| Tuesday, 25th June 2024, 1:37 pm

ആ പടങ്ങളൊക്കെ തിയേറ്ററില്‍ എങ്ങനെ ഹിറ്റായെന്ന് ഞാന്‍ ആലോചിച്ചിട്ടുണ്ട്; എന്ന് നിന്റെ മൊയ്തീന്‍ എത്ര തവണ നിങ്ങള്‍ റിപ്പീറ്റ് കാണും: ധ്യാന്‍ ശ്രീനിവാസന്‍

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

തിയേറ്ററില്‍ വലിയ രീതിയില്‍ കളക്ട് ചെയ്ത പല പടങ്ങളും ഒ.ടി.ടിയില്‍ വലിയ ഡിസാസ്റ്ററുകളായി മാറിയിട്ടുണ്ടെന്ന് നടന്‍ ധ്യാന്‍ ശ്രീനിവാസന്‍. ഒ.ടി.ടിയില്‍ താന്‍ കണ്ടപ്പോള്‍ ചില ചിത്രങ്ങളൊക്കെ എങ്ങനെ തിയേറ്ററില്‍ ഹിറ്റായെന്ന് തോന്നിയിട്ടുണ്ടെന്നും ധ്യാന്‍ പറഞ്ഞു. വര്‍ഷങ്ങള്‍ക്കുശേഷം സിനിമയുടെ ഒ.ടി.ടി റിലീസിന് പിന്നാലെ വരുന്ന വിമര്‍ശനങ്ങളില്‍ മറുപടി പറയുകയായിരുന്നു ധ്യാന്‍. ഇമോഷണല്‍ ഡ്രാമകളൊന്നും റിപ്പീറ്റ് വാച്ച് ചെയ്യാന്‍ ആളുകള്‍ താത്പര്യപ്പെടില്ലെന്നും സൈന സൗത്ത് പ്ലസിന് നല്‍കിയ അഭിമുഖത്തില്‍ ധ്യാന്‍ പറഞ്ഞു.

‘ ഒ.ടി.ടി എന്ന് പറയുന്നത് കംപ്ലീറ്റ്‌ലി വേറൊരു പ്ലാറ്റ്‌ഫോമും വേറൊരു വ്യൂവിങ്ങുമാണ്. തിയേറ്ററില്‍ ബ്ലോക്ക്ബസ്റ്റര്‍ ആയിട്ടുള്ള പല സിനിമകളും ഒ.ടി.ടിയില്‍ വന്നിട്ട് അട്ടര്‍ ഫ്‌ളോപ്പായിട്ടുണ്ട്. അത്തരത്തില്‍ ഒട്ടും വര്‍ക്കാതെ പോയ വേറെയും സിനിമകള്‍ ഉണ്ട്. ഞാന്‍ ഇപ്പോള്‍ തിയേറ്ററില്‍ സിനിമ കാണാന്‍ പറ്റാത്ത അവസ്ഥയുള്ളതുകൊണ്ട് ഒ.ടി.ടിയില്‍ ഒരുപാട് സിനിമകള്‍ കാണുന്നുണ്ട്. ഇതെങ്ങനെ തിയേറ്ററില്‍ ഓടി എന്ന് കണ്‍ഫ്യൂസ്ഡ് ആയിട്ടുണ്ട്.

സിനിമ എന്നത് വിഷ്വലും സൗണ്ടുമാണ്. വലിയൊരു ആള്‍ക്കൂട്ടത്തിനൊപ്പമിരുന്ന് നമ്മള്‍ കാണുമ്പോള്‍ ഒരിക്കലും ചിരിവരാത്ത സ്ഥലത്തുപോലും നമ്മള്‍ ചിരിച്ചുപോകും. ഒരുമിച്ചിരിക്കുമ്പോള്‍ അത് വേറൊരു എനര്‍ജിയാണ്. അത് തിയേറ്ററില്‍ തന്നെ എക്‌സ്പീരിയന്‍സ് ചെയ്യേണ്ടതാണ്. അവിടെ ഈ ലാഗൊന്നും ഫീല്‍ ചെയ്യില്ല.

വീട്ടില്‍ നമ്മള്‍ പോസ് ചെയ്യുന്നു, നടന്നുവരുന്നു, തിരിച്ചുവന്ന് വീണ്ടും കാണുന്നു. ചില സിനിമകളൊക്കെ മൂന്നും നാലും ദിവസം എടുത്ത് നമ്മള്‍ കാണില്ലേ. തിയേറ്ററില്‍ അങ്ങനെ കാണാന്‍ കഴിയില്ലല്ലോ. വീട്ടിലാണെങ്കില്‍ നമ്മുടെ സൗകര്യത്തിന് പോസ് ചെയ്യുന്നു നിര്‍ത്തുന്നു പോവുന്നു. തിരിച്ചുവന്ന് കാണുമ്പോള്‍ കഥ നീങ്ങുന്നില്ലല്ലോ എന്ന് തോന്നും.

എന്നാല്‍ തിയേറ്ററില്‍ ആള്‍ക്കൂട്ടം തരുന്ന ഇമോഷന്‍സ് ഉണ്ടല്ലോ. പിന്നെ വര്‍ഷങ്ങള്‍ക്കുശേഷത്തെ കുറിച്ച് പറഞ്ഞാല്‍ ഇമോഷണല്‍ ഡ്രാമയാണ് ആ സിനിമ. ഡ്രാമ എങ്ങനെ ടിവിയില്‍ കണ്ടാലും നമുക്ക് ബോറടിക്കും. എന്നു നിന്റെ മൊയ്തീന്‍ എന്ന് പറയുന്ന സിനിമ തിയേറ്ററില്‍ നമ്മളൊക്കെ ആഘോഷിച്ചു കണ്ട സിനിമയാണ്. മ്യൂസിക്കും പരിപാടിയുമൊക്കെ ഗംഭീരമാക്കിയ സിനിമയാണ്.

ആ സിനിമ ടിവിയില്‍ എത്ര തവണ റിപ്പീറ്റ് വരും. എത്ര തവണ നമ്മള്‍ റിപ്പീറ്റ് കാണും. നമ്മള്‍ റിപ്പീറ്റ് കാണുന്നത് കൊമേഴ്ഷ്യല്‍ സിനിമകളും ഹ്യൂമറുമൊക്കെയാണ്. അതുപോലെ തിയേറ്ററില്‍ എക്‌സ്പീരിയന്‍സ് ചെയ്യുന്ന ഡ്രാമയൊന്നും നമുക്ക് വീട്ടില്‍ കണ്ടിരിക്കാന്‍ പറ്റില്ല. ലാഗുണ്ടാകും. ഇതെന്താ ഇത് നീങ്ങാത്തത് എന്ന് തോന്നും. ബോറടിക്കും.

ഓളമുള്ള ആവേശം പോലുള്ള സിനിമ ആയിക്കോട്ടെ അടി കപ്യാരെ പോലുള്ള സിനിമകളൊക്കെ എത്ര തവണ വേണമെങ്കിലും റിപ്പീറ്റ് കാണാം. കഥ പറയുമ്പോള്‍ എന്ന സിനിമ ഒരു ഡ്രാമയാണ്. ഞാന്‍ ഇപ്പോഴും അതിന്റെ ഫസ്റ്റ് ഹാഫൊന്നും കാണില്ല ലാസ്റ്റ് എത്തുന്ന പോര്‍ഷന്‍ കാണും. അതുവരെ കാണാന്‍ ഇഷ്ടമില്ല. അതുവരെ ലാഗാണ്,’ധ്യാന്‍ ശ്രീനിവാസന്‍ പറഞ്ഞു.

Content Highlight: Dhyan sreenivasan about OTT Flop Movies and Ennu Ninte Moideen

We use cookies to give you the best possible experience. Learn more