രജിനികാന്തിന്റെ ജയിലര്‍ സിനിമയുടെ പേര് തന്നെ തന്റെ സിനിമയ്ക്കും വന്നതില്‍ തനിക്ക് യാതൊരു പങ്കുമില്ലെന്ന് നടന്‍ ധ്യാന്‍ ശ്രീനിവാസന്‍. എന്നാല്‍ പേരിനെച്ചൊല്ലിയുള്ള വിവാദം കാരണം തനിക്ക് കുറച്ചു ഹൈപ്പ് കിട്ടിയെന്ന് സമ്മതിക്കുകയാണ് താരം.
ജയിലറിന്റെ റിലീസ് ദിവസം തന്നെയായിരുന്നു തന്റെ ചിത്രത്തിന്റെയും റിലീസ് തീരുമാനിച്ചിരുന്നതെന്നും രജിനിസാറുമായുള്ള തന്റെ ബന്ധം ഇല്ലാതായിപോകുമെന്ന് കരുതി അച്ഛന്‍ വിട്ടേക്കാന്‍ പറഞ്ഞുവെന്നും സ്വയം ട്രോളിക്കൊണ്ട് താരം പറഞ്ഞു. കൗമുദി മൂവീസിന് നല്‍കിയ അഭിമുഖത്തില്‍ രഞ്ജിനി ഹരിദാസുമായി സംസാരിക്കുകയായിരുന്നു താരം.
രജിനിയുടെ ജയിലറിന്റെ റിലീസ് കാരണം തിയേറ്റര്‍ ലഭിക്കാത്തത് കൊണ്ടാണ് തന്റെ ചിത്രത്തിന്റെ റിലീസ് മാറ്റിവച്ചതെന്നും ധ്യാന്‍ സമ്മതിച്ചു.
രജനിയുടെ പടത്തിന് കയറാന്‍ ഉദ്ദേശിച്ചു വന്ന് പടം മാറിക്കേറാന്‍ താന്‍ പ്രയോഗിച്ച ഐഡിയ അല്ലേ ഇതെന്ന് പലരും ചോദിച്ചിട്ടുണ്ടെന്നും ധ്യാന്‍ പറഞ്ഞു.
‘എന്നോട് പലരും ചോദിച്ചിട്ടുണ്ട് ഇത് നിന്റെ ഐഡിയ അല്ലേ എന്ന്. അതാകുമ്പോള്‍ ശ്രദ്ധിക്കാതെ പോയിട്ട് പടം മാറി എന്റെ പടത്തിന് കേറുമല്ലോ എന്ന്. പിന്നെ പലരും പറഞ്ഞത് എന്താണെന്ന് വച്ചാല്‍ പടം അത്ര നല്ലതാണെങ്കില്‍ എന്തിനാണ് അതിന്റെ (രജനികാന്തിന്റെ ജയിലര്‍) കൂടെ റിലീസ് ചെയ്യുന്നത് എന്നാമ്. അതിന്റെ കൂടെ മുങ്ങിപ്പോയെന്ന് പിന്നീട് കാരണം പറയാമല്ലോ എന്ന്,’ ധ്യാന്‍ പറഞ്ഞു.
വര്‍ഷങ്ങള്‍ക്ക് ശേഷം, നദികളില്‍ സുന്ദരി യമുന എന്നിവയാണ് ധ്യാനിന്റെ പുറത്തിറങ്ങാനുള്ള ചിത്രങ്ങള്‍. താനും പ്രണവ് മോഹന്‍ലാലും ബേസില്‍ ജോസഫും നീരജ് മാധവും ഉള്‍പ്പെടുന്ന ഒരു നെപ്പോട്ടിസം പടമാണ് വര്‍ഷങ്ങള്‍ക്ക് ശേഷമെന്നും ധ്യാന്‍ പറഞ്ഞു. നെപ്പോട്ടിസത്തില്‍ ഉള്‍പ്പെടാത്ത നിവിന്‍ പോളിയും ചിത്രത്തിലുണ്ടെന്ന് ധ്യാന്‍ പറയുന്നു.
വിനീത് ശ്രീനിവാസന്‍ രചനയും സംവിധാനവും നിര്‍വഹിക്കുന്ന ‘വര്‍ഷങ്ങള്‍ക്ക് ശേഷം’ എന്ന സിനിമയില്‍ മലയാളത്തിലെ ഒരുപറ്റം യുവതാരങ്ങള്‍ അണിനിരക്കുന്നുണ്ട്.
ഹൃദയത്തിന് ശേഷം പ്രണവ് മോഹന്‍ലാലും കല്യാണി പ്രിയദര്‍ശനും വിനീത് ശ്രീനിവാസനും ഒന്നിക്കുന്ന ചിത്രത്തില്‍ നിവിന്‍ പോളിയും ശ്രദ്ധേയ വേഷത്തില്‍ എത്തുന്നുണ്ട്.
Content Highlight: Dhyan sreenivasan about rajinikanth jailer Movie and his movie