| Wednesday, 24th July 2024, 3:49 pm

പടത്തിന്റെ ഷൂട്ട് നീളുമെന്ന് തോന്നിയത് കൊണ്ട് ജോഷി സാർ അജുവിന്റെ കഥാപാത്രത്തെ തട്ടി കളഞ്ഞു: ധ്യാൻ ശ്രീനിവാസൻ

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

കുഞ്ചാക്കോ ബോബന്‍, ആസിഫ് അലി, നിവിന്‍ പോളി, രജിത് മേനോന്‍, അജു വര്‍ഗീസ്, വിനീത് കുമാര്‍, മിഥുന്‍ രമേഷ് എന്നീ താരങ്ങളെ അഭിനയിപ്പിച്ച് ജോഷി സംവിധാനം ചെയ്ത സിനിമയായിരുന്നു സെവന്‍സ്.

സെവന്‍സ് ഫുട്ബോള്‍ കളിക്കുന്ന ഏഴ് യുവാക്കളെ പറ്റി പറയുന്ന സ്പോര്‍ട്സ് ആക്ഷന്‍ ചിത്രമായിരുന്നു ഇത്. സിനിമയില്‍ ഏഴുപേരില്‍ ഒരാള്‍ മരിക്കുന്നുണ്ട്. അജു വർഗീസ് അവതരിപ്പിക്കുന്ന കഥാപാത്രമാണ് ചിത്രത്തിൽ മരിക്കുന്നത്.

എന്നാൽ അജുവിന് പകരം രജിത് മേനോൻ അവതരിപ്പിച്ച കഥാപാത്രമാണ് ശരിക്കും മരിക്കേണ്ടിരുന്നതെന്നും അജു വർഗീസിനെ അഭിനയിപ്പിച്ചാൽ ഷൂട്ട്‌ നീളുമെന്ന് ജോഷിക്ക് അറിയാമായിരുന്നുവെന്നും നടൻ ധ്യാൻ ശ്രീനിവാസൻ തമാശരൂപേണ പറഞ്ഞു. സില്ലി മോങ്ക്സ് മോളിവുഡിനോട് സംസാരിക്കുകയായിരുന്നു താരം.

‘ജോഷി സാറിന്റെ സെവൻസ് എന്ന സിനിമയിൽ അജുവാണ് മരിക്കുന്നത്. ആ കഥാപാത്രത്തിന് ഒരു നന്മയും ഉള്ളതുകൊണ്ടല്ല അവനെ കൊന്നത്. ആ സിനിമയിലെ ഏഴുപേരിൽ ഒരാളാണ് അജു.

എന്റെ അറിവിൽ ജോഷി സാർ ഒരു ഗ്രൗണ്ടിൽ വെച്ച് സീൻ ഷൂട്ട്‌ ചെയ്യുകയാണ്. അതിൽ ഒരു ലോങ്ങ്‌ ഷോട്ട് എടുക്കുന്ന സമയത്ത് അജു ഫ്രെയിമിൽ ഇല്ല. ജോഷി സാർ അജുവിനെ കാണുന്നില്ല.

ജോഷി സാർ അപ്പോൾ അജുവിനെ ഫ്രെയിമിലേക്ക് കയറാനായി വിളിച്ചു. അജു വായെന്ന് പറഞ്ഞിട്ട്. പെട്ടെന്ന് ജോഷി സാർ നോക്കുമ്പോൾ അജുവിനെ കാണുന്നില്ല. കുറച്ച് കഴിഞ്ഞ് സാർ നോക്കുന്ന സമയത്ത്, അജു ജോഷി സാറിന്റെ പിന്നിൽ നിന്ന് സാർ എന്ന് വിളിക്കുന്നു.

സത്യത്തിൽ ജോഷി സാർ പറഞ്ഞത്, ഫ്രെയിമിന്റെ അകത്തേക്ക് വായെന്നായിരുന്നു. എന്നാൽ അജു ദൂരേന്ന് സൈഡിലൂടെ നടന്ന് വന്ന് സാറിന്റെ പിറകിൽ വന്ന് നിന്നു. എന്നിട്ട് ചോദിച്ചു, സാർ എന്നെ വിളിച്ചോയെന്ന്.

സത്യത്തിൽ രജത്തിനെയോ വേറേയാരെയോയാണ് ജോഷി സാർ കൊല്ലാൻ വിചാരിച്ചത്. പിറ്റേ ദിവസം തന്നെ അജുവിനെ തട്ടി കളഞ്ഞു. കാരണം, ഇവനെ ഇനിയും വെച്ച് കഴിഞ്ഞാൽ ഷൂട്ടിങ് ഡേയ്സ് ഇനിയും കൂടുമെന്ന് ജോഷി സാർ മുൻകൂട്ടി കണ്ടിരുന്നു,’ധ്യാൻ ശ്രീനിവാസൻ പറയുന്നു.

Content Highlight: Dhyan Sreenivasan About Role Of Aju Vargese In Sevens Movie

We use cookies to give you the best possible experience. Learn more