല. അദ്ദേഹം വൈകീട്ട് ഷൂട്ട് കഴിഞ്ഞ് വരും. അവന്‍ അപ്പുറത്തുണ്ടായിട്ടും ഇത്രയും ദിവസമായിട്ട് ഒന്ന് എന്നെ കാണാന്‍ വന്നില്ലല്ലോയെന്ന് അദ്ദേഹം പറഞ്ഞതായി അറിഞ്ഞു.
അങ്ങനെ ഒരു ദിവസം രാത്രി ആന്റോ ചേട്ടന്‍ എന്നേയും കൂട്ടി മമ്മൂട്ടിയങ്കിളിന്റെ അടുത്തേക്ക് പോകുകയാണ്. പുള്ളി അവിടെ എന്നെ പരിചയപ്പെടുത്തുന്നത് പ്രൊഡ്യൂസേഴ്‌സ് അസോസിയേഷന്‍ നിലനിന്ന് പോകുന്നതിന് കാരണക്കാരനായ ആളിതാ എത്തിയിരിക്കുന്നു എന്ന് പറഞ്ഞാണ്. അപ്പോള്‍ തന്നെ മമ്മൂക്ക, ‘ആ എത്തിയോ’ എന്ന് ചോദിച്ചു.
എത്ര സിനിമയായി ഈ വര്‍ഷമെന്ന് മമ്മൂട്ടിയങ്കിള്‍ എന്നോട് ചോദിച്ചു. ഒരു എട്ടെണ്ണമായെന്ന് ഞാന്‍ പറഞ്ഞു. എനിക്ക് 1984 ലോ 86 ലോ ഒരു റെക്കോര്‍ഡുണ്ട് ഒരു വര്‍ഷം 34 സിനിമയില്‍ അഭിനയിച്ചതിന്റെ. ആ റെക്കോര്‍ഡ് നീ ബ്രേക്ക് ചെയ്യുമോ എന്ന് അദ്ദേഹം ചോദിച്ചു (ചിരി). ഞാന്‍ ശ്രമിക്കുന്നുണ്ട് ഐ വില്‍ ട്രൈ മൈ ലെവല്‍ ബെസ്റ്റ് എന്ന് ഞാന്‍ മറുപടിയും പറഞ്ഞു,’ ധ്യാന്‍ പറഞ്ഞു.
തന്നെപ്പോലുള്ളവര്‍ ഉള്ളതുകൊണ്ടാണ് പ്രൊഡ്യൂസേഴ്‌സ് അസോസിയേഷനൊക്കെ നിലനിന്നു പോകുന്നതെന്നും എത്ര പേര്‍ക്ക് നമ്മള്‍ ജോലിയുണ്ടാക്കിക്കൊടുക്കുന്നുണ്ടെന്ന് അറിയാമോ എന്നുമായിരുന്നു ധ്യാന്‍ ചിരിയോടെ ചോദിച്ചത്.
ഒരു പാരലല്‍ ഇന്‍ഡസ്ട്രിയായിട്ടാണ് താന്‍ വര്‍ക്ക് ചെയ്യുന്നതെന്നും ആരുമില്ലാത്തവര്‍ക്ക് നമ്മളെപ്പോലുള്ളവരാണ് ആശ്രയമെന്നും ധ്യാന്‍ ശ്രീനിവാസന്‍ പറഞ്ഞു.
ഒരുപാട് പേര്‍ റിജക്ട് ചെയ്ത സിനിമകളായിരിക്കും നമ്മള്‍ക്കൊക്കെ വരുന്നതെന്നും വലിയ താരങ്ങളെ കിട്ടാതാവുമ്പോള്‍ മാത്രമാണ് പലരും തങ്ങളെ തേടിയെത്തുന്നതെന്നും വാര്‍ത്താ സമ്മേളനത്തില്‍ പങ്കെടുക്കവേ നടന്‍ അജു വര്‍ഗീസും പറഞ്ഞു. അതിപ്പോള്‍ ആര് സിനിമയെടുക്കാന്‍ നില്‍ക്കുമ്പോഴും ഏറ്റവും മുകളിലും ഏറ്റവും വാല്യൂവും ഉള്ള ആളുകളേയെ ആലോചിക്കൂ. അവര്‍ ആക്‌സിസിബിള്‍ ആകാതെ വരുമ്പോഴും അല്ലെങ്കില്‍ സമയമമെടുക്കുമെന്ന് അറിയുമ്പോഴുമാണ് ഞങ്ങളെപ്പോലുള്ളവരിലേക്ക് എത്തുന്നത് എന്നായിരുന്നു അജു വര്‍ഗീസ് പറഞ്ഞത്.
Content Highlight: Dhyan Sreenivasan about the meeting with mammootty