കോളേജ് പഠിത്തം അവസാനിപ്പിച്ച് ചെന്നൈയിലെ ഫ്‌ളാറ്റില്‍ താമസിക്കുന്ന സമയത്ത് തന്നെ കാണാന്‍ വേണ്ടി പിതാവ് ശ്രീനിവാസന്‍ അവിടേക്ക് വന്നതിനെ കുറിച്ച് സംസാരിക്കുകയാണ് ധ്യാന്‍ ശ്രീനിവാസന്‍. തലേദിവസം സുഹൃത്തുക്കള്‍ക്ക് വേണ്ടി പാര്‍ട്ടി നടത്തിയിരുന്നുവെന്നും ആരും തിരികെ പോകാതെ അവിടെ തന്നെയുണ്ടായിരുന്നെന്നും ധ്യാന്‍ പറഞ്ഞു. അവിടേക്കാണ് ശ്രീനിവാസന്‍ എത്തിയത്, താന്‍ അച്ഛനെ കാണാന്‍ ഹോട്ടലില്‍ എത്തിയെന്ന് പറഞ്ഞ് അദ്ദേഹത്തെ പറ്റിച്ചെന്നും ധ്യാന്‍ പറഞ്ഞു. മൈല്‍സ്റ്റോണ്‍ മേക്കേഴ്‌സിന് നല്‍കിയ അഭിമുഖത്തിലാണ് ധ്യാന്‍ ഇക്കാര്യങ്ങള്‍ പറഞ്ഞത്.
‘അച്ഛന്‍ എന്നെ കാണാന്‍ ചെന്നൈയില്‍ എത്തി. ഞാന്‍ തലേന്ന് അവിടെയൊരു പാര്‍ട്ടി നടത്തിയിരുന്നു. അച്ഛന്‍ വിളിക്കുന്ന സമയത്ത്, രണ്ട് പെണ്‍പിള്ളേര്‍ സോഫയില്‍ കിടക്കുന്നുണ്ടായിരുന്നു. മുറിയില്‍ രണ്ട് ചെക്കന്മാരുമുണ്ടായിരുന്നു. വീടിന്റെ ഹാള്‍ മുഴുവനായി ഒരു പാര്‍ട്ടി മൂഡായിരുന്നു. അച്ഛന്‍ പിന്നെ വിളിച്ചപ്പോള്‍ ഞാന്‍ കുപ്പികള്‍ക്കിടയിലൂടെ ഫോണെടുത്തു. അപ്പോള്‍ അച്ഛന്‍ ചെന്നൈയിലുണ്ടെന്ന് പറഞ്ഞു. അതുകേട്ടപ്പോള്‍ ഞാനൊന്ന് ഞെട്ടി.
അച്ഛന്‍ ഫ്ളാറ്റിലേക്ക് വരാമെന്ന് പറഞ്ഞു. അതുവേണ്ട ഞാന്‍ അങ്ങോട്ട് വന്നോളാമെന്ന് പറഞ്ഞു. അങ്ങനെ ഞാന്‍ കുളിച്ച് റെഡിയായി ഒരെണ്ണം കൂടിയൊക്കെ അടിച്ച് പല്ലൊക്കെ തേച്ച് ഇറങ്ങാന്‍ നിന്നപ്പോല്‍ ഒരു ബെല്ലടി കേട്ടു. സംഭവം എന്താണെന്ന് വെച്ചാല്‍, ഒമ്പതരക്ക് ചെല്ലാമെന്ന് പറഞ്ഞ ഞാന്‍ തയ്യാറായി വന്നപ്പോള്‍ പത്തരയായി. ഫോണെടുത്ത് നോക്കുമ്പോഴാണെങ്കില്‍ പത്ത് മിസ്ഡ് കോള്‍ വന്നിട്ടുണ്ട്.
അപ്പോള്‍ എനിക്ക് മനസിലായി അച്ഛന്‍ പുറത്ത് വന്നിട്ടുണ്ടെന്ന്. ചുറ്റും ഒരു നാര്‍ക്കോട്ടിക് മൂഡാണല്ലോ അവിടെ. എല്ലാം കഴിഞ്ഞുവെന്ന് ഞാന്‍ വിചാരിച്ചു. ഡോര്‍ തുറന്ന് കഴിഞ്ഞാല്‍ എന്നെ കൊല്ലും. പതുക്കെ ബെല്ലടി തീര്‍ന്നപ്പോള്‍ ഞാന്‍ അങ്ങോട്ട് വിളിച്ചിട്ട് ചോദിച്ചു, ഞാന്‍ ഹോട്ടലിലെത്തിയിട്ടുണ്ട് ഏതാ അച്ഛന്റെ റൂം നമ്പറെന്ന്. അപ്പോള്‍ അച്ഛന്‍ ചൂടാകാന്‍ തുടങ്ങി.
നിന്റെ ബൈക്ക് താഴെയുണ്ടല്ലോ എന്ന് അച്ഛന്‍ ചോദിച്ചു. കൂട്ടുകാരന്റെ വണ്ടിയിലാണ് വന്നതെന്ന് ഞാന്‍ പറഞ്ഞു. എന്നിട്ട് ഫോണ്‍ കട്ട് ചെയ്തു. അപ്പോള്‍ ലിഫ്റ്റ് അടക്കുന്ന ശബ്ദം കേട്ടു. എങ്കിലും താഴേക്ക് ഇറങ്ങി ചെല്ലാന്‍ എനിക്ക് ടെന്‍ഷനുണ്ടായിരുന്നു. കാരണം പുള്ളി ഒരു അള്‍ട്രാ ലെജന്റായതുകൊണ്ട് പോകാന്‍ സാധ്യതയില്ലല്ലോ.
അപ്പോള്‍ ഉറങ്ങി കിടന്ന ഒരു പെണ്‍ സുഹൃത്തിനെ ഞാന്‍ വിളിച്ചെഴുന്നേല്‍പ്പിച്ചു. എന്നിട്ട് പറഞ്ഞു, താഴെ കുള്ളനായിട്ടുള്ള ആളുണ്ടാകും, ഒന്ന് നോക്കിയിട്ട് പറയാന്‍. അങ്ങനെ അവള്‍ താഴെ എത്തിപ്പോള്‍ അച്ഛന്‍ സെക്യൂരിറ്റിയോട് സംസാരിച്ചുകൊണ്ടിരിക്കുകയാണ്. ഞാന്‍ പറഞ്ഞു എവിടെയും പോകാതെ അവിടെ തന്നെ നില്‍ക്കാന്‍. എന്നിട്ട് ഞാന്‍ എന്റെ മറ്റൊരു സുഹൃത്തിനെ വിളിച്ചു. അവനോട് ഒരു ഹെല്‍മെറ്റുമായിട്ട് അങ്ങോട്ടേക്ക് വരാന്‍ പറഞ്ഞു.
എന്നിട്ട് ഞാന്‍ അവളെ വീണ്ടും വിളിച്ച് അച്ഛന്‍ പോയോ എന്ന് ചോദിച്ചു. ഇല്ലെന്ന് അവള്‍ പറഞ്ഞു. ഞാന്‍ ഇറങ്ങി വരുമ്പോള്‍ എന്നെ പൊക്കാന്‍ വേണ്ടി നില്‍ക്കുകയാണ്. ഈ ടെന്‍ഷനിടയില്‍ ഞാന്‍ രണ്ടെണ്ണം അടിക്കുകയും ചെയ്തു. എന്നിട്ട് ഞാന്‍ ഫോണെടുത്ത് അച്ഛനെ ഒരുതവണ കൂടി വിളിച്ചു. കുറേ നേരമായി കാത്തിരിക്കുന്നു അച്ഛന്‍ വരാറായോ എന്ന് ചോദിച്ചു. ഉടനെ അച്ഛന്‍ പറയുവാ. ഞാന്‍ ട്രാഫിക്കിലാണെന്ന്. ഇത് പറഞ്ഞ് ഞാന്‍ ഫോണ്‍കട്ട് ചെയ്തു.
വലിച്ച് കൊണ്ടിരുന്ന സിഗരറ്റൊക്കെ കളഞ്ഞ് പുള്ളി വണ്ടിയില്‍ കയറി പോയി. ഉടനെ അവള്‍ എന്നെ വിളിച്ച് കാര്യം പറഞ്ഞു. പിന്നെ ഞാന്‍ ബൈക്കില്‍ കയറി അങ്ങോട്ടേക്ക് പോയി. ഒരിക്കലും ചെന്നൈയിലെ ട്രാഫിക്കില്‍ ബൈക്കിനെ വെട്ടിച്ച് ഒരു കാറിനും പോകാന്‍ കഴിയില്ല. ആ സമയത്ത് ഞാന്‍ തിരുമലൈയിലെ വിജയ് ആണല്ലോ. അങ്ങനെ അച്ഛനേക്കാള്‍ പത്ത് മിനിട്ട് മുമ്പ് ഞാനെത്തി. പുള്ളി വന്നപ്പോള്‍ താമസിച്ചല്ലേ എന്ന് ഞാന്‍ ചോദിച്ചു. എന്ത് ചെയ്യാനാ ട്രാഫിക്കല്ലേ എന്ന് തിരിച്ച് പറഞ്ഞു. എന്ത് കള്ളത്തരമാണല്ലേ പറയുന്നത്. ശുദ്ധ കള്ളത്തരം മുഖത്ത് നോക്കി പറഞ്ഞ അച്ഛനൊണ്ട് എനിക്ക്,’ ധ്യാന്‍ പറഞ്ഞു.
content highlight: dhyan sreenivasan about sreenivasan