| Monday, 28th August 2023, 10:45 am

ആര്‍.ഡി.എക്‌സിനെ കുറിച്ച് ഗംഭീര അഭിപ്രായം കേട്ടു, വേറെ സിനിമയെ കുറിച്ചൊന്നും കേട്ടില്ല: ധ്യാന്‍ ശ്രീനിവാസന്‍

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

ഓണം റിലീസായി എത്തിയ സിനിമകളില്‍ ഗംഭീര അഭിപ്രായം കേട്ട ചിത്രം ആര്‍.ഡി.എക്‌സ് ആണെന്നും വേറെ സിനിമകളെ കുറിച്ചൊന്നും കേട്ടില്ലെന്നും നടന്‍ ധ്യാന്‍ ശ്രീനിവാസന്‍. വലിയ ഹൈപ്പില്‍ ഓണം റിലീസുകളായി എത്തിയ സിനിമകള്‍ കണ്ടോ എന്ന ചോദ്യത്തിനായിരുന്നു ധ്യാനിന്റെ മറുപടി. അച്ഛനൊരു വാഴ വെച്ചു എന്ന സിനിമയിലെ റോളിനെ കുറിച്ചും അല്ലു അര്‍ജുന് മികച്ച നടനുള്ള ദേശീയ അവാര്‍ഡ് ലഭിച്ചതിനെ തുടര്‍ന്നുള്ള വിവാദത്തെ കുറിച്ചുമെല്ലാം ധ്യാന്‍ സംസാരിച്ചു.

ഓണം റിലീസായി എത്തിയ ആര്‍.ഡി.എക്‌സ്, കൊത്ത, ബോസ് ആന്‍ഡ് കോ തുടങ്ങിയ ചിത്രങ്ങള്‍ സമ്മിശ്ര പ്രതികരണവുമായി തിയേറ്ററുകളില്‍ പ്രദര്‍ശനം തുടരുന്നുണ്ട്. സിനിമകള്‍ കണ്ടിരുന്നോ എന്ന ചോദ്യത്തിന് ഒരു സിനിമയും കണ്ടിട്ടില്ലെന്നും ആര്‍.ഡി.എക്‌സിനെ പറ്റി നല്ല അഭിപ്രായം കേട്ടെന്നും ബാക്കി ഒന്നിനെ കുറിച്ചും കേട്ടിട്ടില്ലെന്നുമായിരുന്നു ധ്യാനിന്റെ മറുപടി.

അല്ലു അര്‍ജുന്റെ അവാര്‍ഡിന് വിമര്‍ശനങ്ങള്‍ ഉയര്‍ന്നിരുന്നല്ലോ എങ്ങനെയാണ് ആ അവാര്‍ഡിനെ കാണുന്നത് എന്ന ചോദ്യത്തിന് താരത്തിന്റെ മറുപടിയിങ്ങനെ, ‘അല്ലു അര്‍ജുന് അവാര്‍ഡ് കിട്ടിയതില്‍ ഞാന്‍ എന്താണ് പറയേണ്ടത്. അതിന് പോരായ്മകളുണ്ടെന്നാണോ പറയുന്നത്. അവരൊക്കെ വലിയ വലിയ ആള്‍ക്കാരല്ലേ (ചിരി),’ എന്നായിരുന്നു ധ്യാനിന്റെ മറുപടി.

അച്ഛനൊരു വാഴവെച്ചു എന്ന ചിത്രത്തിലെ റോളിനെ കുറിച്ചുള്ള ചോദ്യത്തിനും ധ്യാന്‍ സംസാരിച്ചു. ‘അച്ഛനൊരു വാഴവെച്ചു എന്ന ചിത്രം നമ്മുടെ ഒരു സുഹൃത്താണ് സംവിധാനം ചെയ്തത്. അവന്‍ വിളിച്ച് ആവശ്യപ്പെട്ടപ്പോള്‍ അതില്‍ ചെറിയൊരു വേഷം ചെയ്തു. ഒരു കാമിയോ റോള്‍. പലരും വിചാരിക്കുന്നത് അച്ഛനൊരു വാഴ വെച്ചു എന്നത് എന്നെ ഉദ്ദേശിച്ചാണെന്നാണ്. അങ്ങനെയല്ല (ചിരി), ധ്യാന്‍ പറഞ്ഞു.

ഒരു ഓണാശംസ പറയാമോ എന്ന ചോദ്യത്തിന് നിങ്ങള്‍ ജയിലര്‍ കണ്ടില്ലേ, എന്റെ ജയിലറല്ല രജനിസാറിന്റെ ജയിലര്‍ എന്നായിരുന്നു ധ്യാനിന്റെ തഗ്ഗ്.

ഈ വര്‍ഷത്തെ ഓണാഘോഷത്തെ കുറിച്ചും താരം സംസാരിച്ചു. ഈ ഓണം ചേട്ടന്റെ കൂടെയായിരിക്കും. ചെന്നൈയില്‍ വെച്ച് ഓണം ആഘോഷിക്കാനാണ് തീരുമാനിച്ചത്. തിരുവോണ ദിനത്തിലാണ് ഓണാഘോഷം. ഒരു പതിനഞ്ച് വര്‍ഷത്തിന് ശേഷമാണ് ഞങ്ങള്‍ ഒരുമിച്ച് ഓണം ആഘോഷിക്കുന്നത്.

പത്ത് വര്‍ഷത്തിന് ശേഷം ചേട്ടന്റെ കൂടെ ഒരു സിനിമയും ചെയ്യാന്‍ പോകുകയാണ്. ഓണാഘോഷത്തില്‍ വിശാഖും അജുവും പ്രണവും സുചിത്ര ആന്റിയുമൊക്കെ ഉണ്ടാവും. എല്ലാവരും ഒന്നിച്ചുകൂടുന്ന ഒരു ഓണമാണ് പ്ലാന്‍ ചെയ്തത്.

ഓണത്തെ കുറിച്ച് എനിക്ക് അങ്ങനെ വലിയ ഓര്‍മകളൊന്നും ഇല്ല. ഓണത്തേക്കാള്‍ വിഷുവാണ് ഞങ്ങള്‍ കൂടുതലായി ആഘോഷിക്കുന്നത്. തിര സിനിമ കഴിഞ്ഞ ശേഷം അച്ഛന് ഒരു ഓണക്കോടി വാങ്ങിക്കൊടുത്തിരുന്നു. ആദ്യമായിട്ട് അച്ഛന് ഒരു സമ്മാനം നല്‍കിയത് അതാണ്. നമ്മള്‍ ജോലി ചെയ്ത പണം കൊണ്ട് വാങ്ങിയ ഓണക്കോടി. അന്ന് അച്ഛന്‍ ആ ഓണക്കോടിയിട്ടതൊക്കെ ഓര്‍മയുണ്ട്. പിന്നെ ഇക്കാലത്തൊക്കെ നമുക്ക് എന്നും ഓണമാണല്ലോ, ധ്യാന്‍ ശ്രീനിവാസന്‍ പറഞ്ഞു.

സ്വന്തം സംവിധാനത്തില്‍ ഒരുങ്ങുന്ന ചിത്രം 2025 ല്‍ പ്രതീക്ഷിക്കാമെന്നും അതിന് ശേഷം ഒരു തമിഴ് സിനിമയും ആലോചിക്കുന്നുണ്ടെന്നുമായിരുന്നു ധ്യാന്‍ പറഞ്ഞത്.

Content Highlight: Dhyan Sreenivasan about RDX King of kotha and Boss and co

We use cookies to give you the best possible experience. Learn more