അച്ഛനെ കുറിച്ച് വിമര്‍ശനാത്മകമായി സംസാരിക്കാന്‍ തനിക്ക് സ്വാതന്ത്ര്യമുണ്ടെന്നും ഒരു തവണ പോലും അദ്ദേഹം അത് ചോദ്യം ചെയ്തിട്ടില്ലെന്നും നടന്‍ ധ്യാന്‍ ശ്രീനിവാസന്‍.
അച്ഛനും താനുമായി ഒരിക്കല്‍ നടന്ന തര്‍ക്കത്തെ കുറിച്ച് ഒരു പരിപാടിയില്‍ സംസാരിച്ചപ്പോള്‍ അച്ഛനെ കുറിച്ച് നല്ലതൊന്നും പറഞ്ഞില്ലല്ലോ എന്ന് ചിലര്‍ ചോദിച്ചിരുന്നെന്നും നല്ലത് പറയുമ്പോഴേക്ക് 45 മിനുട്ടുള്ള സെഷന്‍ തീര്‍ന്നുപോയെന്നുമായിരുന്നു ധ്യാനിന്റെ മറുപടി.
‘അച്ഛനും ചേട്ടനുമിടയില്‍ ധ്യാന്‍ എന്നതായിരുന്നു ആ പരിപാടിയുടെ ടോപ്പിക്ക്. സ്വാഭാവികമായിട്ടും ഞാന്‍ അവരെ കുറിച്ചാണല്ലോ പറയേണ്ടത്. അച്ഛനും ഞാനും തമ്മിലുള്ള കാര്യങ്ങളായിരുന്നു അതിന്റെ മോഡറേറ്റര്‍ ചോദിച്ചത്.
അച്ഛനും ഞാനുമായുള്ള തര്‍ക്കങ്ങള്‍, വിഷയങ്ങള്‍ എല്ലാം പറഞ്ഞു. കൂടുതലും വിമര്‍ശനാത്മകമായാണ് സംസാരിച്ചത്. എന്തുകൊണ്ട് അച്ഛന്റെ പോസിറ്റീവ് വശങ്ങളൊന്നും പറഞ്ഞില്ലെന്ന് ചിലര്‍ ചോദിച്ചു. 45 മിനുട്ടുകൊണ്ട് ആ സെഷന്‍ തീര്‍ന്നു. നല്ലത് പറയുന്നതിന് മുന്‍പേ പരിപാടി കഴിഞ്ഞുപോയി (ചിരി).
പിന്നെ അച്ഛനെ കുറിച്ചുള്ള നല്ലതൊക്കെ നിങ്ങള്‍ക്കറിയാം. എനിക്ക് അദ്ദേഹത്തെ കുറിച്ച് ഇങ്ങനെ സംസാരിക്കാന്‍ കഴിയുന്നത് ആ സ്വാതന്ത്ര്യം അദ്ദേഹം എനിക്ക് തന്നതുകൊണ്ടാണ്. അതില്‍ നിന്നുതന്നെ ഞങ്ങള്‍ തമ്മിലുള്ള അണ്ടര്‍സ്റ്റാന്‍ഡിങ് എങ്ങനെയായിരിക്കുമെന്ന് മനസിലാക്കാമല്ലോ.
ആ പരിപാടി കഴിഞ്ഞ് പിറ്റേ ദിവസം എന്റെ വീട്ടിലേക്കാണ് ഞാന്‍ പോയത്. വീട്ടിലെ ഹോളില്‍ അച്ഛന്‍ പേപ്പര്‍ വായിച്ചിരിപ്പുണ്ട്. സ്വാഭാവികമായിട്ടും ആ പരിപാടിയുടെ കാര്യം അച്ഛനെ വിളിച്ചുപറയാന്‍ ഇവിടെ ആളുണ്ട്. അച്ഛന്‍ അത് അറിഞ്ഞിട്ടുമുണ്ട്.
പക്ഷേ അങ്ങനെ ഒരു പരിപാടിയേ നടന്നിട്ടില്ലാത്ത രീതിയിലാണ് അദ്ദേഹം എന്നോട് സംസാരിച്ചത്. എവിടെയായിരുന്നു എന്ന് ചോദിച്ചു. ഇങ്ങനെ ഒരു പരിപാടിയുണ്ടായിരുന്നെന്ന് പറഞ്ഞു. എല്ലാം പുള്ളി അറിഞ്ഞിട്ടുണ്ട്. എന്നാല്‍ അതിനെ കുറിച്ച് ഒരു ചര്‍ച്ചയോ ഒരു സംസാരമോ ഇല്ല. നീ എന്നെ പറ്റി അവിടെ പോയി കുറ്റം പറഞ്ഞില്ലേടാ എന്ന് ചോദിച്ചാല്‍ പിന്നെ കഴിഞ്ഞില്ലേ..എന്റെ അച്ഛന്‍ അങ്ങനെ ചോദിക്കില്ല. അതാണ് വ്യത്യാസം. ഒരിക്കലും ആ രീതിയില്‍ അദ്ദേഹം സംസാരിച്ചിട്ടില്ല,’ ധ്യാന്‍ പറഞ്ഞു.
ഒരിക്കലും അച്ഛന്‍ തന്നെ വീട്ടില്‍ നിന്ന് പുറത്താക്കിയിട്ടില്ലെന്നും ഒരു ഘട്ടത്തില്‍ താനായിട്ട് ഇറങ്ങിയതാണെന്നും ധ്യാന്‍ അഭിമുഖത്തില്‍ പറഞ്ഞു. ‘പിറ്റേ ദിവസം മുതല്‍ പുള്ളിയോട് കാശ് ചോദിച്ച് നില്‍ക്കാന്‍ പറ്റില്ലെന്ന അവസ്ഥ വന്നപ്പോള്‍ ഇറങ്ങിയതാണ്. നാളെ അച്ഛന്റെ മുന്നില്‍ കൈനീട്ടേണ്ട അവസ്ഥ വന്നപ്പോള്‍ ഇറങ്ങി. ഗതിയില്ലാതെ നില്‍ക്കുന്ന സമയമാണ്. ഇറങ്ങിപ്പോകേണ്ടി വന്നതാണ്. ഇനി എന്തെങ്കിലും സംസാരിക്കണമെങ്കില്‍ ഞാന്‍ ചിലവാക്കിയ പൈസ എടുത്തുവെച്ചിട്ട് സംസാരിച്ചാല്‍ മതിയെന്ന് പുള്ളി പറഞ്ഞു. അതില്‍ ഞാന്‍ തകര്‍ന്നുപോയി. ഒന്നും പറയാനില്ലാതെ ആയിപ്പോയി. അങ്ങനെ ഞാനായിട്ട് ഇറങ്ങിയതാണ്,’ ധ്യാന്‍ ശ്രീനിവാസന്‍ പറഞ്ഞു.
സിനിമയില്‍ എത്തി പ്രതിഫലം കിട്ടി തുടങ്ങിയ ശേഷം പൈസ വല്ലതും തിരിച്ചുകൊടുത്തോ എന്ന ചോദ്യത്തിന് അങ്ങനെ ഒരു കണക്കുംവെച്ചിട്ടില്ലെന്നും ഇപ്പോഴും അവിടെ നിന്ന് എന്തെങ്കിലും ഇങ്ങോട്ട് കിട്ടുമോ എന്നാണ് നോക്കുകയെന്നുമായിരുന്നു ധ്യാനിന്റെ മറുപടി. (ചിരി).
‘അച്ഛന്‍-മകന്‍ ബന്ധം അങ്ങനെ അല്ലല്ലോ. പുള്ളി അത് പ്രതീക്ഷിക്കുന്നുമില്ല, നമ്മള്‍ കൊടുക്കുന്നുമില്ല. അവിടെ പ്രശ്‌നം തീര്‍ന്നു,’ ധ്യാന്‍ പറഞ്ഞു.
Content Highlight: Dhyan Sreenivasan about the conflict with sreenivasan