| Thursday, 31st October 2024, 5:56 pm

ഞാൻ ആസ്വദിച്ചും ഇഷ്ടപ്പെട്ടും കണ്ട ചേട്ടന്റെ അവസാന സിനിമ ആ നിവിൻ ചിത്രമാണ്: ധ്യാൻ ശ്രീനിവാസൻ

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

വിനീത് ശ്രീനിവാസന്‍ സംവിധാനം ചെയ്ത തിരയിലൂടെ സിനിമാലോകത്തേക്കെത്തിയ നടനാണ് ധ്യാന്‍ ശ്രീനിവാസന്‍. ചുരുങ്ങിയ കാലം കൊണ്ട് നിരവധി സിനിമകളുടെ ഭാഗമായ ധ്യാന്‍ ഗൂഢാലോചന എന്ന സിനിമയിലൂടെ തിരക്കഥാരചനയില്‍ തന്റെ കയ്യൊപ്പ് പതിപ്പിച്ചു. 2019ല്‍ പുറത്തിറങ്ങിയ ലവ് ആക്ഷന്‍ ഡ്രാമയിലൂടെ സംവിധാനവും തനിക്ക് വഴങ്ങുമെന്ന് ധ്യാന്‍ തെളിയിച്ചു.

ധ്യാനിനെയും പ്രണവ് മോഹന്‍ലാലിനെയും നായകന്മാരാക്കി വിനീത് ശ്രീനിവാസന്‍ സംവിധാനം ചെയ്ത് ഈ വര്‍ഷം പുറത്തിറങ്ങിയ ചിത്രമാണ് വര്‍ഷങ്ങള്‍ക്ക് ശേഷം. തിയേറ്ററില്‍ വലിയ വിജയമായ ചിത്രം ഒ.ടി.ടി റിലീസിന് ശേഷം വലിയ രീതിയില്‍ വിമര്‍ശിക്കപ്പെട്ടിരുന്നു. വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത സിനിമകളിൽ തനിക്കേറ്റവും ഇഷ്ടമുള്ള സിനിമയെ കുറിച്ച് സംസാരിക്കുകയാണ് ധ്യാൻ ശ്രീനിവാസൻ.

വിനീതിന്റെ സിനിമകളിൽ തനിക്കേറ്റവും ഇഷ്ടം തട്ടത്തിൻ മറയത്താണെന്നും തിയേറ്ററിൽ ഏറ്റവും ആസ്വദിച്ചു കണ്ട വിനീത് ശ്രീനിവാസൻ ചിത്രം തട്ടത്തിൻ മറയത്താണെന്നും ധ്യാൻ പറഞ്ഞു.

‘ചേട്ടന്റെ സിനിമകളിൽ എനിക്ക് ഏറ്റവും ഇഷ്ടമുള്ള ചിത്രം തട്ടത്തിൻ മറയത്ത് തന്നെയാണ്. ഏട്ടന് ഇത്രയും കഴിവുണ്ടായിരുന്നോ എന്നൊക്കെ എനിക്ക് തോന്നിയത് ആ ചിത്രം കണ്ടപ്പോഴാണ്.

കാരണം ആ സിനിമയെ കുറിച്ച് എനിക്കൊരു ഐഡിയയും ഇല്ലായിരുന്നു. അതിന്റെ ബേസ് ഐഡിയ മാത്രമേ എനിക്കുണ്ടായിരുന്നുള്ളൂ. അതിന്റെ ഷൂട്ട്‌ നടക്കുന്ന സമയത്തൊക്കെ ഞാൻ മാമനോടൊപ്പം പടം അസിസ്റ്റ് ചെയ്തുകൊണ്ടിരിക്കുകയാണ്.

ആ സമയത്താണ് തട്ടത്തിൻ മറയത്ത് റിലീസ് ആവുന്നത്. ഞാൻ കോഴിക്കോട് അപ്സരയിൽ വെച്ചാണ് പടം കാണുന്നത്. ഞാൻ തിയേറ്ററിൽ ചെന്ന് ഏറ്റവും ആസ്വദിച്ചും ഇഷ്ടപ്പെട്ടും കണ്ട ചേട്ടന്റെ അവസാന സിനിമ തട്ടത്തിൻ മറയത്താണ്. ഇപ്പോൾ 12 വർഷമായി,’ധ്യാൻ ശ്രീനിവാസൻ പറയുന്നു.

Content Highlight: Dhyan Sreenivasan About Thattathin Marayath Movie

We use cookies to give you the best possible experience. Learn more