| Monday, 4th November 2024, 5:35 pm

ഞാൻ സിനിമയിലേക്ക് വരരുതെന്ന് ആഗ്രഹിച്ച ഒരാളാണ് അദ്ദേഹം: ധ്യാൻ ശ്രീനിവാസൻ

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

വിനീത് ശ്രീനിവാസന്‍ സംവിധാനം ചെയ്ത തിരയിലൂടെ സിനിമാലോകത്തേക്കെത്തിയ നടനാണ് ധ്യാന്‍ ശ്രീനിവാസന്‍. ചുരുങ്ങിയ കാലം കൊണ്ട് നിരവധി സിനിമകളുടെ ഭാഗമായ ധ്യാന്‍ ഗൂഢാലോചന എന്ന സിനിമയിലൂടെ തിരക്കഥാരചനയില്‍ തന്റെ കയ്യൊപ്പ് പതിപ്പിച്ചു. 2019ല്‍ പുറത്തിറങ്ങിയ ലവ് ആക്ഷന്‍ ഡ്രാമയിലൂടെ സംവിധാനവും തനിക്ക് വഴങ്ങുമെന്ന് ധ്യാന്‍ തെളിയിച്ചു.

ശ്രീനിവാസൻ മലയാളത്തിന് നിരവധി മികച്ച സിനിമകൾ സമ്മാനിച്ച വ്യക്തിയാണ്. വിനീത് ശ്രീനിവാസനും നിലവിൽ ശ്രദ്ധേയമായ സിനിമകൾ സമ്മാനിക്കുന്ന ഒരു സംവിധായകനാണ്. എന്നാൽ തനിക്ക് സിനിമയിലേക്ക് വരണമെന്ന് പറഞ്ഞപ്പോൾ വീട്ടിൽ നിന്ന് പുറത്തായെന്ന് പറയുകയാണ് ധ്യാൻ ശ്രീനിവാസൻ.

സിനിമയിൽ വന്നതിന് ശേഷം അച്ഛനോട് അധികം സംസാരിച്ചിട്ടില്ലെന്നും താൻ സിനിമയിൽ വരുന്നത് ശ്രീനിവാസന് ഇഷ്ടമല്ലായിരുന്നുവെന്നും ധ്യാൻ ശ്രീനിവാസൻ പറയുന്നു. ദി നെക്സ്റ്റ് 14 മിനിറ്റ്സിനോട് സംസാരിക്കുകയായിരുന്നു ധ്യാൻ ശ്രീനിവാസൻ.

‘സിനിമയിലേക്ക് വരണമെന്ന് പറഞ്ഞപ്പോഴാണ് സത്യത്തിൽ ഞാൻ വീട്ടിൽ നിന്ന് പുറത്താവുന്നത്. സിനിമയിൽ വന്നതിന് ശേഷം ഞാനും അച്ഛനും സംസാരിച്ചിട്ടേയില്ല. കാരണം ഞാൻ സിനിമയിൽ വരരുതെന്ന് ആഗ്രഹിച്ചയാളാണ് പുള്ളി.

ഇതൊരു സൈക്കിൾ പോലെയാണ്. അച്ഛന്റെ അച്ഛനോട്‌ സിനിമയിലേക്ക് പോണമെന്ന് പണ്ട് പറഞ്ഞിരുന്നെങ്കിൽ വലിയ പ്രശ്നമായേനെ. അതും കണ്ണൂർ തലശ്ശേരിയിലുള്ള ഒരാൾ 67ൽ ട്രെയിൻ കയറി ചെന്നൈയിലേക്ക് വന്നതാണ്.

അന്നൊന്നും അവരുടെ അടുത്ത് കൃത്യമായി പറഞ്ഞിട്ട് പോലുമില്ല. കാരണം പറഞ്ഞാൽ സിനിമയിൽ പോവാൻ സമ്മതിക്കില്ല. മദിരാശിയിൽ പോയി സിനിമ ചെയ്യുകയെന്ന് പറഞ്ഞാൽ അന്നൊക്കെ ഒരു അപൂർവ കാര്യമാണ്.

അങ്ങനെ തന്നെയായിരുന്നു എന്റെയും കഥ. പക്ഷെ ഇത് കുറച്ചുകൂടെ മോഡേൺ കാലമായി എന്നേയുള്ളൂ. വേറേ വ്യത്യാസമൊന്നുമില്ല,’ധ്യാൻ ശ്രീനിവാസൻ പറയുന്നു

Content Highlight: Dhyan Sreenivasan About Sreenivasan

We use cookies to give you the best possible experience. Learn more