Entertainment
ന്യാപകം എല്ലാ സീനിലും ഇട്ടപ്പോള്‍ പലര്‍ക്കും അരോചകമായി തോന്നിയിട്ടുണ്ട്, എന്നാല്‍ ചിലര്‍ അത് ആസ്വദിച്ചിട്ടുമുണ്ട്: ധ്യാന്‍ ശ്രീനിവാസന്‍
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
2024 Jun 19, 05:34 am
Wednesday, 19th June 2024, 11:04 am

ഈ വര്‍ഷത്തെ വിജയചിത്രങ്ങളിലൊന്നായി മാറുകയും എന്നാല്‍ ഒ.ടി.ടി റിലീസിന് ശേഷം ഒരുപാട് വിമര്‍ശനങ്ങളേറ്റു വാങ്ങേണ്ടിയും വന്ന ചിത്രമാണ് വര്‍ഷങ്ങള്‍ക്ക് ശേഷം. വിനീത് ശ്രീനിവാസന്‍ സംവിധാനം ചെയ്ത ചിത്രത്തില്‍ പ്രണവ് മോഹന്‍ലാലും ധ്യാന്‍ ശ്രീനിവാസനുമാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചത്.

ചിത്രത്തില്‍ ന്യാപകം എന്ന ഗാനം ആദ്യം മുതല്‍ അവസാനം വരെയുള്ള സീനുകളില്‍ ഉപയോഗിച്ചത് പലരും വിമര്‍ശിച്ചിരുന്നു. എന്നാല്‍ ചിലര്‍ അത് ആസ്വദിച്ചിട്ടുണ്ടെന്ന് പറയുകയാണ് ധ്യാന്‍ ശ്രീനിവാസന്‍.വിനീത് തന്റെ മുന്‍ ചിത്രമായ ഹൃദയത്തിലും ഇതുപോലെ ഒരു പാട്ട് മിക്ക സീനിലും ഉപയോഗിച്ചിട്ടുണ്ടെന്നും അതേ ഫോര്‍മുല തന്നെയാണ് വര്‍ഷങ്ങള്‍ക്ക് ശേഷത്തിലും ഉപയോഗിച്ചതെന്ന് ധ്യാന്‍ പറഞ്ഞു.

ന്യാപകം എന്ന പാട്ട് റിലീസായ സമയത്ത് പലരും അത് ലൂപ്പിലിട്ട് കേട്ടിട്ടുള്ള ഒന്നാണെന്നും സിനിമയില്‍ ആ പാട്ട് വരുന്ന ഭാഗങ്ങള്‍ ആസ്വദിച്ചവരുണ്ടെന്നും, എന്നാല്‍ ചിലര്‍ക്ക് അത് അരോചകമായി തോന്നിയെന്നും ധ്യാന്‍ കൂട്ടിച്ചേര്‍ത്തു. പുതിയ ചിത്രമായ സ്വര്‍ഗത്തിലെ കട്ടുറുമ്പിന്റെ പ്രൊമോഷനുമായി ബന്ധപ്പെട്ട് ജിഞ്ചര്‍ മീഡിയ എന്റര്‍ടൈന്മെന്റിന് നല്‍കിയ അഭിമുഖത്തിലാണ് താരം ഇക്കാര്യം പറഞ്ഞത്.

‘ഹൃദയത്തിലും പുള്ളി മനസ്സേ എന്ന പാട്ട് റിപ്പീറ്റായി ഇട്ടിട്ടുണ്ട്. അതേ ഫോര്‍മുല തന്നെയാണ് ഏട്ടന്‍ ഈ സിനിമയിലും ഉപയോഗിച്ചത്. കുറേ സ്ഥലത്ത് ഈ പാട്ട് ഇട്ടപ്പോള്‍ ചിലര്‍ക്ക് അരോചകമായി തോന്നിയിട്ടുണ്ട്. ആ പാട്ട് ഇഷ്ടമായവര്‍ക്ക് അതൊക്കെ വര്‍ക്കായിട്ടുണ്ട്. ആളുകളുടെ ടേസ്റ്റിനെ ഡിപ്പെന്‍ഡ് ചെയ്തിട്ടുള്ള കാര്യമാണ്. ആ പാട്ടിനെ കളിയാക്കുന്നവരുമുണ്ട്.

എനിക്ക് പേഴ്‌സണലി ആ പാട്ട് വളരെ ഇഷ്ടമായി, എന്റെ ടേസ്റ്റ് അതാണ്. പക്ഷേ ആ പാട്ട് ഒരുപാട് തവണ ഇട്ട് വെറുപ്പിക്കുന്ന അവസ്ഥയാണെന്ന് പലരും പറയുന്നുണ്ട്. ഒരു രീതിക്ക് നോക്കിയാല്‍ അതും ശരിയാണ്. എത്ര ഇഷ്ടമുള്ള പാട്ടാണെങ്കിലും ആര്‍ക്കായാലും വെറുത്തുപോകും. ഇഷ്ടപ്പെട്ടവര്‍ പോലും നെഗറ്റീവ് പറഞ്ഞത് അതുകൊണ്ടാണ്. ഒന്നുകില്‍ ആ മിസ്റ്റേക്ക് തിരുത്തുക, അല്ലെങ്കില്‍ ഇതേ കാര്യം റിപ്പീറ്റ് ചെയ്യുക. അതൊക്കെ ഏട്ടന്‍ തീരുമാനിക്കേണ്ട കാര്യമാണ്,’ ധ്യാന്‍ ശ്രീനിവാസന്‍ പറഞ്ഞു.

Content Highlight: Dhyan Sreenivasan about the criticism towards Nyabagam song